
തൃശൂർ : നാട് നാളെ പ്രതീക്ഷയുടെ പുതിയ വർഷത്തിലേക്ക്. കഴിഞ്ഞുപോയ ഒരാണ്ട് ലോക്‌സഭാ തിരഞ്ഞെടുപ്പും പൂരവുമെല്ലാം വിവാദങ്ങൾ നിറഞ്ഞതായിരുന്നു. ഏപ്രിൽ 19 ന് പൂരം അലങ്കോലപ്പെട്ടത് മുതൽ ഉയർന്ന പൂര വിവാദം ഇനിയും കെട്ടടങ്ങിയിട്ടില്ല. പുതുവർഷത്തിലും അത് കൊട്ടിക്കയറിയേക്കും. എഴുന്നള്ളിപ്പ് മുടങ്ങിയതും വെടിക്കെട്ട് വൈകിയതും പിന്നീടുള്ള അന്വേഷണവും വിവാദങ്ങളുമെല്ലാം തൃശൂരിന്റെ രാഷ്ട്രീയ സാംസ്‌കാരിക മേഖലയെ പിടിച്ചുകുലുക്കുന്നതായി.
ഇതിന് പിന്നാലെ വെടിക്കെട്ട് അനിശ്ചിത്വത്തിലാക്കുന്ന തരത്തിൽ പെസോയുടെ കടുത്തനിയന്ത്രണവും ആനയെഴുന്നള്ളിപ്പ് കർശനമാക്കിയുള്ള ഹൈക്കോടതി വിധി സൃഷ്ടിച്ച കോലാഹലവും ചെറുതായിരുന്നില്ല. ഒടുവിൽ ആശ്വാസമായി സുപ്രീം കോടതിയുടെ സ്‌റ്റേയും കഴിഞ്ഞ വർഷത്തെ പ്രധാന സംഭവങ്ങളിൽ ഒന്നായി. പുതുവർഷാരംഭത്തിൽ പ്രധാനമന്ത്രി മോദിയുടെ സന്ദർശനം തന്നെയായിരുന്നു പ്രധാനം. തുടർന്ന് മൂന്ന് മാസത്തിനുള്ളിൽ മൂന്നുതവണ പ്രധാനമന്ത്രി ജില്ലയിലെ വിവിധ ഇടങ്ങളിലെത്തി.
സുരേഷ് ഗോപിയുടെ വിജയം, ഉപതിരഞ്ഞെടുപ്പ് ഫലം
തൃശൂരിന്റെ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറി കണ്ട വർഷമായിരുന്നു 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ്. എൽ.ഡി.എഫിന്റെയും യു.ഡി.എഫിന്റെയും സ്ഥാനാർത്ഥികളെ അട്ടിമറിച്ച് എൻ.ഡി.എയിലെ സുരേഷ് ഗോപി നേടിയ വിജയം രാജ്യം തന്നെ ചർച്ച ചെയ്തു. തൃശൂരിന് കേന്ദ്രസഹമന്ത്രിയെയും ലഭിച്ചു. ചേലക്കരയിൽ എം.എൽ.എയായിരുന്ന കെ.രാധാകൃഷ്ണൻ എം.പിയായതോടെ നടന്ന ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിലെ യു.ആർ.പ്രദീപും തിളക്കമാർന്ന വിജയം നേടി.
ഓർക്കാൻ, ഈ ഡയറിക്കുറിപ്പുകൾ
മൂന്ന് തവണ പ്രധാനമന്ത്രി മോദിയുടെ സന്ദർശനം
ലാൽജി കൊള്ളന്നൂർ വധക്കേസിലെ മുഴുവൻ പ്രതികളെയും വെറുതെ വിട്ടു
തൃശൂർ പൂരം അലങ്കോലപ്പെട്ടു. എഴുന്നള്ളിപ്പ് തടസപ്പെട്ടു, വെടിക്കെട്ട് വൈകി
സുരേഷ് ഗോപിയുടെ വിജയം, കേന്ദ്രമന്ത്രിയായുള്ള സത്യപ്രതിജ്ഞ
വി.കെ.ശ്രീകണ്ഠന് ഡി.സി.സി പ്രസിഡന്റിന്റെ താത്കാലിക ചുമതല
കളക്ടർ വി.ആർ.കൃഷ്ണതേജ കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക് മടങ്ങി
അർജുൻ പാണ്ഡ്യൻ പുതിയ കളക്ടർ
അതിതീവ്രമഴ, അനിയന്ത്രിത അളവിൽ ഡാം തുറക്കൽ, ആയിരക്കണക്കിന് വീട് വെള്ളത്തിൽ
അകമലയിൽ ഉരുൾപൊട്ടൽ മുന്നറിയിപ്പ്
മണിക്കൂറുകളുടെ വ്യത്യാസത്തിൽ മൂന്ന് എ.ടി.എം തകർത്ത് 69.45 ലക്ഷം കവർന്ന പ്രതികൾ തമിഴ്‌നാട്ടിൽ പിടിയിൽ
ചേലക്കര ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സഥാനാർത്ഥി യു.ആർ.പ്രദീപിന് വിജയം
പൂരം അലങ്കോലപ്പെടുത്തിയ സംഭവത്തിൽ സിറ്റി പൊലീസ് കമ്മിഷണർ അങ്കിത് അശോകന് സ്ഥലം മാറ്റം
ആർ.ഇളങ്കോ പുതിയ കമ്മിഷണർ
ആംബുലൻസ് യാത്ര കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ കേസ്
കൊടകര കുഴൽപ്പണ കേസിൽ ബി.ജെ.പി നേതാക്കൾക്കെതിരെ മുൻ ഓഫീസ് സെക്രട്ടറി
കൊടകര കുഴൽപ്പണ കേസിൽ പുനരന്വേഷണം
തിരൂർ സതീഷിന്റെ രഹസ്യമൊഴി രേഖപ്പെടുത്തി
ആനയെഴുന്നള്ളിപ്പിൽ നിയന്ത്രണമേർപ്പെടുത്തി ഹൈക്കോടതി
ജില്ലയിൽ വ്യാപക പ്രതിഷേധം
ദേവസ്വങ്ങൾ സുപ്രീംകോടതിയിൽ നൽകിയ ഹർജിയിൽ ഹൈക്കോടതി ഉത്തരവിന് സ്‌റ്റേ
വിയോഗങ്ങൾ
മങ്ങാട് നടേശൻ, കേളത്ത് അരവിന്ദാക്ഷൻ, ടി.കെ.ചാത്തുണ്ണി, പി.സലിംരാജ്, ജോസ് കാട്ടൂക്കാരൻ, ബാലചന്ദ്രൻ വടക്കേടത്ത്, ജോസ് പായമ്മൽ, ബിന്നി ഇമ്മട്ടി, ഇ.രഘുനന്ദനൻ, പി.കെ.സുകുമാരൻ, കണ്ണൻ സ്വാമി, സോണിയാ ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറി പി.പി.മാധവൻ, പൈങ്കുളം പ്രഭാകരൻ നായർ
നാടിനെ നടുക്കിയ ദുരന്തം
റഷ്യയിൽ യുക്രെയിൻ ആക്രമണത്തിൽ പുതുക്കാട് സ്വദേശി സന്ദീപ് കൊല്ലപ്പെട്ടു
നാട്ടികയിൽ ഉറങ്ങിക്കിടന്നവരുടെ ശരീരത്തിൽ ലോറി പാഞ്ഞു കയറി അഞ്ച് പേർ മരിച്ചു