ഉദ്ഘാടനം 31ന്
തൃശൂർ: നഷ്ടത്തെ തുടർന്ന് കാൽ നൂറ്റാണ്ട് മുമ്പ് പൂട്ടിയ കെ.എസ്.ഇ.ബിയുടെ ചൂലിശ്ശേരി പോൾ കാസ്റ്റിംഗ് യാർഡിന് പുനർജന്മം. യാർഡിൽ ഇലക്ട്രിക് പോസ്റ്റുകളുടെ നിർമ്മാണം ആരംഭിക്കുന്നതോടെ കെ.എസ്.ഇ.ബിക്ക് കൂടുതൽ ചെലവിൽ തമിഴ്‌നാട്ടിൽ നിന്ന് പോസ്റ്റുകൾ എത്തിക്കേണ്ടിവരില്ല. വൈദ്യുതി വിതരണവും കാര്യക്ഷമമാകും.
ടെൻഡർ ക്ഷണിച്ചാണ് നിർമ്മാണം.ജില്ലയിൽ പുതിയ കണക്ഷനുകൾക്ക് പ്രതിമാസം നാലായിരത്തോളം അപേക്ഷ ലഭിക്കാറുണ്ട്. പോസ്റ്റുകളുടെ കുറവ് മൂലം ഉപഭോക്താക്കൾക്ക് കാത്തിരിക്കേണ്ട അവസ്ഥ ഉണ്ടാകില്ല. യാർഡിന്റെ ഉദ്ഘാടനം 31ന് രാവിലെ 11ന് യാർഡിൽ വച്ച് മന്ത്രി കെ.കൃഷ്ണൻകുട്ടി നിർവഹിക്കും. സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ അദ്ധ്യക്ഷനാകും. കെ.രാധാകൃഷ്ണൻ എം.പി മുഖ്യാതിഥിയാകും. വാർത്താസമ്മേളനത്തിൽ സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ, ഷാജു എം.എ, സാദിക്ക്, സന്തോഷ് പി.കെ, ലിസി കെ. ഡേവിസ് എന്നിവർ പങ്കെടുത്തു.
വരും സബ് സ്റ്റേഷനുകളും
യാർഡിലെ ബാക്കി സ്ഥലം പ്രയോജനപ്പെടുത്തി 33 കെ.വി. സബ് സ്റ്റേഷൻ തുടങ്ങാൻ 4.53 കോടിയുടെ ഭരണാനുമതി ലഭിച്ചെന്ന് സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ അറിയിച്ചു. ഗവ. മെഡിക്കൽ കോളേജിന് ഉൾപ്പെടെ പ്രയോജനപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് സബ് സ്റ്റേഷൻ നിർമ്മാണം. അമ്മയും കുഞ്ഞും, സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കുകൾ എന്നിവയുടെ നിർമ്മാണം പൂർത്തിയാകുന്നതോടെ വൈദ്യുതി ആവശ്യം വർദ്ധിക്കും. ഒപ്പം സമീപത്തെ സംരംഭങ്ങൾക്കും പ്രയോജനമാകും.
ചൂലിശ്ശേരി യാർഡിന്റെ പ്രത്യേകത
പ്രതിമാസം ഉണ്ടാക്കാവുന്ന പോസ്റ്റുകൾ
എട്ട് മീറ്ററിന്റെ 1440
ഒമ്പത് മീറ്ററിന്റെ 384