kattupanni
1

കൊടുങ്ങല്ലൂർ : തീരദേശത്തെ സ്വകാര്യ ഭൂമിയിലെ കുറ്റിക്കാടുകളിൽ തമ്പടിക്കുന്ന കാട്ടുപന്നികൾ കൃഷി നശിപ്പിക്കുന്നത് തുടർക്കഥയായതോടെ കർഷകർ ദുരിതത്തിൽ. കൃഷി നാശം തുടർക്കഥയായതോടെ ആക്രമണകാരികളായ കാട്ടുപന്നികളെ വെടിവച്ചുകൊല്ലാൻ എസ്.എൻ പുരം പഞ്ചായത്ത് യോഗം തീരുമാനിച്ചു. പന്നികൾക്ക് പുറമെ മയിൽ, മുള്ളൻപന്നി, മലമ്പാമ്പ് തുടങ്ങിയവയാണ് കുറ്റിക്കാടുകളിൽ തമ്പടിക്കുന്നത്. ഇതിനുള്ളിലെ കാട്ടുപന്നിക്കൂട്ടം പകൽ സമയങ്ങളിൽ പോലും സമീപത്തെ വീടുകളോട് ചേർന്നുള്ള കൃഷിയിടങ്ങളിലിറങ്ങി കൃഷി നശിപ്പിക്കുന്നത് പതിവാണ്. തീരദേശ ഗ്രാമങ്ങളിൽ കാട്ടുപന്നികളുടെ ശല്യം ഏറിയിരിക്കുകയാണ്. മേഖലയിൽ ചെറുതും വലതുമായ നിരവധി ഭൂപ്രദേശങ്ങൾ കാടുപിടിച്ച് കിടക്കുന്നുണ്ട്. ഇവിടങ്ങളിലാണ് മലയോര മേഖലകളിൽ മാത്രം കാണുന്ന ജീവികൾ തീരദേശത്തെ കുറ്റിക്കാടുകളിൽ താവളമുറപ്പിച്ചിട്ടുള്ളത്. കഴിഞ്ഞ വെള്ളപ്പൊക്ക കാലത്തിനു ശേഷമാണ് തീരദേശത്ത് ഇവറ്റകളുടെ സാന്നിദ്ധ്യം കണ്ടെത്തിയത്. ആക്രമണകാരികളായ കാട്ടുപന്നികളെ പ്രതിരോധിക്കാൻ എന്തു ചെയ്യണമെന്ന് നിശ്ചയമില്ലാതെ നെഞ്ചിടിപ്പോടെയാണ് കർഷകർ ജീവിതം മുന്നോട്ടുനീക്കുന്നത്.

കൃഷി നശിപ്പിക്കുന്നതും ആക്രമിക്കുന്നതും പതിവ്
തീരദേശ പഞ്ചായത്തുകളായ മതിലകം, ശ്രീനാരായണപുരം, എടവിലങ്ങ് എന്നിവിടങ്ങളിലെ ജനവാസ മേഖലകളിൽ കാട്ടുപന്നികളുടെ ശല്യമുണ്ട്. കൊടുങ്ങല്ലൂർ നഗരസഭാ പ്രദേശമായ ടി.കെ.എസ് പുരത്തും കാട്ടുപന്നികൾ താണ്ഡവം തുടരുന്നു. ശ്രീനാരായണപുരത്ത് ഏറെനാളായി കാട്ടുപന്നി ശല്യം മൂലം കർഷകർ വലയുകയാണ്. ഒട്ടുമിക്ക കാർഷിക വിളകളും കാട്ടുപന്നികൾ നശിപ്പിക്കുന്നത് പതിവാണ്. കൃഷി നശിപ്പിക്കുന്നതിന് പുറമെ ഇരുചക്രവാഹനയാത്രക്കാർ ഉൾപ്പെടെയുള്ളവരും കാട്ടുപന്നികളുടെ ആക്രമണ ഭീഷണി നേരിടുന്നുണ്ട്. തെങ്ങിൽ തൈകൾ, വാഴ, ചേമ്പ് തുടങ്ങിയ കൃഷിയിടങ്ങൾ കാട്ടുപന്നികൾ നശിപ്പിക്കുകയാണ്.

ആക്രമണകാരികളായ കാട്ടുപന്നികളെ വെടിവച്ചുകൊല്ലാൻ തീരുമാനിച്ചിട്ടുണ്ട്. ലൈസൻസുള്ള വേട്ടക്കാരെ കണ്ടെത്തി കാട്ടുപന്നികളെ വെടിവയ്ക്കാൻ നടപടി സ്വീകരിക്കും.
- എം.എസ്. മോഹനൻ
(എസ്.എൻ പുരം പഞ്ചായത്ത് പ്രസിഡന്റ്)