മാള: മണ്ണില്ലാതെ ഞാറ്റടി തയ്യാറാക്കുന്ന സംവിധാനം വികസിപ്പിച്ചെടുത്ത് ആലത്തൂരുകാരനായ ഓട്ടോമൊബൈൽ എൻജിനിയർ കർഷകരുടെ മനം കവരുന്നു. പുന്നയ്ക്കപ്പറമ്പിൽ അനിൽ ബാബു (46)വാണ് നെൽക്കർഷകർ കാലങ്ങളായി നേരിടുന്ന ഞാറ്റടി തയ്യാറാക്കുന്നതിനുള്ള പ്രയാസം കണ്ടറിഞ്ഞ് നൂതന സംവിധാനം കണ്ടെത്തിയത്. 2018 ലെ പ്രളയശേഷം വർഷങ്ങളായി തുടർന്നുവരുന്ന അതിതീവ്ര മഴ കാരണം ഞാറ്റടി തയ്യാറാക്കൽ കർഷകർക്ക് കനത്ത വെല്ലുവിളിയായി മാറിയിരിക്കയാണ്. ഇതിനൊരു പരിഹാരമായാണ് അനിൽബാബു പുതിയ സംവിധാനം കണ്ടെത്തിയത്. പുതിയ സംവിധാനത്തിലൂടെ തയ്യാറാക്കുന്ന ഞാറ്റടി കർഷകരുടെ പാടത്ത് എത്തിച്ച് യന്ത്രം ഉപയോഗിച്ച് നട്ടുനൽകുകയും ചെയ്യുന്നു. ഞാറ്റടി തയ്യാറാക്കാനുള്ള കർഷകരുടെ പ്രയാസങ്ങൾ കുറയ്ക്കുകയാണ് ലക്ഷ്യം.
വിവിധ ജില്ലകളിൽ നിന്നും നെൽക്കർഷകർ ഞാറ്റടി തേടി അനിൽബാബുവിന് അടുത്തെത്തുന്നുണ്ട്. മലപ്പുറം മുതൽ കൊല്ലം വരെയുള്ള ജില്ലകളിൽ നിന്നും ഇതിനകം ഞാറ്റടി തേടി കർഷകരെത്തി. ഭാര്യ : ദിവ്യ. മകൻ: നീൽ രെവീൻ (ചെന്താപ്പിന്നി എസ്.എൻ വിദ്യാഭവൻ വിദ്യാർത്ഥി). കൃഷിവകുപ്പിലെ വിദഗ്ദ്ധരുമായും കർഷകരുമായും നേരിട്ട് ആശയവിനിമയം നടത്തി അനിൽബാബു നടത്തുന്ന ഇത്തരം നൂതന പരീക്ഷണങ്ങൾ നെൽക്കൃഷിയിൽ മാറ്റങ്ങൾ സൃഷ്ടിക്കുമെന്നതിൽ സംശയമില്ല.
16 ദിവസം വളർച്ചയുള്ള ഞാറ്റടി
കർഷകർ നൽകുന്ന നെൽവിത്തുകൾ ചകിരിച്ചോർ കമ്പോസ്റ്റിൽ മണ്ണില്ലാതെ തയ്യാറാക്കിയ ഗ്രോവിംഗ് മീഡിയയിൽ മുളപ്പിച്ച് 16 ദിവസത്തോളം വളർത്തിയാണ് പുതിയ രീതിയിൽ ഞാറ്റടി തയ്യാറാക്കുന്നത്. ചകിരിച്ചാർ കമ്പോസ്റ്റാക്കി വളങ്ങൾ ചേർത്ത്, രണ്ടടി നീളവും ഒരു അടി വീതിയുമുള്ള ട്രേകളിൽ നിറച്ചാണ് വിത്തുകൾ പാകുന്നത്. വിത്തുകൾ മുളച്ചശേഷം വളവും കീടനാശിനിയും ഡ്രിപ്പ് വഴി നൽകും. കർഷകരുടെ ആവശ്യപ്രകാരം വെള്ളപൊൻമണി, ജ്യോതി തുടങ്ങിയ വിവിധയിനം നെൽവിത്തുകൾ ഉപയോഗിച്ചാണ് ഞാറ്റടി തയ്യാറാക്കുക. അനിൽ ബാബുവിന്റെ നഴ്‌സറിയിൽ ഏകദേശം 600 ഏക്കർ പാടശേഖരത്തിൽ പാകാനുള്ള ഞാറ്റടി ഒറ്റയടിക്ക് തയ്യാറാക്കാൻ സാധിക്കുന്ന നഴ്‌സറിയുണ്ട്.