podi
1

കൊടുങ്ങല്ലൂർ : ദേശീയപാത നിർമ്മാണം മൂലം രൂക്ഷമായ പൊടി ശല്യത്തിൽ വലയുകയാണ് ജനം. ദേശീയപാതയോരത്തെ വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലുമാണ് ഏറെ ദുരിതം. നഗരത്തിൽ ചന്തപ്പുര മുതൽ വടക്കേനട വരെ വാഹനങ്ങൾ കടന്നുപോകുമ്പോഴുണ്ടാകുന്ന പൊടിപടലം കച്ചവട സ്ഥാപനങ്ങളെ ശ്വാസം മുട്ടിക്കുകയാണ്. തകർന്നു കിടക്കുന്ന റോഡുകൾ ചളിയും മണ്ണും കലർന്ന പാതയോരങ്ങൾ എന്നിവയിലൂടെ നൂറുകണക്കിന് വാഹനങ്ങളാണ് വന്നു പോകുന്നത്. ഇതോടെ പ്രദേശം പൊടി ശല്യത്തിൽ അമരുകയാണ്. ചന്തപ്പുരയിൽ നിന്നും ഉയരുന്ന പൊടി വടക്കേനടയിലും ദുരിതം ഉണ്ടാക്കുന്നുണ്ട്. മഴ ഒഴിഞ്ഞതോടെയാണ് പൊടിശല്യം രൂക്ഷമായത്. ദേശീയപാതയിലേയും കൊടുങ്ങല്ലൂർ ബൈപാസിലെയും നിർമ്മാണ പ്രവൃത്തികൾ കഴിയുമ്പോഴെക്കും നഗരമദ്ധ്യത്തിൽ ചെലവഴിക്കേണ്ടി വരുന്നവർ ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് നിത്യരോഗികളായി മാറുമോയെന്ന ആശങ്കയിലാണ്. പൊടി ഉയരുന്നത് ഇല്ലാതാക്കാൻ ശ്രമിക്കേണ്ട ദേശീയപാത കരാറുകാരൻ കണ്ടില്ലെന്ന് നടിച്ച് പുറംതിരിഞ്ഞു നിൽക്കുകയാണ്. ഇടയ്ക്കിടെ വെള്ളം നനച്ച് പൊടിശല്യം കുറയ്ക്കാമെന്നിരിക്കെ അതിനുപോലും നിർമ്മാണ കമ്പനിയുടെ കരാറുകാരൻ തയ്യാറാകുന്നില്ല. പൊടിശല്യം കുറയ്ക്കാൻ അടിയന്തര നടപടി ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്നുണ്ടാകണമെന്നാണ് ഉയരുന്ന ജനകീയാവശ്യം.

വീടുകളിലും സ്ഥാപനങ്ങളിലും സർവത്ര പൊടി
ദേശീയപാതയോരത്ത് താമസിക്കുന്നവരുടെ വീടുകളും സ്ഥാപനങ്ങളും മുഴുവൻ പൊടി നിറഞ്ഞ അവസ്ഥയാണ്. വീട്ടിലുണ്ടാക്കുന്ന ഭക്ഷണങ്ങൾ പോലും റോഡിൽ നിന്നുയരുന്ന പൊടിയോടൊപ്പം കഴിക്കേണ്ട അവസ്ഥയാണുള്ളത്. തട്ടുകടകളിൽ ഉണ്ടാകുന്ന ഭക്ഷണങ്ങളിൽ പോലും റോഡിൽ നിന്ന് ഉയരുന്ന പൊടിപടലമാകുന്നുണ്ട്. ചന്തപ്പുരയിലുള്ള ഓട്ടോറിക്ഷാ സ്റ്റാൻഡിൽ നേരത്തെ ഉണ്ടായിരുന്ന ഓട്ടോറിക്ഷകളിൽ പകുതിപോലും പൊടി ശല്യം കാരണം ഇപ്പോൾ പാർക്ക് ചെയ്യുന്നില്ല. കാൽനട യാത്രക്കാർ പൊടിശല്യത്തിൽ നിന്ന് രക്ഷനേടാൻ മൂക്ക് പൊത്തിയാണ് നടന്നു പോകുന്നത്. ദേശീയപാത നിർമ്മാണം അനന്തമായി നീണ്ടുപോകുന്നത് ജനങ്ങളെ ദുരിതത്തിലാക്കുന്നുണ്ട്.