തൃശൂർ: തെരുവു നായകളുടെ ശല്യം രൂക്ഷമായ സാഹചര്യത്തിൽ ചാവക്കാടും മാളയിലും വന്ധ്യംകരണ കേന്ദ്രങ്ങൾ ഒരുങ്ങുന്നു. ചാവക്കാട് നഗരസഭയ്ക്ക് കീഴിലെ കേന്ദ്രം ഫെബ്രുവരിയിലും മാള ബ്ലോക്കിൽ നാലുമാസത്തിനുളളിലും തുറക്കും. എന്നാൽ വടക്കാഞ്ചേരി നഗരസഭയിൽ ആരംഭിക്കാൻ ലക്ഷ്യമിട്ടിരുന്നെങ്കിലും നടപ്പായില്ല. പല സ്ഥലങ്ങളിലും പ്രാദേശിക എതിർപ്പുകൾ മൂലം സ്ഥലം കണ്ടെത്താൻ സാധിച്ചിട്ടില്ല. ജില്ലാ പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ചാണ് വടക്കാഞ്ചേരി ഉൾപ്പെടെ മൂന്നിടങ്ങളിലും എ.ബി.സി. കേന്ദ്രങ്ങൾ തുടങ്ങുന്നത്. മൂന്നു മാസത്തിനുള്ളിൽ പ്രവർത്തനം ആരംഭിക്കാൻ കഴിഞ്ഞ വർഷം ജൂണിൽ തീരുമാനിച്ചെങ്കിലും പല കാരണങ്ങളാൽ വൈകി. ചാവക്കാട് മൃഗാശുപത്രിയോട് ചേർന്നുളള കേന്ദ്രം നിർമ്മാണം ഏകദേശം പൂർത്തിയായി. മാളയിൽ അമ്പത് ശതമാനത്തിലേറെ പണി പൂർത്തിയായി.

അവധിക്കാലത്ത് നിറഞ്ഞ് മാലിന്യം

ക്രിസ്മസ്, പുതുവത്സര ആഘോഷത്തിന്റെ ഭാഗമായി മാലിന്യങ്ങൾ നഗരകേന്ദ്രങ്ങളിൽ കുന്നുകൂടിയതോടെ ഇവ ഭക്ഷിക്കുന്നതിനായ് തെരുവു നായകൾ തമ്പടിക്കുകയാണ്. രാത്രി കാലങ്ങളിലാണ് ശല്യം രൂക്ഷമാകുന്നത്. തൃശൂരിൽ കെ.എസ്.ആർ.ടി.സി സ്റ്റാൻഡുകളിലും റെയിൽവേസ്റ്റേഷനുകളിലും മാർക്കറ്റുകളിലും നായകളുടെ എണ്ണം വർദ്ധിച്ചു.

തുടക്കത്തിലേ മുടങ്ങിയ എൻഡ്

തെരുവു നായക്കുട്ടികളിലെ ഏർളി ന്യൂട്ടറിംഗ് ഇൻ ഡോഗ്സ് (എൻഡ്) 14 വർഷം മുൻപ് ഫലം കണ്ട പദ്ധതിയായിരുന്നു. പെൺനായകളിൽ അണ്ഡാശയം നിലനിറുത്തുകയും ഗർഭപാത്രത്തിന്റെ ട്യൂബുകൾ മുറിച്ചു മാറ്റുകയും ആൺനായകളിൽ വാസക്ടമിയിലൂടെ ബീജത്തിന്റെ പ്രവാഹം തടയുകയും ചെയ്യുന്ന പദ്ധതിയാണിത്. തെരുവുനായക്കുട്ടികളെ വന്ധ്യംകരിച്ച് പ്രതിരോധ കുത്തിവയ്പ് കൊടുത്ത് വീട്ടിൽ വളർത്താൻ നൽകി തെരുവുനായ നിയന്ത്രണം ഫലപ്രദമാക്കാനാകും. പക്ഷേ, പല കാരണങ്ങളാൽ ഇത് തുടക്കത്തിലേ അവസാനിപ്പിച്ചിരുന്നു.

കേന്ദ്രത്തിൽ വേണ്ടത്:
നായകളെ പാർപ്പിക്കാനുളള കൂടുകൾ: അമ്പത്.
ഓപ്പറേഷൻ തിയേറ്റർ, പ്രീ ഓപ്പറേറ്റീവ് വാർഡ്, പോസ്റ്റ് ഓപ്പറേറ്റീവ് വാർഡ്, കിച്ചൻ, വാഷ് റൂം, നായകളെ കൊണ്ടുവിടാൻ വാഹനം, ഡോക്ടറും നഴ്സും അറ്റൻഡറും അടക്കം അഞ്ച് ജീവനക്കാർ

തെരുവുനായകളുടെ നിയന്ത്രണം തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടേതാണെങ്കിലും അതിനുളള സഹായം നൽകാൻ ജില്ലാ പഞ്ചായത്ത് തയ്യാറാണ്. പ്രാദേശികമായ എതിർപ്പുകൾ പലയിടത്തുമുണ്ട്. അമ്പത് സെന്റെങ്കിലും സ്ഥലമുണ്ടെങ്കിൽ കേന്ദ്രം തുടങ്ങാനാവും.

വി.എസ്.പ്രിൻസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്