 
അവിണിശ്ശേരി : വികസന ജനകീയ സമിതിയുടെ നേതൃത്വത്തിൽ ആനക്കല്ല് സെന്ററിൽ പഴയ സിനിമ തിയേറ്റർ സ്ഥലത്ത് പത്ത് ദിവസമായി നടന്നുവരുന്ന അവിണിശ്ശേരി ഫെസ്റ്റിന്റെ സമാപന ദിനമായ നാളെ രാത്രി 8ന് അവിണിശ്ശേരിയിലെ നാടക പ്രതിഭകൾ അരങ്ങിലും അണിയറയിലും ഒന്നിക്കുന്ന അസുരതാളം നാടകം അരങ്ങേറും. പ്രദേശത്തെ കുട്ടികളും മുതിർന്നവരും അടക്കമുള്ളവർ നാടക അരങ്ങിലെത്തും. ഷൈലേഷ് കുമാർ വള്ളിശ്ശേരിയുടെ രചനയിൽ സജീവ് തണ്ടാശ്ശേരിയാണ് നാടകം സംവിധാനം ചെയ്യുന്നത്. സി.ആർ. പ്രകാശ്, ആചാര്യ ആനന്ദ് കൃഷ്ണ, ലക്ഷ്മി വാരിയർ, അപ്പൂട്ടി, രാജ് നാരായണൻ, രേവതി വേണുഗോപാൽ, ഡോ. ഗിരീഷ് പെരിഞ്ചേരി, ആദിലക്ഷ്മി, കാശിനാഥ് ഷൈലേഷ് അടക്കം 25-ഓളം പേർ നാടകരംഗത്തുണ്ട്. മേളപ്പെരുക്കങ്ങൾക്കിടയിൽ ആരും അറിയപ്പെടാതെ പോകുന്ന സാധാരണക്കാരായ കലാകാരൻമാർ അനുഭവിക്കുന്ന പ്രശ്‌നങ്ങളാണ് നാടകത്തിന്റെ പ്രമേയം.