kar

തൃശൂർ: ഏറ്റവും അടുപ്പമുണ്ടായിരുന്ന ലീഡർ കെ.കരുണാകരന്റെ സംസ്‌കാരച്ചടങ്ങിൽ പങ്കെടുക്കാൻ പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിംഗ് തൃശൂരിലെത്തിയതിന്റെ ഓർമയിന്നും നേതാക്കളിൽ നിന്ന് മാഞ്ഞിട്ടില്ല. 2010 ഡിസംബർ 23ന് അന്തരിച്ച കെ.കരുണാകരന്റെ സംസ്‌കാരം 25നായിരുന്നു. പ്രധാനമന്ത്രി മൻമോഹൻസിംഗിന് സംസ്‌കാരച്ചടങ്ങിൽ പങ്കെടുക്കണമെന്ന കാരണത്താൽ സംസ്‌കാരം വൈകീട്ടാക്കി. നെടുമ്പാശേരിയിൽ വിമാനമിറങ്ങിയ മൻമോഹൻസിംഗ് റോഡ് മാർഗം തൃശൂർ ടൗൺ ഹാളിലെത്തി കരുണാകരന് അന്ത്യോപചാരം അർപ്പിച്ചു. കരുണാകരനും മൻമോഹൻസിംഗുമായുണ്ടായ ബന്ധമായിരുന്നു അദ്ദേഹത്തെ തൃശൂരിലെത്തിച്ചത്.


പി.വി.നരസിംഹറാവുവിനെ പ്രധാനമന്ത്രിയാക്കുന്നതിൽ കിംഗ് മേക്കറായി ഡൽഹിയിൽ പ്രവർത്തിച്ചതിനൊപ്പം മൻമോഹൻ സിംഗിനെ ധനമന്ത്രിയാക്കുന്നതിലും ലീഡറുടെ പങ്കുണ്ടായിരുന്നു. അങ്ങനെയാണ് മൻമോഹൻസിംഗ് ലീഡറുമായി അടുക്കുന്നത്. പിന്നീട് ലീഡർ കേന്ദ്ര നേതാക്കളുമായി ഇടയുകയും പുതിയ പാർട്ടി രൂപീകരിക്കുകയും ചെയ്‌തെങ്കിലും തിരിച്ച് കോൺഗ്രസിലെത്തിക്കാനും സീനിയർ നേതാവെന്ന ആദരവോടെ പെരുമാറാനും മൻമോഹൻ സിംഗ് ശ്രമിച്ചിരുന്നു. രണ്ട് നേതാക്കളുടെയും മരണം ഡിസംബറിലെ അടുത്ത ദിവസങ്ങളിലായെന്നതും യാദൃശ്ചികമായി.