വടക്കാഞ്ചേരി: രൂപീകൃതമായിട്ട് 9 വർഷം പിന്നിട്ട വടക്കാഞ്ചേരി നഗരസഭക്ക് ഒടുവിൽ മാസ്റ്റർ പ്ലാൻ. സർക്കാർ അന്തിമ അനുമതി നൽകി. പകർപ്പ് ടൗൺ പ്ലാനർ സീമ നഗരസഭ ചെയർമാൻ പി.എൻ.സുരേന്ദ്രന് കൈമാറി. സംസ്ഥാനത്തെ 28 നഗരസഭകളിൽ വടക്കാഞ്ചേരിയുൾപ്പെടെ രണ്ട് നഗരസഭകളാണ് മാസ്റ്റർ പ്ലാൻ പൂർത്തീകരിച്ചത്. നഗരത്തിന്റെ എല്ലാ സോണുകളിലും വ്യവസായ യൂണിറ്റുകൾക്ക് പ്രോത്സാഹനം നൽകും.155ഓളം പദ്ധതികളാണ് മാസ്റ്റർ പ്ലാനിൽ വിഭാവനം ചെയ്തിട്ടുള്ളത്. നഗരസഭ വൈസ് ചെയർപേഴ്‌സൺ ഷീല മോഹൻ, സ്ഥിരംസമിതി അധ്യക്ഷന്മാരായ എം.ആർ.അനൂപ് കിഷോർ, എ.എം.ജമീലാബി, പി.ആർ.അരവിന്ദാക്ഷൻ, സ്വപ്ന ശശി, ആസൂത്രണ സമിതി ഉപാധ്യക്ഷൻ എൻ.കെ.പ്രമോദ് കുമാർ, സെക്രട്ടറി കെ.കെ.മനോജ് എന്നിവർ പങ്കെടുത്തു.

2016ൽ തയ്യാറാക്കി

വടക്കാഞ്ചേരി, മുണ്ടത്തിക്കോട് പഞ്ചായത്തുകൾ കൂടിച്ചേർത്താണ് 2015ൽ നഗരസഭ രൂപീകരിച്ചത്. പുതുതായി രൂപീകരിച്ച എല്ലാ നഗരസഭകൾക്കും മാസ്റ്റർ പ്ലാൻ തയ്യാറാക്കാൻ സർക്കാർ നിർദ്ദേശിച്ചു. 2016ൽ തയ്യാറാക്കിയ മാസ്റ്റർ പ്ലാൻ നടപ്പാക്കുന്നതിന് ടൗൺ പ്ലാനിംഗ് വിഭാഗത്തിനെ ചുമതലപ്പെടുത്തി. വിവിധ ഡാറ്റ ശേഖരണവും സാമൂഹ്യസാമ്പത്തിക സർവേയും നടന്നു. 2020ൽ സർക്കാരിലേക്ക് സമർപ്പിച്ചു. നൂറോളം പരാതികൾ ഉയർന്നു. 2024ലാണ് അന്തിമ അനുമതിക്കായി സർക്കാരിലേക്ക് സമർപ്പിച്ചത്. 2016 ലെ കേരള നഗര ഗ്രാമാസൂത്രണ ആക്ടിലെ 36-ാം വകുപ്പ് എട്ടാം ഉപവകുപ്പ് പ്രകാരം ഉത്തരവ് നമ്പർ 174/ 2024 പ്രകാരമാണ് മാസ്റ്റർ പ്ലാൻ അംഗീകരിച്ചത്. നഗര വികസനത്തിലൂടെ വ്യവസായ മേഖലയിൽ വൻ കുതിപ്പ് ലക്ഷ്യമിട്ടാണ് തയ്യാറാക്കിയത്.