ചെറുതുരുത്തി: കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ സഹകരണത്തോടെ ചെറുതുരുത്തി കഥകളി സ്‌കൂളിന്റെ നേതൃത്വത്തിൽ മൂന്ന് ദിവസമായി ചെറുതുരുത്തി കലാമണ്ഡലം നിള ക്യാമ്പസിൽ നടന്ന ദേശീയ കഥകളി ഉത്സവത്തിന് സമാപനമായി. സമാപന സമ്മേളനം കലാമണ്ഡലം ക്ഷേമാവതി ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ വി.മുരളി അദ്ധ്യക്ഷത വഹിച്ചു. മഹാരഥന്മാർ അരങ്ങേറ്റം കുറിച്ച വള്ളത്തോളിന്റെ പഴയ കലാമണ്ഡലത്തിൽ അരങ്ങേറ്റം കുറിക്കാൻ കഴിഞ്ഞു. ഇവിടെ അരങ്ങേറ്റം കുറിക്കുന്ന കുരുന്നുകൾക്കും ഇത് മഹാഭാഗ്യമാണെന്ന് കലാമണ്ഡലം ക്ഷേമാവതി പറഞ്ഞു. തുടർന്ന് കഥകളി സ്‌കൂളിൽ പഠിക്കുന്ന 130 ഓളം വിദ്യാർത്ഥികൾ, കുച്ചുപ്പുടി, മോഹിനിയാട്ടം, ഭരതനാട്യം എന്നിവയിൽ അരങ്ങേറ്റം കുറിച്ചു. പരിപാടി ആസ്വദിക്കാനും പരിപാടിയുടെ ഭാഗമാകാനുമായി ആയിരക്കണക്കിന് ആളുകളാണെത്തിച്ചേർന്നത്.പരിപാടികൾക്ക് ശേഷം വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും ടീച്ചർമാർക്കുള്ള മൊമന്റോകളും കഥകളി സ്‌കൂൾ ഡയറക്ടർ കലാമണ്ഡലം ഗോപാലകൃഷ്ണൻ കൈമാറി. കലാമണ്ഡലം ശ്രീജ ബാബു നമ്പൂതിരി, കലാമണ്ഡലം സുജാത, കൃഷ്ണകുമാർ പൊതുവാൾ, പി.ജി.രതീഷ്, കഥകളി സ്‌കൂൾ സെക്രട്ടറി സുമേഷ് എന്നിവർ പങ്കെടുത്തു.