എടതിരിഞ്ഞി : എടതിരിഞ്ഞി വില്ലേജിലെ ന്യായവില നിർണയത്തിലുള്ള അപാകതകൾ പരിഹരിക്കുന്നതിന് ജനുവരി മൂന്നിന് അദാലത്ത് നടത്തും. മന്ത്രി കെ. രാജന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിലാണ് തീരുമാനം. മന്ത്രി ഡോ. ആർ. ബിന്ദു അദാലത്ത് ഉദ്ഘാടനം ചെയ്യും. മുകുന്ദപുരം ഭൂരേഖ തഹസിൽദാർ എം.ആർ. രാജേഷ് അദ്ധ്യക്ഷനാകും. പൊതുജനങ്ങളിൽ നിന്നും അപ്പീൽ അപേക്ഷകൾ ജനുവരി മൂന്നിന് 11 മണിക്ക് എടതിരിഞ്ഞി എച്ച്.ഡി.പി സമാജം ഹാളിൽ വച്ച് നടത്തുന്ന അദാലത്തിൽ നേരിട്ട് സ്വീകരിക്കും. എടതിരിഞ്ഞി വില്ലേജ് ചാർജ് ഓഫീസറും ഡെപ്യൂട്ടി തഹസിൽദാരുമായ പി. രാമചന്ദ്രന്റെ നേതൃത്വത്തിലാണ് അപ്പീൽ അപേക്ഷകൾ സ്വീകരിക്കുക. നാല്, ആറ് തീയതികളിൽ എടതിരിഞ്ഞി വില്ലേജ് ഓഫീസിൽ പ്രത്യേക ക്യാമ്പയിൻ മുഖേനയും അപേക്ഷ സ്വീകരിക്കും. പരാതിക്കാർക്ക് നിശ്ചിത ഫോറത്തിൽ 50 രൂപയുടെ കോർട്ട് ഫീ സ്റ്റാമ്പ്, 100 രൂപയുടെ ലീഗൽ ബെനഫിറ്റ് സ്റ്റാമ്പ് എന്നിവ പതിച്ച നികുതി രസീത്, ആധാരം എന്നിവയുടെ പകർപ്പ് സഹിതം അപേക്ഷ സമർപ്പിക്കാമെന്ന് തഹസിൽദാർ അറിയിച്ചു.