അത്താണി : സാഹിത്യം ജീവിതത്തിന്റെ മാനുവലാണെന്നും, മനുഷ്യജീവിതങ്ങൾ വേരുറച്ച് നിൽക്കുന്നത് സാഹിത്യത്തിലാണെന്നും ഹിന്ദി എഴുത്തുകാരി മധു കാങ്കരിയ. ദക്ഷിണേന്ത്യൻ ഹിന്ദി സാഹിത്യസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. മാനവികതയെ കൂടുതൽ മികച്ചതാക്കാനുള്ള ഉത്തരവാദിത്തമാണ് സാഹിത്യം ഏറ്റെടുത്തിരിക്കുന്നതെന്നും കൂട്ടിച്ചേർത്തു. സാഹിത്യകാരനും, ഭോപ്പാൽ രവീന്ദ്രനാഥ് ടാഗോർ സർവകലാശാലാ ചാൻസലറുമായ സന്തോഷ് ചൗബേ മുഖ്യപ്രഭാഷണം നടത്തി. സംഘാടക സമിതി ചെയർമാൻ ഡോ:കെ.ജി.പ്രഭാകരൻ അദ്ധ്യക്ഷനായി. സാഹിത്യ അക്കാഡമി മുൻ സെക്രട്ടറി ഡോ.പി.വി.കൃഷ്ണൻ നായർ, സമിതി ജനറൽ കൺവീനർ ഡോ.വി.ജി.ഗോപാലകൃഷ്ണൻ, കോർഡിനേറ്റർ പി.ഡി.ആന്റോ സംസാരിച്ചു. ഹിന്ദി പണ്ഡിതന്മാരായ ഏഴു പേരെ ആദരിച്ചു. പ്രതിനിധികൾ രചിച്ച പുസ്തകങ്ങളും, ജൻ വികൽപ് ജേണലിന്റെ 18ാം ലക്കവും പ്രകാശനം ചെയ്തു. വിവിധ സംസ്ഥാനങ്ങളിൽ നിന്ന് 150ൽ അധികം പ്രതിനിധികൾ പങ്കെടുത്തു.