trafic

ചാലക്കുടി: നഗരത്തിൽ വൻ ഗതാഗതക്കുരുക്ക്. ഇന്നലെ രാവിലെ ആറിന് ആരംഭിച്ച ഗതാഗത സ്തംഭനം മണിക്കൂറുകളോളം നീണ്ടു. ക്രിസ്മസ് അവധി കഴിഞ്ഞ് ആളുകൾ ജോലി സ്ഥലങ്ങളിലേക്ക് മടങ്ങുന്നതിന്റെ തിക്കുംതിരക്കും കഴിഞ്ഞ ഒരാഴ്ചയായി ചാലക്കുടി നഗരത്തിൽ അനുഭവപ്പെടുന്ന ഗതാഗതകുരുക്കിന് ആക്കംകൂട്ടി. ദേശീയപാതയിലാണ് പ്രധാനമായും വാഹനങ്ങൾ കുടുങ്ങിക്കിടന്നത്. സർവീസ് റോഡിനെ ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന സൗത്ത് ജംഗ്ഷന്റെ മേൽപ്പാലം ഭാഗം കടുത്ത ഗതാഗത സ്തംഭനത്തിലായി. ഇതുമൂലം സൗത്ത് ജംഗ്ഷൻ, മെയിൻ റോഡ്, ട്രങ്ക് റോഡ് ജംഗ്ഷൻ എന്നിവിടങ്ങളിലും വാഹനങ്ങൾക്ക് ഇടവും വലവും തിരിയാൻ കഴികാത്ത അവസ്ഥയിലെത്തി. നിരവധി സ്‌കൂൾ വാഹനങ്ങളും മണിക്കൂറുകൾ റോഡിൽ കിടന്നു.കെ.എസ്.ആർ.ടി.സി ബസുകളുടെ അവസ്ഥയും മറിച്ചായിരുന്നില്ല. നെടുമ്പാശ്ശേരി എയർപോർട്ടിലേക്ക് പോകുന്ന യാത്രക്കാരെയാണ് ഗതാഗത സ്തംഭനം
വലിയ രീതിയിൽ ബാധിച്ചത്. രാവിലെ മുതൽ പൊലീസുകാർ രംഗത്തുണ്ടെങ്കിലും അവർക്ക് ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയായിരുന്നു. കഴിഞ്ഞ ഒരാഴ്ചയായി നഗരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നുണ്ട്. മുരിങ്ങൂർ അടിപ്പാതയുടെ സമീപം കന്നുകാലികളെ കയറ്റി പോരുന്ന ലോറി കേടായി കിടന്നതും സ്തംനാവസ്ഥയ്ക്ക് ആക്കംകൂട്ടി.