photo

തൃശൂർ: പ്രായം എൺപതിലെത്തിയെങ്കിലും ട്രാക്കിൽ മിന്നൽപ്പിണരാണ് റിട്ടയേർഡ് സി.ഐ സി.ഡി.എൽസി. മലയാളി മാസ്‌റ്റേഴ്‌സ് അസോസിയേഷൻ സംസ്ഥാന കായികമേളയിൽ 100, 200 മീറ്റർ ഓട്ടത്തിൽ എൽസി ഒന്നാമതായി ഫിനിഷ് ചെയ്യുമ്പോൾ പിന്നിലായത് 65-70 വയസ് വിഭാഗത്തിലെ താരങ്ങളെയായിരുന്നു. എൺപതിന് മുകളിലുള്ളവരുടെ വിഭാഗത്തിൽ വേറെയാരും മത്സരിക്കാനില്ലാതിരുന്നതിനാലാണ് എൽസി 60-70 വിഭാഗത്തിൽ മത്സരിച്ചത്. പത്ത് ഏഷ്യൻമീറ്റിലും നാല് ലോക മീറ്റിലും പങ്കെടുത്ത് മെഡലുകൾ വാരിക്കൂട്ടിയ എൽസിയുടെ വിജയരഹസ്യം നിരന്തര പരിശീലനവും ചിട്ടയായ ജീവിതവുമാണ്.
മണ്ണുത്തി വെട്ടിക്കൽ ചാഴൂർ ദേവസിയുടെയും മറിയത്തിന്റെയും ഏഴ് മക്കളിൽ ആറാമത്തെയാൾ. പഠനകാലത്തെ ഓട്ടവും ചാട്ടവും സൈക്ലിംഗും നീന്തലുമെല്ലാം എൽസിക്ക് ഈസി. ഹൈജമ്പ്, ലോംഗ്ജമ്പ്, 100, 200 മീറ്റർ ഓട്ടം എന്നിവയിൽ ജില്ലാ ചാമ്പ്യൻ. പ്രീഡിഗ്രിക്ക് പഠിക്കുന്നതിനിടെ കോൺസ്റ്റബിളായി, പൊലീസിലും കേരള ചാമ്പ്യനായി . ബാസ്‌കറ്റ് ബാളിലും കബഡിയിലും താരമായി. തിരുവനന്തപുരം, എറണാകുളം, തൃശൂർ ജില്ലകളിൽ സേവനമനുഷ്ഠിച്ച് കോഴിക്കോട് എയർപോർട്ട് സി.ഐയായാണ് വിരമിച്ചത്.


ആഭരണങ്ങൾ വിറ്റു, ഇനി ആര് സഹായിക്കാൻ ?


വേൾഡ് മീറ്റ് നടന്ന ഫ്രാൻസിലും ബ്രസീലിലും സ്‌പെയിനിലും ഓസ്‌ട്രേലിയയിലും ഏഷ്യൻ മീറ്റുകളുടെ വേദിയായിരുന്ന മലേഷ്യയിലും തായ്‌ലാൻഡിലും സിംഗപ്പൂരിലും ജപ്പാനിലുമെല്ലാം എൽസി പോയത് ചിട്ടിപിടിച്ചും കൈയിലുണ്ടായിരുന്ന സ്വർണം വിറ്റുമായിരുന്നു. ഇനി സമ്പാദ്യമൊന്നുമില്ല. ഗസറ്റഡ് റാങ്കിലാണ് വിരമിച്ചതെങ്കിലും ഏറ്റവും കുറഞ്ഞ പെൻഷനാണ് കിട്ടുന്നത്. ഒടുവിൽ ഫിലിപ്പീൻസിൽ നടന്ന മീറ്റിൽ മൂന്ന് സ്വർണവും ഒരു വെള്ളിയും നേടി. ഇനി, ബംഗളൂരുവിൽ ദേശീയ മീറ്റും ഇന്തോനേഷ്യയിൽ ഏഷ്യൻ മീറ്റും കൊറിയയിൽ വേൾഡ് മീറ്റുമുണ്ട്. പോകണമെങ്കിൽ ലക്ഷങ്ങൾ വേണം. എങ്ങനെ പണം കണ്ടെത്തുമെന്ന് എൽസിക്ക് അറിയില്ല. സ്വീഡനിൽ നടന്ന വേൾഡ് മീറ്റിന്, വീണ് കൈയൊടിഞ്ഞതിനാൽ പോകാനായില്ല. കൈയ്ക്ക് ശസ്ത്രക്രിയയ്ക്കും ഒരു ലക്ഷത്തിലേറെ ചെലവായി. അവിവാഹിതയാണ്. സഹോദരന്റെ വീട്ടിലാണ് താമസം.


ഗ്രൗണ്ടിൽ ഓടി മരിക്കണം. അതാണ് ആഗ്രഹം. പക്ഷേ, മത്സരങ്ങളിൽ പങ്കെടുക്കാനുള്ള പണം കണ്ടെത്താൻ എന്ത് ചെയ്യണമെന്ന് ആലോചിച്ചിട്ട് എത്തും പിടിയും കിട്ടുന്നില്ല.


സി.ഡി.എൽസി.