 
തൃശൂർ: കേക്ക് വിവാദത്തിൽ മേയർ എം.കെ.വർഗീസിനെ തള്ളിപ്പറയാൻ സി.പി.ഐ കൗൺസിലർമാർക്ക് നട്ടെല്ലില്ലെന്ന് പ്രതിപക്ഷ നേതാവ് രാജൻ പല്ലൻ. മേയർക്കെതിരെ അവിശ്വാസം കൊണ്ടുവന്നാൽ പിന്തുണയ്ക്കാൻ തയ്യാറുണ്ടോയെന്നും കൗൺസിലിൽ പല്ലൻ വെല്ലുവിളിച്ചു.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മേയർ ബി.ജെ.പി സ്ഥാനാർത്ഥി സുരേഷ് ഗോപിക്കായാണ് പ്രവർത്തിച്ചതെന്ന സുനിൽ കുമാറിന്റെ വിമർശനവും രാജൻ ചൂണ്ടിക്കാട്ടി. ഭരണകക്ഷിയിലെ സി.പി.എം നേതാവ് പി.കെ.ഷാജനാണ് ഇതോടെ പ്രതിപക്ഷത്തിനെതിരെ രംഗത്തെത്തിയത്. സി.പി.ഐക്കാരുടെ നട്ടെല്ല് പരിശോധിക്കാൻ കോൺഗ്രസുകാർ വരേണ്ടെന്നായിരുന്നു മറുപടി. വീട്ടിൽ വന്ന് കേക്ക് കൊടുത്തതുകൊണ്ട് പാർട്ടി മാറില്ല. സി.പി.എമ്മിന്റെ പിന്തുണയോടെയാണ് മേയർ ഭരിക്കുന്നതെന്നും ഷാജൻ പറഞ്ഞു.
പാർട്ടിയുടെ നിലപാടിനൊപ്പമാണ് എന്നും നിലകൊണ്ടിട്ടുള്ളതെന്നും അത് തുടരുമെന്നും സി.പി.ഐയിലെ കൗൺസിലറും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സണുമായ സാറാമ്മ റോബ്‌സൺ പറഞ്ഞു. ഈ വിഷയത്തിലും പാർട്ടി സെക്രട്ടറി നിലപാട് പറഞ്ഞിട്ടുണ്ട്. മേയറെ എതിർക്കേണ്ട വിഷയത്തിൽ എതിർക്കാറുണ്ടെന്നും തങ്ങളുടെ പിന്തുണയോടെയാണ് ഭരണമെന്നും സാറാമ്മ റോബ്‌സൺ വ്യക്തമാക്കി.
കേക്ക് വിവാദം ചർച്ച ചെയ്തിട്ട് കാര്യമില്ലെന്നും പാട്ടുരായ്ക്കൽ സെന്ററിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരം കാണണമെന്നും ജോൺ ഡാനിയേൽ പറഞ്ഞു. മാലിന്യ പ്ലാന്റുകൾ പ്രവർത്തിപ്പിക്കാതെ നഗരം മോടി പിടിപ്പിച്ച് ഫൈവ് സ്റ്റാർ പദവി നേടാനുള്ള നീക്കമാണ് നടത്തുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു. സ്വച്ഛ് ഭാരത് മിഷൻ ഫൈവ് സ്റ്റാർ പദവി നൽകാനായി ജനുവരി ആദ്യ ദിവസങ്ങളിൽ നഗരത്തിൽ പരശോധനയ്‌ക്കെത്തുന്നതിന്റെ ഭാഗമായാണ് പൂച്ചെടികൾ വച്ചു പിടിപ്പിക്കുന്നത്. ശാശ്വത പരിഹാരമില്ലാതെ, പദവിക്കായി ഇത്തരം നടപടികൾ നടത്തുന്നത് അംഗീകരിക്കാനാകില്ലെന്ന് രാജൻ പല്ലൻ, ജോൺ ഡാനിയേൽ എന്നിവർ പറഞ്ഞു. നഗരം ഭംഗിയാകുന്നതും പദവി ലഭിക്കുന്നതും താൽപര്യമില്ലാത്തതിനാലാണ് ഇത്തരം അഭിപ്രായമെന്നായിരുന്നു മേയറുടെ മറുപടി. രാജ്യത്ത് ആറ് നഗരങ്ങൾക്കാണ് പദവി നൽകിയത്. ഏഴാമത്തെ നഗരമായി തൃശൂർ പ്രഖ്യാപിക്കുന്നതിന് മുന്നോടിയായാണ് ബന്ധപ്പെട്ടവർ പരിശോധന നടത്തുന്നതെന്ന് മേയർ പറഞ്ഞു. കൗൺസിലർമാരോ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരോ അറിയാതെ പലയിടത്തും പരിപാടികൾ നടത്താൻ മേയർ അനുമതി നൽകുന്നത് ശരിയല്ലെന്ന് മുകേഷ് കൂളപറമ്പിൽ പറഞ്ഞു. വർഗീസ് കണ്ടംകുളത്തി, ലീല വർഗീസ്, അനീഷ്, ഇ.വി.സുനിൽരാജ്, രാമനാഥൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
ബി.ജെ.പി കൗൺസിലറുടെ ഒറ്റയാൻ പ്രതിഷേധം
കൂർക്കഞ്ചേരി മുതൽ ചെട്ടിയങ്ങാടി വരെയുള്ള റോഡിന്റെ നിർമ്മാണം പൂർത്തിയാക്കാതെ ജനങ്ങളെ പൊടിവലിപ്പിച്ച് ദുരിതത്തിലാക്കിയതിൽ പ്രതിഷേധിച്ച് ബി.ജെ.പി കൗൺസിലർ വിനോദ് പൊള്ളാഞ്ചേരി ഒറ്റയാൻ സമരം നടത്തി. ബോർഡെഴുതി മഴക്കോട്ടിട്ട് മുഖത്ത് ഷീൽഡും വച്ചാണ് കൗൺസിലിലെത്തിയത്. റോഡിന്റെ നിർമ്മാണം പൂർത്തീകരിച്ച് പൊടിശല്യത്തിൽ നിന്നും രക്ഷിക്കണമെന്നാവശ്യപ്പെട്ട് നടുത്തളത്തിൽ ഒരു മണിക്കൂറോളം നിന്നു. പരിഹാരം ഉണ്ടാക്കാമെന്ന് മേയർ പറഞ്ഞതോടെ സീറ്റിൽ പോയിരുന്നു. പ്രതിഷേധത്തിന് കോൺഗ്രസ് കൗൺസിലർ ജയപ്രകാശ് പൂവത്തിങ്കലും പിന്തുണ നൽകി.