
തൃശൂർ : വേദിയും സദസും സമ്പന്നമായിരുന്ന ജില്ലാ കേരളോത്സവം മത്സരിക്കാൻ ആളില്ലാത്ത വിധം വഴിപാടായി. കലാകായിക മത്സരങ്ങളിൽ പലതിലും നാമമാത്രമായിരുന്നു മത്സാർത്ഥികൾ. സാമ്പത്തിക പ്രതിസന്ധി മൂലം ഇത്തവണ കേരളോത്സവം അനിശ്ചിതത്വത്തിലായിരുന്നു. ഒക്ടോബർ, നവംബറിൽ നടത്തിയിരുന്നത് പിന്നീട് വർഷാവസാനത്തിലേക്ക് നീട്ടുകയായിരുന്നു. നവംബർ അവസാനത്തോടെയാണ് അനുമതി നൽകിയത്. ഡിസംബർ 31ന് അകം അവസാനിപ്പിക്കണമെന്നും നിർദ്ദേശിച്ചു. അതുകൊണ്ട് യാതൊരു മുന്നൊരുക്കവും നടത്താനായില്ല.
പഞ്ചായത്തോത്സവത്തിൽ കഴിഞ്ഞ പ്രാവശ്യത്തേതിന്റെ പകുതി പോലും പങ്കാളിത്തമുണ്ടായിരുന്നില്ല. സ്‌കൂൾ കലോത്സവം നടക്കുന്ന സമയത്തായിരുന്നു മത്സരം. 15 മുതൽ 20 വയസ് വരെയുള്ളവർക്ക് കേരളോത്സവങ്ങളിൽ പങ്കെടുക്കാനായില്ല. ഹോളി ഫാമിലി സ്‌കൂൾ, ടൗൺ ഹാൾ, ബി.എഡ് സെന്റർ, മോഡൽ ബോയ്‌സ് തുടങ്ങി വിവിധ വേദികളിലായിട്ടായിരുന്നു മത്സരം. കായിക മത്സരങ്ങൾ ജില്ലയിലെ വേദികളിൽ ഇന്നലെ പൂർത്തിയായി.
മത്സരാർത്ഥികൾ രണ്ടും മൂന്നു പേർ
ബ്ലോക്ക്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ അടക്കം 25 തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന് മത്സരാർത്ഥികൾ വേണ്ട സ്ഥാനത്ത് പത്തിൽ താഴെ മത്സരാർത്ഥികളാണ് പല ഇനങ്ങളിലും മത്സരിച്ചത്. ചില ഇനങ്ങളിൽ രണ്ടും മൂന്നു പേരായിരുന്നു പങ്കെടുത്തത്. നാടോടി നൃത്തം, മോഹിനിയാട്ടം, കുച്ചുപ്പുടി തുടങ്ങി ഏതാനും ഇനങ്ങളിൽ പങ്കാളിത്തമുണ്ടായി. മാന്വൽ അനുസരിച്ച് അറുപതോളം കലാമത്സരങ്ങളും നാൽപ്പതിലേറെ കായികയിനങ്ങളും ഉണ്ടെങ്കിലും കലാകായിക ഇനങ്ങളിൽ ആകെ ആറുപതോളം ഇനങ്ങളിൽ മാത്രമായിരുന്നു മത്സരം. ചെണ്ട, പഞ്ചവാദ്യം ഉൾപ്പെടെയുള്ള വാദ്യ ഇനങ്ങളിലും നാമമാത്രമായിരുന്നു പങ്കാളിത്തം.
ജില്ലയിലേക്ക് ആളില്ല !
പഞ്ചായത്ത് , ബ്ലോക്ക് തലം മുതൽ മത്സരാർത്ഥികൾ എത്താറുണ്ടെങ്കിലും ജില്ലയിലേക്ക് ആളുകൾ തീരെ വരുന്നില്ലെന്ന് സംഘാടകർ പറയുന്നു. വിജയിച്ചവരെ ഫോണിൽ ബന്ധപ്പെടുകയും മത്സര അറിയിപ്പ് നൽകിയിട്ടും ആരുമെത്തുന്നില്ല. ഞായറാഴ്ച്ചകളിൽ മത്സരം നടത്തിയിരുന്നില്ല. എന്നാൽ 31ന് അകം തീർക്കണമെന്ന നിർദ്ദേശം വന്നതോടെ ഇന്നലെയോടെ മത്സരം പൂർത്തിയാക്കി. മുൻപ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ നിര്യാണത്തെ തുടർന്ന് സമാപന സമ്മേളനം ഒഴിവാക്കി.
പണത്തിന് കാത്തിരിക്കേണ്ടി വരും
തദ്ദേശ സ്ഥാപനങ്ങൾ തങ്ങളുടെ തനത് ഫണ്ടിൽ നിന്നും യുവജന ക്ഷേമബോർഡ് അനുവദിക്കുന്ന തുകയും ഉപയോഗിക്കും. ബ്ലോക്ക് തലത്തിൽ യുവജന ക്ഷേമ ബോർഡ് ഒന്നര ലക്ഷവും ജില്ലാ പഞ്ചായത്തിന് അഞ്ച് ലക്ഷം രൂപയുമാണ് നൽകുന്നത്.
പ്രാതിനിധ്യം ഇങ്ങനെ
ബ്ലോക്ക് പഞ്ചായത്തുകൾ 17
മുനിസിപ്പാലിറ്റികൾ 7
കോർപറേഷൻ 1.