 
കൊടുങ്ങല്ലൂർ : എറിയാട് പഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതി പ്രകാരമുള്ള പകുതി തൊഴിൽ ദിനങ്ങൾ പോലും ലഭിച്ചില്ലെന്ന് ആക്ഷേപം. വർഷം 100 തൊഴിൽ ദിനങ്ങൾ ലഭിക്കേണ്ടിടത്താണ് ഭൂരിപക്ഷം തൊഴിലാളികൾക്കും പകുതി തൊഴിൽ ദിനങ്ങൾ പോലും ലഭ്യമാകാതിരുന്നത്. നിലവിലുള്ള ജീവനക്കാരുടെ ഒഴിവുകളിൽ പകരം ആളുകളെ നിയമിക്കാത്തത് മൂലമാണ് ഈ പ്രതിസന്ധിയെന്ന് കോൺഗ്രസ് പഞ്ചായത്ത് കമ്മിറ്റി ചൂണ്ടിക്കാട്ടി. അപേക്ഷ ക്ഷണിച്ച് അഭിമുഖം കഴിഞ്ഞിട്ടും ജീവനക്കാരെ നിയമിക്കാൻ പഞ്ചായത്ത് ഭരണസമിതി തയ്യാറായിട്ടില്ല. സാമ്പത്തിക വർഷം അവസാനിക്കാൻ ഇനി മൂന്ന് മാസം മാത്രമാണ് അവശേഷിക്കുന്നത്. ഒഴിവുകൾ അടിയന്തരമായി നികത്തി തൊഴിലുറപ്പ് തൊഴിലാളികൾക്ക് ജോലി നഷ്ടപ്പെടാതിരിക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് കോൺഗ്രസ് പഞ്ചായത്ത് അംഗങ്ങളായ പി.കെ. മുഹമ്മദ്, കെ.എം. സാദത്ത്, പി.എച്ച്. നാസർ, കെ.എസ്. രാജീവൻ, ലൈലാ സേവിയർ, നജ്മ അബ്ദുൽ കരീം എന്നിവർ ആവശ്യപ്പെട്ടു.