തൃശൂർ: കഴിഞ്ഞയാണ്ടിലെ പൂരം പെയ്‌തൊഴിഞ്ഞിട്ടും വിവാദം പെയ്യുന്നതിനിടെ അടുത്ത പൂരത്തിനുള്ള ഒരുക്കങ്ങളുമായി പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾ. ആശങ്കകൾക്കിടെ ആനയെഴുന്നള്ളിപ്പിൽ സുപ്രീം കോടതി വിധി അനുകൂലമായെത്തിയതോടെയാണ് 2025ലെ പൂരം കെങ്കേമമാക്കാൻ ദേവസ്വങ്ങൾ രംഗത്തിറങ്ങിയത്. പൂരത്തിന് മുന്നോടിയായുള്ള പൂരം പ്രദർശനത്തിനുള്ള ഒരുക്കമാരംഭിക്കുകയും ഭാരവാഹികളെ തെരഞ്ഞെടുക്കുകയും ചെയ്തു. മേയ് ആറിനാണ് പൂരം. ഒരുക്കത്തിന് ഇനിയുള്ളത് നാലു മാസമാണ്. ഒരു പൂരം കഴിഞ്ഞാൽ അധികം വൈകാതെ അടുത്തപൂരത്തിനുള്ള ഒരുക്കം തുടങ്ങാറുണ്ട്. ഇത്തവണ അതിനായില്ല. നെറ്റിപ്പട്ടങ്ങൾ ഉണ്ടാക്കുക, വെഞ്ചാമരം പുതിയത് വരുത്തുക, മേളക്കാരെയും ആനകളെയും ഏൽപ്പിക്കുക തുടങ്ങിയവയൊക്കെ നേരത്തെ ചെയ്യുന്നതാണ്. അതേസമയം കേന്ദ്രത്തിന് കീഴിലെ പെസോയുടെ (പെട്രോളിയം ആൻഡ് എക്സ് പ്ളൊസീവ് സേഫ്‌റ്റി ഓർഗനൈസേഷൻ) നിർദ്ദേശങ്ങളുമായി ബന്ധപ്പെട്ട് വെടിക്കെട്ടിൽ ആശങ്ക നിലവിലുണ്ട്. ഈ മാനദണ്ഡപ്രകാരം ഇരുദേവസ്വങ്ങളുടെയും വേലയ്ക്കുള്ള വെടിക്കെട്ടിന് അനുമതി നിഷേധിക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം കഴിഞ്ഞപൂരം അലങ്കോലമാക്കിയതിന്റെ കാരണക്കാരെ തേടിയുള്ള അന്വേഷണം ഇനിയും എവിടെയും എത്തിയിട്ടില്ല. എ.ഡി.ജി.പി എം.ആർ.അജിത്കുമാർ അന്വേഷിച്ച റിപ്പോർട്ട് തിരുവമ്പാടിയെ കുറ്റപ്പെടുത്തിയുള്ളതായിരുന്നു. ഈ റിപ്പോർട്ട് തള്ളിയാണ് മുഖ്യമന്ത്രി ത്രിതല അന്വേഷണം നടത്തുന്നത്.

വെടിക്കെട്ട് നടക്കുമോ ?

വെടിക്കെട്ടിന്റെ കാര്യത്തിൽ ഇനിയും തീരുമാനം പറയാറായിട്ടില്ല. പെസോ നിയമം കർശനമാക്കിയതോടെ 200 മീറ്റർ അകലത്തിലേ നിൽക്കാനാകൂ. സ്വരാജ് റൗണ്ടിന്റെ പരിസരത്ത് പോലും നിൽക്കാനാകില്ല. ഇതിനെ മറികടക്കാൻ വല്ല വഴിയുമുണ്ടോയെന്ന് നോക്കാൻ സുരേഷ് ഗോപി എം.പി. നേരിട്ടെത്തി തേക്കിൻകാട് മൈതാനം അളന്ന് നോക്കുകയും ഉദ്യോഗസ്ഥന്മാരുമായി സംസാരിക്കുകയും ചെയ്‌തെങ്കിലും തീരുമാനത്തിലെത്തിയിട്ടില്ല.

പൂരം ഭംഗിയായി നടത്തും

തൃശൂർ പൂരം ഭംഗിയായി നടത്താനുള്ള ഒരുക്കങ്ങൾക്ക് തുടക്കം കുറിച്ചിട്ടുണ്ട്. ഇനി വിവാദങ്ങളുടെ പിന്നാലെ പോയിട്ട് കാര്യമില്ല. അടുത്ത പൂരത്തിരക്കിലേക്ക് കടക്കാനാണ് തിരുവമ്പാടിയുടെ തീരുമാനം.

കെ. ഗിരീഷ്‌കുമാർ
സെക്രട്ടറി,
തിരുവമ്പാടി ദേവസ്വം

പൂരത്തിന്റെ എല്ലാ തടസങ്ങളും നീങ്ങി. വിവാദങ്ങളുടെ പൂരം അവിടെ നടന്നോട്ടെ. യഥാർത്ഥ പൂരത്തിനുള്ള ഒരുക്കം ആരംഭിച്ചു കഴിഞ്ഞു. ആനയെഴുന്നള്ളിപ്പിന്റെ പ്രതിസന്ധി മാറിയതോടെ വലിയ ആശ്വാസമായി.

ജി. രാജേഷ്
സെക്രട്ടറി,
പാറമേക്കാവ് ദേവസ്വം.