
തൃശൂർ : ക്രിസ്മസിനോടനുബന്ധിച്ചുള്ള സ്നേഹ സന്ദേശയാത്രയ്ക്കിടെ, ബി.ജെ.പി അദ്ധ്യക്ഷൻ കെ.സുരേന്ദ്രനിൽ നിന്ന് കേക്ക് വാങ്ങിയതിന് പിന്നാലെ മേയർ എം.കെ.വർഗീസിനെ രൂക്ഷവിമർശിച്ച് സി.പി.ഐ നെതാലും മുൻമന്ത്രിയുമായ വി.എസ്.സുനിൽ കുമാർ. കേരളത്തിൽ ഇത്രയും മേയർമാരുണ്ടായിട്ടും തൃശൂർ മേയർക്ക് മാത്രം വഴി തെറ്റി വന്നല്ല കെ.സുരേന്ദ്രൻ കേക്ക് കൊടുത്തത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർത്ഥിക്ക് സഹായകമാകുന്ന പ്രത്യക്ഷവും പരോക്ഷവുമായ നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. ചോറ് ഇവിടെയും കൂറ് അവിടെയുമാണെന്ന സ്ഥിതിയാണെന്നും.സുനിൽ കുമാർ പറഞ്ഞു.
അതേസമയം, മേയർ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്കായി പ്രവർത്തിച്ചുവെന്ന് പറയാനാകില്ലെന്ന് സി.പി.ഐ കൗൺസിലർ കെ.സതീഷ് ചന്ദ്രൻ പറഞ്ഞു. കേക്കിൽ രാഷ്ട്രീയം കാണേണ്ടതില്ലെന്ന് സി.പി.എം കൗൺസിലർ വർഗീസ് കണ്ടംകുളത്തിയും വിശദീകരിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം സുനിൽ കുമാർ മേയർക്കെതിരെ കടുത്ത വിമർശനമുന്നയിച്ചിരുന്നു. പിന്നാലെയാണ് ക്രൈസ്തവ വിഭാഗങ്ങളെ ലക്ഷ്യമിട്ട് ബി.ജെ.പി നടത്തിയ സ്നേഹസന്ദേശ യാത്രയിൽ കേക്ക് വിതരണം നടന്നത്.
ഇടതുപക്ഷത്ത്
തന്നെയെന്ന് മേയർ
സ്‌നേഹം പങ്കിടാൻ കേക്കുമായി വീട്ടിലേക്ക് വരുമ്പോൾ അകത്തേക്ക് കയറരുതെന്ന് പറയുന്ന സംസ്‌കാരം തനിക്കില്ലെന്ന് മേയർ എം.കെ.വർഗീസ് പ്രതികരിച്ചു. ഇടതുപക്ഷത്തിനൊപ്പം ഉറച്ചു നിൽക്കുന്നു. എം.എൽ.എയാകാനുള്ള ആഗ്രഹമില്ല.
കേക്ക് വാങ്ങിയതിന്റെ പേരിൽ ആ പ്രസ്ഥാനത്തിനൊപ്പം പോയെന്നാണോ?. സുനിൽകുമാറിന് എന്തും പറയാം. അദ്ദേഹം പുറത്തുനിൽക്കുകയാണ്. താൻ ഇടതുപക്ഷ ചട്ടക്കൂടിലും. താൻ ഇടതുപക്ഷത്തിന് ഒപ്പം നിന്നിട്ട് ബി.ജെ.പിക്കായി പ്രചാരണത്തിന് പോയോ എന്ന് സുനിൽ കുമാർ തെളിയിക്കണമെന്നും മേയർ മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു.