ചൂലിശ്ശേരി: വടക്കാഞ്ചേരി നിയോജകമണ്ഡലത്തിലെ ചൂലിശ്ശേരിയിൽ 33 കെ. വി. സബ് സ്റ്റേഷൻ സ്ഥാപിക്കാൻ 4.53 കോടി രൂപയുടെ ഭരണാനുമതി. ഇതോടെ ചൂലിശ്ശേരി, മുണ്ടൂർ, അവണൂർ, മെഡിക്കൽ കോളേജ്, കുറ്റൂർ, കൊട്ടേക്കാട്, കുന്നത്തുപീടിക പ്രദേശങ്ങളിൽ നേരിടുന്ന വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമാകും. നവീകരിച്ച പോൾ കാസ്റ്റിംഗ് യാർഡിനോട് ചേർന്ന് വൈദ്യുതി ബോർഡിന്റെ ഉടമസ്ഥതയിലുള്ള 120 സെന്റ് സ്ഥലത്താണ് സബ് സ്റ്റേഷൻ അനുവദിച്ചത്. രണ്ട് സർക്യൂട്ടുകളായി 2.6 കി.മീ. നീളത്തിൽ 33 കെ.വി ലൈനും ഒരു 5 എംവിഎ ട്രാൻസ്‌ഫോർമറും സ്ഥാപിച്ച് 33 കെ.വി. സബ്‌സ്റ്റേഷൻ നിർമ്മിക്കാനാണ് തീരുമാനം. ദീർഘനാളായുള്ള വൈദ്യുതി പ്രതിസന്ധി സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ നിയമസഭയിൽ ഉന്നയിച്ചും വൈദ്യുതി വകുപ്പ് മന്ത്രിയെ നേരിൽ കണ്ടുമാണ് 33 കെ.വി. സബ് സ്റ്റേഷൻ അനുമദി ലഭിച്ചത്. തൃശൂർ മെഡിക്കൽ കോളേജിന്റെ സമഗ്രവികസനത്തിനായ് മെഡിക്കൽ കോളേജ് കോമ്പൗണ്ടിലും 33 കെ.വി. സബ്‌സ്റ്റേഷൻ ഒരുക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.

തടസമില്ലാതെ വൈദ്യുതി

സബ്‌സ്റ്റേഷൻ സ്ഥാപിക്കുന്നതോടെ വാണിജ്യ, ഗാർഹിക, വ്യവസായിക ഉപഭോക്താക്കൾക്ക് തടസമില്ലാതെ ഗുണനിലവാരമുള്ള വൈദ്യുതി ലഭ്യമാകും. ഇവിടെ നിന്നും 3.5 കി.മീറ്ററുള്ള മെഡിക്കൽ കോളേജിന്റെ പ്രദേശങ്ങളിലേക്കും ചൂലിശ്ശേരി, കുറ്റൂർ, ആട്ടോർ, പോട്ടോർ, കൊട്ടേക്കാട്, എന്നീ പ്രദേശങ്ങളിലേക്കും ഈ സബ്‌സ്റ്റേഷൻ വഴി തടസമില്ലാതെ വൈദ്യുതി എത്തും. മുണ്ടൂർ വേളക്കോട്, അയ്യൻകുന്ന്, അത്താണി വ്യവസായ എസ്റ്റേറ്റുകളും ചെറുകിട വ്യവസായ യൂണിറ്റുകളും ഈ പരിധിയിലാണ് സ്ഥിതിചെയ്യുന്നത്.


33 കെ.വി. സബ്‌സ്റ്റേഷൻ നിർമ്മിക്കുന്നതിനാവശ്യമായ 4.53 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. സമഗ്ര വികസനത്തിന് ആവശ്യമായ പശ്ചാത്തല സൗകര്യങ്ങൾ ഒരുക്കുന്നതിനുള്ള ചുവടുവെപ്പാണ് യാഥാർത്ഥ്യമാകുന്നത്.

- സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ