തൃശൂർ: സ്വകാര്യ ബസുകളുടെ മരണപ്പാച്ചിൽ തുടരുമ്പോഴും കാഴ്ചക്കാരായി പൊലീസും മോട്ടോർ വാഹന വകുപ്പും. പ്രധാന പാതകളിലും നഗരത്തിലും ബസുകളുടെ അമിത വേഗത വഴിയാത്രക്കാർക്ക് ഭീഷണിയാകുകയാണ്. മിക്കപ്പോഴും വാതിലുകൾ അടയ്ക്കാതെയുള്ള ബസുകളുടെ യാത്ര കൂടുതൽ അപകടങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ഇന്നലെ തിരുവില്വാമലയിൽ ബസിൽ നിന്ന് തെറിച്ച് വീണ് വൃദ്ധ മരിച്ചിരുന്നു.
വളവിൽ ബസിന് കുറുകെ ചാടിയ പൂച്ചയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ വീശിയൊടിച്ചപ്പോഴാണ് വാതിൽ തുറന്ന് വൃദ്ധ പുറേത്തക്ക് തെറിച്ച് വീണതെന്ന് പറയുന്നു. കൊടുങ്ങല്ലൂർ- ഷൊർണൂർ സംസ്ഥാന പാത, കൊടുങ്ങല്ലൂർ -ഗുരുവായൂർ, തൃശൂർ-കുന്നംകുളം റൂട്ടുകളിലാണ് ബസുകളുടെ മത്സരയോട്ടം കൂടുതൽ. ചെറുവാഹനങ്ങളെ മറികടന്ന് സിഗ്‌നലുകൾ പോലും നൽകാതെയാണ് ബസുകൾ നിറുത്തി ആളുകളെ കയറ്റുന്നതും ഇറക്കുന്നതും. ഒപ്പം തങ്ങളുടെ വഴിക്ക് തടസമാകുന്നവരോട് അസഭ്യവർഷവും നടത്താറുണ്ട് ബസ് ജീവനക്കാർ. റോഡുകളുടെ ശോചനീയാവസ്ഥ മൂലം സമയക്രമം പാലിക്കാൻ സാധിക്കുന്നില്ലെന്നും ഇതാണ് വേഗത വർദ്ധിപ്പിക്കാൻ കാരണമെന്നുമുള്ള സ്ഥിരം ന്യായീകരണമാണ് ബസ് ജീവനക്കാർക്ക്.


നിറുത്താതെയുള്ള ഹോണും


ചെറുവാഹനങ്ങളുടെ പുറകിലെത്തി നിറുത്താതെയുള്ള ബസുകളുടെ ഹോൺ മുഴക്കലും അപകടം വർദ്ധിപ്പിക്കുന്നു. തുടർച്ചയായ ഹോൺ കേൾക്കുന്നതോടെ വാഹനങ്ങൾ പെട്ടെന്ന് വഴിമാറിക്കൊടുക്കുന്നത് വാഹനങ്ങളുടെ നിയന്ത്രണം നഷ്ടപ്പെടുന്നതിനും അപകടത്തിലേക്കും വഴിവയ്ക്കുന്നു. പല ഡ്രൈവർമാരും ലഹരി ഉപയോഗിച്ചാണ് ബസുകൾ ഓടിക്കുന്നതെന്ന ആരോപണം നിലനിൽക്കുമ്പോഴും പൊലീസും മോട്ടോർ വാഹന വകുപ്പും കാര്യക്ഷമമായ പരിശോധന നടത്തുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്.

സ്വരാജ് റൗണ്ടിലും നിയന്ത്രണമില്ല


പൊലീസ് സാന്നിദ്ധ്യവും ക്യാമറക്കണ്ണുകളും ഉണ്ടെങ്കിലും സ്വരാജ് റൗണ്ടിലും ബസുകളുടെ ചീറിപ്പായൽ തഥൈവ. ജനറൽ ആശുപത്രി പരിസരത്ത് മുനിസിപ്പൽ വഴിയിലേക്ക് ചെറുവാഹനങ്ങൾക്ക് കടക്കാൻ സാധിക്കാത്ത വിധത്തിലാണ് ബസുകൾ കടന്നുപോകുന്നത്. ഈ പ്രദേശത്ത് ഇടതുവശത്തു കൂടി ബസുകൾ പോകണമെന്ന നിർദ്ദേശം പോലും പാലിക്കപ്പെടുന്നില്ല. ഹോൺ നിരോധിത മേഖലയാണെങ്കിലും അതെല്ലാം കാറ്റിൽ പറത്തിയാണ് ബസുകളുടെ യാത്ര.