cake

തൃശൂർ : മേയർ എം.കെ.വർഗീസിനെതിരെ ചോറ് ഇവിടെയും കൂറ് അവിടെയുമെന്ന വി.എസ്.സുനിൽ കുമാറിന്റെ പരാമർശത്തിൽ എൽ.ഡി.എഫിലും ഭിന്നത. മേയറുടെ നിലപാടിനെ സി.പി.എം ശരിവയ്ക്കുമ്പോൾ സി.പി.ഐ കൗൺസിലറും മേയറെ അനുകൂലിച്ചത് ഭിന്നത വെളിച്ചത്ത് കൊണ്ടുവന്നു. സി.പി.എം നേതാവ് വർഗീസ് കണ്ടംകുളത്തിയും മേയറെ പിന്തുണച്ചിരുന്നു,

മേയറെ കാണാൻ സുരേന്ദ്രനെത്തിയത് ആസൂത്രിതമാണെന്നായിരുന്നു സുനിൽ കുമാറിന്റെ വിമർശനം. ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയിൽ എൽ.ഡി.എഫിനേറ്റ പരാജയത്തിൽ മേയർക്കും പങ്കുണ്ടെന്ന രൂക്ഷവിമർശനവും സുനിൽകുമാർ ഉയർത്തിയിരുന്നു.

ക്രിസ്മസ് ദിനത്തിൽ ബി.ജെ.പി സംസ്ഥാന-ജില്ലാ അദ്ധ്യക്ഷന്മാരായ കെ.സുരേന്ദ്രനും കെ.കെ.അനീഷ് കുമാറും ബിഷപ്പ് മാർ ആൻഡ്രൂസിനെയും മേയർ എം.കെ.വർഗീസിനെയും സന്ദർശിച്ച് കേക്ക് നൽകിയിരുന്നു. ഇതിനെതിരെയാണ് സുനിൽ കുമാർ രംഗത്തെത്തിയത്. വീട്ടിൽ കയറി വരുന്നവരോട് കടന്നുപോകാൻ പറയുന്ന സംസ്‌കാരമല്ലെന്ന മറുപടിയുമായി മേയർ എം.കെ.വർഗീസും പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തോൽവിയിൽ മേയർക്കെതിരെ പരസ്യവിമർശമുന്നയിച്ച സി.പി.ഐ ഇപ്രാവശ്യം സുനിൽകുമാറിനെ കൈവിട്ടു. കേക്ക് വിഷയത്തിൽ സി.പി.ഐ ജില്ലാ നേതൃത്വത്തിന് അത്തരമൊരു നിലപാടില്ലെന്ന് ജില്ലാ സെക്രട്ടറി കെ.കെ.വത്സരാജ് തന്നെ വ്യക്തമാക്കി.


സുനിൽ കുമാർ തന്റെ അടുത്ത് വന്നില്ല

കഴിഞ്ഞ തിരഞ്ഞെടുപ്പ് സമയത്ത് ഇതുപോലെ സുരേഷ് ഗോപി വന്നെന്നും അദ്ദേഹത്തിന് ഒരു ചായ കൊടുത്തത് ഇത്ര വലിയ തെറ്റാണോയെന്നും മേയർ ചോദിച്ചു. എന്നാൽ സുനിൽ കുമാർ വന്നില്ല. എന്നിട്ട് പറയുന്നു അദ്ദേഹം ആയിരം കോടി ചെലവ് ചെയ്തിട്ടുണ്ട്. മേയർ അത് പറഞ്ഞില്ലെന്ന്. ഞാൻ പറയണമെങ്കിൽ എന്റെ അടുത്ത് വരണ്ടേ. റോഡിൽ ഇറങ്ങി നിന്ന് പറയാൻ പറ്റുമോ?. സുനിൽ കുമാർ ആയിരം കോടി ചെലവ് ചെയ്തുവെന്ന് പറയാൻ ഒരു വേദി അദ്ദേഹം ഉണ്ടാക്കിയില്ലെന്നും മേയർ പറഞ്ഞു.


ഞാൻ ക്രിസ്ത്യാനിയാണ്. സ്‌നേഹം പങ്കിടുന്നവരാണ്. നാല് വർഷക്കാലമായി ഞാൻ കേക്ക് എല്ലാ രാഷ്ട്രീയ പാർട്ടിക്കാരുടെയും ഓഫീസിലെത്തിക്കാറുണ്ട്. സർക്കാർ സ്ഥാപനങ്ങളിലുമെത്തിക്കും. ഇന്നുവരെ മുടക്കിയിട്ടില്ല

എം.കെ.വർഗീസ്

മേയർ


കേക്ക് വാങ്ങിയ കാര്യത്തിൽ രാഷ്ട്രീയം കാണേണ്ട സാഹചര്യമില്ല. മേയർ ഇടതുപക്ഷത്ത് തന്നെയെന്ന് തറപ്പിച്ച് പറഞ്ഞിട്ടുണ്ട്. അവിശ്വസിക്കേണ്ട കാര്യമില്ല.


വർഗീസ് കണ്ടംകുളത്തി

സി.പി.എം കൗൺസിലർ

വി.എസ് സുനിൽകുമാറിനെ പോലെയുള്ളവർ കുത്തിത്തിരിപ്പിന് ശ്രമിക്കുകയാണ്. വെറുപ്പിന്റെ രാഷ്ട്രീയം പ്രകടിപ്പിക്കാനാണ് സുനിൽ കുമാർ ശ്രമിക്കുന്നത്. സുനിൽകുമാർ വെറുപ്പിന്റെ രാഷ്ട്രീയം വെച്ചുപുലർത്തുന്നത് ഉചിതമായില്ല. അദ്ദേഹം സ്വീകരിക്കുന്ന എല്ലാ നിലപാടും ഇത്തരത്തിലുള്ളതാണ്.

കെ.കെ.അനീഷ് കുമാർ

ബി.ജെ.പി ജില്ലാ പ്രസിഡന്റ്