yuth-samalanam

പുതുക്കാട്/ തൃശൂർ: രാജ്യത്തെ പൗരാവകാശം നിഷേധിക്കാൻ ഏത് കൊലകൊമ്പൻ വന്നാലും സാദ്ധ്യമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എസ്.വൈ.എസ് കേരള യുവജന സമ്മേളനത്തിന്റെ ഭാഗമായി നടന്ന പൗരാവകാശ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രാജ്യവ്യാപകമായി പൗരാവകാശം നിഷേധിക്കുകയും നിരപരാധികളെ തുറുങ്കിലടക്കുകയും ചെയ്യുന്ന സാഹചര്യമുണ്ട്. സ്വതന്ത്ര നിലപാട് സ്വീകരിച്ചതിന്റെ പേരിൽ നിരവധി പേർ കൊല്ലപ്പെടുകയും അക്രമിക്കപ്പെടുകയും ചെയ്തു. സ്വതന്ത്രമായി അഭിപ്രായം പറയുന്ന മാദ്ധ്യമസ്ഥാപനങ്ങൾ വേട്ടയാടപ്പെടുന്നു. എന്നാൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുകയോ,​ അവരെ ഉത്തരവാദപ്പെട്ടവർ തള്ളിപ്പറയുകയോ ചെയ്യുന്നില്ല. രാജ്യത്ത് വർഗീയത പടർത്താനും വിഭജനം ഉണ്ടാക്കാനുമാണ് സംഘപരിവാർ ശ്രമിക്കുന്നത്. ഇപ്പോൾ അജ്മീർ ദർഗയുടെ മേൽ അവകാശം ഉന്നയിക്കുന്നു. ഇത്തരം ആവശ്യങ്ങൾ വിഭജനം ലക്ഷ്യം വെച്ചുള്ളതാണ്. അതില്ലാതാക്കാൻ സഹായിക്കുന്നതാണ് 1991ലെ ആരാധനാലയ സംരക്ഷണ നിയമം. ഈ നിയമം ഭേദഗതി ചെയ്യാനുള്ള നീക്കത്തെയും ചെറുക്കണം.

വഖഫ് നിയമഭേദഗതി കൊണ്ടുവരുന്നതും വർഗീയ ലക്ഷ്യത്തോടെയാണ്. ഇപ്പോൾ മദ്രസകളുടെ നേരെയും തിരിയുകയാണ്. സംഘപരിവാറിന്റെ ന്യൂനപക്ഷങ്ങൾക്കെതിരായ നീക്കം മുസ്ളിങ്ങൾക്കെതിരെ മാത്രമാണെന്ന് ചിലർ കരുതുന്നു. എന്നാൽ ക്രിസ്തീയ വിശ്വാസികൾക്കെതിരെ രാജ്യത്തിന്റെ പലയിടത്തും അതിക്രമം നടക്കുന്നുണ്ട്. ന്യൂനപക്ഷ വർഗീയതയും ഭൂരിപക്ഷ വർഗീയതയും ഒരു പോലെ അപകടമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി.അബൂബക്കർ മുസ്ലിയാർ അദ്ധ്യക്ഷത വഹിച്ചു. ഹാരിസ് ബീരാൻ എം.പി, കെ.കെ.രാമചന്ദ്രൻ എം.എൽ.എ, ഹജ്ജ് കമ്മിറ്റി ചെയർമാൻ അഡ്വ.ഹുസൈൻ സഖാഫി ചുള്ളിക്കോട്, ഡോ.ഗൾഫാർ മുഹമ്മദലി എന്നിവർ സംസാരിച്ചു. സയ്യിദ് ഇബ്രാഹിം ഖലീലുൽ ബുഖാരി, ഡോ.മുഹമ്മദ് ഖാസിം, മുൻ എം.പി ടി.എൻ.പ്രതാപൻ, പേരോട് അബ്ദുറഹ്മാൻ സഖാഫി, വണ്ടൂർ അബ്ദുറഹ്മാൻ ഫൈസി, ന്യൂനപക്ഷ കമ്മിഷൻ മെമ്പർ എ.സൈഫുദ്ദീൻ ഹാജി, സയ്യിദ് ത്വാഹ തങ്ങൾ സഖാഫി, എസ്.വൈ.എസ് സംസ്ഥാന ജന. സെക്രട്ടറി ഡോ.എ.പി.അബ്ദുൽഹക്കീം അസ്ഹരി കാന്തപുരം സംബന്ധിച്ചു.