ചാലക്കുടി: മാസമുറ പുരുഷനായിരുന്നെങ്കിൽ അത് പരിശുദ്ധിയായി വ്യാഖ്യാനിക്കുകയും ആഘോഷിക്കുകയും ചെയ്യുമായിരുന്നുവെന്ന് പ്രൊഫ.ജി.ഉഷാകുമാരി പറഞ്ഞു. അംബേദ്കർ സാംസ്‌കാരിക സമിതി വനിതാ വിഭാഗം നടത്തിയ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. വനിത വിമോചനം തത്വവും പ്രയോഗവും എന്ന വിഷയത്തിലായിരുന്നു സെമിനാർ. ആൺ അധികാരം പൊതുജീവിതത്തിലും സ്വകാര്യജീവിതത്തിലും സർവാധിപത്യമായി നിലനിറുത്തുന്നത് ഒരു സ്വാഭാവികതയായി ഇന്നും തുടരുന്നുവെന്നും അവർ വ്യക്തമാക്കി. വനിത സബ് കമ്മിറ്റി ചെയർപേഴ്‌സൺ രത്‌നവല്ലി രാജപ്പൻ അദ്ധ്യക്ഷത വഹിച്ചു. കാലടി സംസ്‌കൃത സർവകലാശാല അദ്ധ്യാപിക ഡോ.കവിത സോമൻ മുഖ്യപ്രഭാഷണം നടത്തി. ഡോ.സി.സി.ബാബു മോഡറേറ്ററായി. മഹിളാ കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് സൂസി സുനിൽ, മഹിളാ അസോസിയേഷൻ ഏരിയാ സെക്രട്ടറി സി.ജി.സിനി, ബിജി സദാനന്ദൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. ഡോ.വത്സലൻ വാതുശ്ശേരി, ഡോ.കെ.എം.രമ, പ്രൊഫ.ബി.പാർവ്വതി ടീച്ചർ, ഇ.എസ്.ഹേമ, അനുഷ രാജേഷ്, പ്രബിത ദിലീപ്, എം.എസ്.അശോകൻ, ശ്രീലത കാക്കനാടൻ പ്രോഗ്രാം കോഡിനേറ്റർ ടി.എം രതീശൻ, സമിതി ചെയർമാൻ സുബ്രഹ്മണ്യൻ ഇരിപ്പശ്ശേരി തുടങ്ങിയവർ സംസാരിച്ചു.