paddy-field
1

പുത്തൻചിറ : വില്ല്വാമംഗലം പാടശേഖരത്തിലെ നൂറേക്കറോളം വരുന്ന നെൽക്കൃഷിയിടത്തിൽ കുമിൾ രോഗം കൂടാതെ കൂട്ടമായെത്തുന്ന ആറ്റക്കിളികളുടെ ശല്യവും. പാടശേഖരം നേരിൽക്കണ്ട കൃഷി വകുപ്പിലെ ഉന്നതർ നിർദ്ദേശിച്ച പ്രകാരം നേറ്റീവോ മിശ്രിത മരുന്ന് തെളിച്ച് കുമിൾ രോഗം തടയാനുള്ള ശ്രമങ്ങൾ നടത്തുന്നതിനിടെയാണ് നൂറുകണക്കിന് ആറ്റക്കിളികൾ കൂട്ടമായി നടത്തുന്ന ആക്രമണം. സമീപത്തെ നടുത്തുരുത്ത് പാടശേഖരത്തിലെ കൊയ്ത്ത് കഴിഞ്ഞതോടെയാണ് വില്ല്വാമംഗലം പാടശേഖരത്തിലേക്ക് ആറ്റക്കിളികൾ കൂട്ടമായെത്താൻ തുടങ്ങിയത്.
പാടശേഖരത്തിന് നടുവിലുള്ള മോട്ടോർ ഷെഡിലേക്ക് വലിച്ചിരിക്കുന്ന ത്രീ ഫേസ് വൈദ്യുതി ലൈനിൽ കൂട്ടമായി ഇരിക്കുന്ന ഈ കിളികൾ, പാലുറയ്ക്കാത്ത കതിരുകളിലെ പാല് കുടിക്കുകയാണ് ചെയ്യുന്നത്. പാൽ നഷ്ടമാകുന്നതോടെ നെന്മണികൾക്ക് പകരം പതിരാണ് കർഷകർക്ക് ലഭിക്കുക. കിളികൾ കതിരിൽ ഇരിക്കുമ്പോൾ ഭാരം താങ്ങാനാകാതെ നെൽക്കറ്റകൾ ഒടിഞ്ഞുവീഴുകയും ചെയ്യുന്നുണ്ട്. രാവിലെ ഏഴിന് എത്തുന്ന കിളികൾ വൈദ്യുതിക്കമ്പികൾ ചൂട് പിടിക്കുന്നതോടെ തൊട്ടടുത്ത പന്നൽച്ചെടികളുള്ള പ്രദേശത്തേക്ക് പോകും. വൈകിട്ട് മൂന്നിന് ശേഷം വീണ്ടും പാടത്തെത്തുന്ന കിളികൾ രാത്രിയാകുന്നതോടെയാണ് കൂട്ടത്തോടെ മടങ്ങുക. നെല്ല് വിളഞ്ഞുകഴിയുന്നതോടെ നെന്മണികൾ കൊത്തിപ്പറുക്കാനും കൂട്ടമായി ആറ്റക്കിളികൾ എത്തും.

പാട്ടകൊട്ടിയും പടക്കം പൊട്ടിച്ചും കർഷകർ
പാട്ട കൊട്ടിയും പടക്കം പൊട്ടിച്ചും കിളികളെ ഓടിക്കാൻ ശ്രമിക്കുമെങ്കിലും കാര്യമായ ഫലമുണ്ടാകാറില്ലെന്ന് കർഷകർ പറയുന്നു. വൈദ്യുതി കമ്പികൾ മാറ്റി മണ്ണിനടിയിലൂടെ കേബിൾ വലിക്കാൻ കെ.എസ്.ഇ.ബിയോട് ആവശ്യപ്പെട്ടെങ്കിലും അത്തരത്തിൽ ചെയ്യാൻ കഴിയില്ലെന്നാണ് അവരുടെ നിലപാട്. ശബ്ദം പുറപ്പെടുവിച്ച് ഓടിക്കുകയല്ലാതെ കിളികളെ ഒഴിവാക്കാൻ മറ്റ് മാർഗമില്ലെന്നാണ് കൃഷി വകുപ്പ് അധികൃതരും പറയുന്നത്. ആറ്റക്കിളികളുടെ ശല്യം കൂടിയായതോടെ കർഷകരുടെ നെഞ്ചിടിപ്പേറി. നെൽക്കതിർ വിരിയുന്ന സമയത്തെ ഇവരുടെ ആക്രമണത്തെ പ്രതിരോധിക്കാൻ എങ്ങനെ കഴിയുമെന്ന് ഒരു രൂപവുമില്ലാതെ ആശങ്കയിലാണ് കർഷകർ.

വർഷങ്ങളായുള്ള ആറ്റക്കിളി ശല്യത്തിന് ശാശ്വത പരിഹാരം കാണാൻ അധികൃതരുടെ ഇടപെടൽ അനിവാര്യമായിരിക്കുകയാണ്.
- പി.സി. ബാബു
(പാടശേഖര സമിതി സെക്രട്ടറി)