 
തൃപ്രയാർ : നിർദ്ധന കുടുംബത്തിന് താങ്ങായി നാട്ടിക ഹയർ സെക്കൻഡറി സ്‌കൂളിലെ എൻ.എസ്.എസ് യൂണിറ്റ്. ജപ്തി ചെയ്യാനിരുന്ന വീടിന്റെ ആധാരം വീണ്ടെടുക്കുന്നതിനുള്ള പണം ബാങ്കിൽ അടച്ചാണ് കുടുംബത്തിന് സഹായം ചെയ്തത്. സ്‌കൂളിൽ 17 വർഷമായി കഞ്ഞിവച്ചു കൊടുക്കുന്ന അമ്മയ്ക്കായി വീട് പണിതു കൊണ്ടിരിക്കുന്നതിന്റെ ഇടയിലാണ് കാൻസർ ബാധിതനും നിരാലംബരുമായ സ്‌കൂൾ വിദ്യാർത്ഥിയുടെ വീട് ജപ്തിയാണെന്നറിഞ്ഞത്. വിവിധ ചലഞ്ചുകൾ നടത്തിയും ക്രിസ്മസ് കരോൾ വഴിയും പണം സമാഹരിക്കുകയായിരുന്നു കുട്ടികൾ. തൃപ്രയാർ ഗെസ്റ്റാൾട്ട് അക്കാഡമിയിലെ പൂർവ വിദ്യാർത്ഥികൾ സമാഹരിച്ച 50, 000 രൂപയും വ്യവസായി ഗോകുലം ഗോപാലൻ 25, 000 രൂപയും നൽകി. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ശലഭ ജ്യോതിഷിന്റെ നേതൃത്വത്തിൽ രണ്ടര ലക്ഷം രൂപയും സമാഹരിച്ചിരുന്നു. മൊത്തം തുക ബാങ്കിലടച്ചാണ് ബാദ്ധ്യത വീട്ടിയത്. ചടങ്ങിൽ അദ്ധ്യാപിക ഇ.ബി. ഷൈജ, ഗസ്റ്റാൾട്ട് അക്കാഡമിയിലെ അദ്ധ്യാപകരായ ഇ.പി. ഹരീഷ്, പ്രകാശൻ, എൻ.എസ്.എസ് വളണ്ടിയർമാരായ അശ്വതി, കൃതിക, ഹിസാൻ നസ്രിൻ, ഹിബ ഹൈറാത്ത് എന്നിവർ പങ്കെടുത്തു.