photo-
മുള്ളൂർക്കര ഇരുനിലംകോട് അഡ്വ. സന്ദീപിന്റെ കൃഷിയിടത്തിലെ നേന്ത്രവാഴകൾ കാട്ടുപന്നികൾ നശിപ്പിച്ച നിലയിൽ

ചെറുതുരുത്തി: മുള്ളൂർക്കര പഞ്ചായത്തിന്റെ പല ഭാഗങ്ങളിലും കാട്ടുപന്നികൾ വ്യാപകമായി കൃഷി നശിപ്പിക്കുന്നതായി പരാതി. കഴിഞ്ഞദിവസം മുള്ളൂർക്കര ഇരുനിലംകോട് കോഴിപ്പറമ്പിൽ സേതുമാധവൻ മകൻ അഡ്വ.സന്ദീപിന്റെ കൃഷിയിടത്തിലെ നേന്ത്രവാഴകളാണ് കാട്ടുപന്നി നശിപ്പിച്ചത്. മുള്ളൂർക്കര ഭാഗങ്ങളിലെ കൃഷിത്തോട്ടങ്ങളിൽ വ്യാപകമായി കാട്ടുമൃഗങ്ങളുടെ ഭീഷണിയുണ്ട്. മുള്ളൂർക്കര പഞ്ചായത്തിന്റെ പല ഭാഗങ്ങളിലും ആന ഇറങ്ങുന്നതും കൃഷി നശിപ്പിക്കുന്നതും പതിവാണ്.

ഇതിനാൽ പല കർഷകരും കൃഷിയിറക്കുന്നത് നിറുത്തി. കൃഷിയിറക്കുന്നവർക്ക് വലിയ സാമ്പത്തിക നഷ്ടമാണുണ്ടാകുക. ഇതിനെ ചെറുക്കുന്നതിന് വേണ്ട യാതൊരുവിധ നടപടികളും പഞ്ചായത്തോ, കൃഷി വകുപ്പോ, ഫോറസ്റ്റ് ഉദ്യോഗസ്ഥരോ എടുക്കുന്നില്ലെന്നും കർഷകർ ആരോപിക്കുന്നു. കൃഷിക്ക് മാത്രമല്ല തങ്ങളുടെ ജീവന് ഭീഷണിയാകുന്ന തരത്തിലാണ് കാട്ടുമൃഗങ്ങൾ കൃഷിയിടങ്ങളിലേക്ക് എത്തുന്നതെന്ന് കർഷകർ പറഞ്ഞു.