
ചെറുതുരുത്തി: സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ അവതരണഗാനത്തിനായി ചുവടു വയ്ക്കാനൊരുങ്ങുകയാണ് കേരള കലാമണ്ഡലത്തിലെ വിദ്യാർത്ഥികൾ. കലാമണ്ഡലത്തിലെ 39 ഓളം വിദ്യാർത്ഥികളും വിവിധ സ്‌കൂളിലെ തെരഞ്ഞെടുക്കപ്പെട്ട 11 ഓളം വിദ്യാർത്ഥികളും ചേർന്നാണ് നൃത്താവിഷ്‌കാരം രൂപപ്പെടുത്തുന്നത്. കൂത്തമ്പലത്തിൽ നൃത്ത പരിശീലനത്തിലാണ് വിദ്യാർത്ഥികൾ.
സ്വാഗതഗാനം നൃത്തരൂപത്തിൽ ചിട്ടപ്പെടുത്തുന്നതിന് നടി അഞ്ച് ലക്ഷം ആവശ്യപ്പെട്ടുവെന്ന വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയുടെ പരാമർശം വിവാദമായിരുന്നു. ഇതേത്തുടർന്ന് സൗജന്യമായി ചിട്ടപ്പെടുത്തി നൃത്തം അവതരിപ്പിക്കാമെന്ന് കലാമണ്ഡലം രജിസ്ട്രാർ ഡോ.വി.രാജേഷ് കുമാർ മന്ത്രിയെ അറിയിക്കുകയായിരുന്നു. കലാമണ്ഡലം നൃത്ത വിഭാഗം മേധാവി ഡോ.രചിത രവി, നൃത്തവിഭാഗം അദ്ധ്യാപിക കലാമണ്ഡലം ലതിക, കഥകളി അദ്ധ്യാപകരായ കലാമണ്ഡലം എസ്.തുളസി, കലാമണ്ഡലം അരുൺ വാര്യർ എന്നിവർ ചേർന്നാണ് ചുവടുകൾ ചിട്ടപ്പെടുത്തുന്നത്. കാവാലം ശ്രീകുമാർ സംഗീത സംവിധാനം ചെയ്ത സ്വാഗത ഗാനത്തിന് പത്ത് മിനിറ്റ് ദൈർഘ്യമാണുള്ളത്.
നവോത്ഥാനം, ചരിത്രം, കല, പാരമ്പര്യം, ഐക്യം, അഖണ്ഡത എന്നിവ ഉൾക്കൊള്ളിച്ചുള്ള വരികളാണ് സംഗീത സംവിധായകനും ഗായകനുമായ കാവാലം ശ്രീകുമാർ ഗാനമായി ചിട്ടപ്പെടുത്തിയിട്ടുള്ളത്. കഥകളി, മോഹിനിയാട്ടം, ഭരതനാട്യം, കുച്ചിപ്പുടി, ഗോത്രകലകൾ, മാർഗംകളി, ഒപ്പന, കളരിപ്പയറ്റ്, ദഫ് മുട്ട് തുടങ്ങിയ നിരവധി കലാരൂപങ്ങളും നൃത്തരൂപത്തിൽ ഉൾക്കൊള്ളിക്കും. ഒരാഴ്ചയിൽ അധികമായി ക്രിസ്മസ് അവധി ദിനമായിട്ടും കലാമണ്ഡലത്തിലെ അദ്ധ്യാപകരും വിദ്യാർത്ഥികളും അവതരണ ഗാനം ചിട്ടപ്പെടുത്തുന്നതിന് കലാമണ്ഡലത്തിൽ ഹോസ്റ്റലിൽ താമസിച്ചുവരികയാണ്. ജനുവരി നാലു മുതലാണ് സംസ്ഥാന സ്‌കൂൾ കലോത്സവം.
സൗജന്യമായാണ് നൃത്തം ചിട്ടപ്പെടുത്തുന്നതും അവതരിപ്പിക്കുന്നതും. കലാമണ്ഡലത്തിന് കിട്ടിയ ഈ സുവർണാവസരം പരമാവധി പ്രയോജനപ്പെടുത്തി നല്ല രീതിയിൽ നൃത്താവിഷ്‌കാരം ചിട്ടപ്പെടുത്തി അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് .
ഡോ.രചിത രവി
നൃത്തവിഭാഗം മേധാവി
കലാമണ്ഡലം