photo-

ചെറുതുരുത്തി: മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ സ്വപ്നമായിരുന്ന ചെറുതുരുത്തിയിലെ രംഗകലാ മ്യൂസിയം ഇന്നും മിഴി തുറക്കാതെ കിടക്കുന്നു. ഇന്ത്യയിലെ ദക്ഷിണ മേഖലയിലെ കലാരൂപങ്ങളെ കോർത്തിണക്കി ഒരു മ്യൂസിയം ആധുനിക സാങ്കേതിക വിദ്യകളെ പ്രയോജനപ്പെടുത്തി തുറക്കണമെന്ന അദ്ദേഹത്തിന്റെ ദീർഘവീക്ഷണത്തിന്റെ ഭാഗമായിരുന്നു ചെറുതുരുത്തിയിൽ കേരള കലാമണ്ഡലത്തിൽ സ്ഥാപിച്ച ദക്ഷിണേന്ത്യൻ രംഗകലാ മ്യൂസിയം. പ്രധാനമന്ത്രിയായിരുന്ന കാലത്ത് 2012ൽ 14 കോടിയോളം രൂപ ചെലവഴിച്ച് രംഗകലാ മ്യൂസിയം പണി തുടങ്ങിയത്. ഇതിന്റെ തറക്കല്ലിടലിന് അദ്ദേഹം നേരിട്ട് എത്തി. 2014ൽ അതിവേഗം പണി പൂർത്തീകരിച്ചെങ്കിലും പിന്നീട് ഫണ്ടിന്റെ അപര്യാപ്തത മൂലം മ്യൂസിയം മിഴി തുറന്നില്ല. പിന്നീട് വന്ന കേന്ദ്ര കേരള സർക്കാരുകൾ അതിനു വേണ്ടി ഒന്നും ചെയ്തില്ല. അന്ന് കേരളത്തെക്കുറിച്ചും കേരള കലാമണ്ഡലത്തിലെ കലകളെ കുറിച്ചും വാചാലനായിട്ടാണ് ഡോ. മൻമോഹൻ സിംഗ് വേദി വിട്ടത്. ഒരുപാട് വിമർശനങ്ങൾക്ക് ശേഷം ഈ വർഷം 9 കോടിയോളം രൂപ രംഗകലാ മ്യൂസിയത്തിനു വേണ്ടി വകയിരുത്തുകയും ജനുവരിൽ പണി പൂർത്തീകരിക്കുമെന്ന് പറഞ്ഞെങ്കിലും പണി എവിടെയും എത്തിയില്ല. അന്ന് ചെറുതുരുത്തിയിലെത്തിയ മൻമോഹൻ സിംഗ് ജ്യോതി എൻജിനീയറിംഗ് കോളേജിൽ എത്തുകയും നക്ഷത്ര വനം എന്ന പദ്ധതിക്ക് തുടക്കം കുറിക്കുകയും വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്യുകയും ചെയ്തു.