ഇരിങ്ങാലക്കുട : തൃശൂർ- കൊടുങ്ങല്ലൂർ റൂട്ടിൽ റോഡ് നിർമ്മാണം നടക്കുന്നതിനാൽ വെള്ളാങ്ങല്ലൂരിൽ ഗതാഗതക്കുരുക്കൊഴിയുന്നില്ല. വാഹന ഗതാഗത നിയന്ത്രണത്തിന് ആരുമില്ലാത്തത് മൂലമാണ് വാഹനങ്ങൾ കുരുക്കിലമരുന്നത്. രാപ്പകൽ ഭേദമെന്യേ ഇവിടെ വാഹനങ്ങൾ കരുക്കിൽപ്പെടുന്നു. തൃശൂർ ഭാഗത്ത് നിന്നുള്ള വാഹനങ്ങൾ വെള്ളാങ്ങല്ലൂർ ബ്ലോക്ക് ജംഗ്ഷനിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് പട്ടേപ്പാടം, പുഞ്ചപ്പറമ്പ് വഴി കോണത്തുകുന്ന് ജംഗ്ഷനിലെത്തി അവിടെ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് മെയിൻ റോഡ് വഴിയാണ് യഥാർത്ഥത്തിൽ പോകേണ്ടത്. ഇതു സൂചിപ്പിക്കുന്ന രണ്ടു മൂന്ന് ദിശാബോർഡുകൾ ബ്ലോക്ക് ജംഗ്ഷനിൽ സ്ഥാപിച്ചിട്ടുണ്ട്. പക്ഷേ നിയന്ത്രിക്കാൻ ആളില്ലാത്തത് മൂലം പല വാഹനങ്ങളും ഇടത്തോട്ടു തിരിയാതെ നേരെ തന്നെയാണ് പോകുന്നത്. ഇതേത്തുടർന്നാണ് ഗതാഗതക്കുരുക്ക് രൂക്ഷമാവുന്നത്. ബ്ലോക്ക് ജംഗ്ഷൻ മുതൽ കോണത്തുകുന്ന് ജംഗ്ഷൻ വരെ റോഡിന്റെ ഒരു വശത്തെ നിർമ്മാണ പ്രവർത്തനങ്ങൾ മാത്രമേ പൂർത്തിയായിട്ടുള്ളൂ. ചിലയിടങ്ങളിൽ താഴ്ച്ചയുള്ളതിനാൽ വാഹനങ്ങൾ ഒതുക്കാൻ പോലും സാദ്ധ്യമല്ല. അങ്ങോട്ടുമിങ്ങോട്ടും പോകാൻ സാദ്ധ്യമല്ലാതെ സമയം കൈയിൽ പിടിച്ചുപായുന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസുകളടക്കം ഈ കുരുക്കിൽപെട്ട് കിടക്കുന്നു. നിർമ്മാണ പ്രവർത്തനങ്ങളുടെ ചുമതലക്കാരായ കെ.എസ്.ടി.പിക്കാരോ പൊലീസോ ഗതാഗത വകുപ്പോ ഗതാഗതം നിയന്ത്രിക്കാൻ താത്പര്യം കാണിക്കുന്നില്ല.