പുതുക്കാട് : മുന്നറിയിപ്പില്ലാതെ അടച്ചും തുറന്നും ഇരുദേശീയ പാതകളെയും ബന്ധിപ്പിക്കുന്ന പ്രധാന പാതയിലെ പുതുക്കാട് റെയിൽവേ ഗേറ്റ്. ഗേറ്റ് വെള്ളിയാഴ്ച രാവിലെ ഏഴരയോടെയാണ് അടച്ചത്. എന്നാൽ റെയിൽവേ എൻജിനീയറിംഗ് വിഭാഗം അറ്റക്കുറ്റപ്പണികൾ ആരംഭിക്കാതിരുന്നതിനെ തുടർന്ന് സ്‌റ്റേഷൻ അധികൃതർ ഗേറ്റ് തുറന്നു. എന്നാൽ വൈകിട്ട് 7.30 ഓടെ വീണ്ടും ഗേറ്റ് അടച്ചു. തുടർന്ന് അറ്റകുറ്റ പണികൾ ആരംഭിച്ചു. ഇന്ന് വൈകീട്ടോടെ അറ്റകുറ്റപണികൾ പൂർത്തികരിച്ച് ഗേറ്റ് തുറന്നു കൊടുക്കുമെന്നാണ് പ്രതീക്ഷ. എന്നാൽ മുന്നറിയിപ്പ് നൽകാതെയുള്ള ഗേറ്റ് അടയ്ക്കലിൽ വൻ ഗതാഗതക്കുരുക്കാണ് സ്ഥലത്ത് ഉണ്ടായത്. പുതുക്കാട് നിന്ന് ഇരിങ്ങാലക്കുടയിലേക്കുള്ള പ്രധാന പാതയാണിത്. തുടർച്ചയായുള്ള ഗേറ്റ് അടയ്ക്കലിന് ശാശ്വത പരിഹാരമായി റെയിൽവേ മേൽപ്പാലം യാഥാർത്ഥ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ഗേറ്റ് അടച്ചിടൽ തുടർക്കഥ
റെയിൽവേ ഗേറ്റ് അടച്ചിടൽ തുടർക്കഥ. പുതുക്കാട് നിന്നും ഇരിങ്ങാലക്കുട ഭാഗത്തേക്കുള്ള പ്രധാന റോഡാണിത്. എന്നാൽ നിരവധി വാഹനങ്ങൾ കടന്നുപോകുന്ന പാത മാസത്തിൽ ഒരിക്കലെങ്കിലും ഗേറ്റ് പണികൾക്കായി അടച്ചിടും. ഇതിനെതിരെ നിരവധി പ്രതിഷേധങ്ങൾ നടന്നെങ്കിലും ഗേറ്റ് അടയ്ക്കൽ തുടരുകയാണ്. ഗേറ്റ് അടച്ചിട്ട് ഇന്നേക്ക് മൂന്ന് ദിവസം പിന്നിടും.