
ഇരിങ്ങാലക്കുട: ലീവ് അനുവദിക്കാതെ സൂപ്രണ്ട് മാനസികമായി പീഡിപ്പിക്കുന്നതായി ആരോപിച്ച് ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലെ ഡെപ്യൂട്ടി നഴ്സിംഗ് സൂപ്രണ്ട് ജീവനൊടുക്കാൻ ശ്രമിച്ചു. പേരാമ്പ്ര സ്വദേശി മണ്ഡലി വീട്ടിൽ ഡീന ജോണാണ് (51) ശനിയാഴ്ച സൂപ്രണ്ടിന്റെ മുറിയിൽ വച്ച് അമിതമായി ഗുളിക കഴിക്കാൻ ശ്രമിച്ചത്. ഒപ്പമുണ്ടായിരുന്ന സഹപ്രവർത്തക ഗുളികകൾ തട്ടിക്കളഞ്ഞതിനാൽ ഏതാനും ഗുളികകൾ മാത്രമാണ് അകത്തുപോയത്. ക്രിസ്മസിന് ഡീന മൂന്ന് ദിവസത്തെ ലീവിന് അപേക്ഷിച്ചിരുന്നു. എന്നാൽ ആശുപത്രിയിൽ ക്രിസ്മസ് ആഘോഷം നടക്കുന്നതിനാൽ നിർബന്ധമായും പങ്കെടുക്കണമെന്നും ലീവ് നൽകാൻ സാധിക്കില്ലെന്നും സൂപ്രണ്ട് പറഞ്ഞതായി ഡീന പറഞ്ഞു. നിർദ്ദേശം ലംഘിച്ച് ഡീന ലീവെടുത്തതോടെ സൂപ്രണ്ട് മെമ്മോ നൽകി. വിശദീകരണം തൃപ്തികരമല്ലെന്ന് പറഞ്ഞ് സൂപ്രണ്ടിന്റെ മുറിയിലേയ്ക്ക് വിളിച്ച് അധിക്ഷേപിച്ചതായും പറയുന്നു. ആശുപത്രിയിൽ വേണ്ടത്ര നഴ്സിംഗ് സ്റ്റാഫില്ലെന്നും പരാതിയുണ്ട്. പരാതി നൽകാത്തതിനാൽ പൊലീസ് കേസെടുത്തിട്ടില്ല. പ്രാഥമിക ചികിത്സ തേടിയ ഡീന ആശുപത്രിവിട്ടു.