പൊറത്തിശ്ശേരി : ഇരിങ്ങാലക്കുട നഗരസഭയിലെ 32, 33, 35, 36 വാർഡുകളിലെ ശുദ്ധജലക്ഷാമം പരിഹരിക്കുന്നതിനും കല്ലടത്താഴം, തളിയക്കോണം പടവുകളിലെ നെൽക്കൃഷിക്ക് ജലലഭ്യത ഉറപ്പാക്കുന്നതിനുമായുള്ള പൊറത്തുച്ചിറ സംരക്ഷിക്കണമെന്ന ആവശ്യവുമായി കേരള കർഷക സംഘം. കർഷകരുടെ പ്രധാന ജലസ്രോതസ്സായ പൊറത്തുച്ചിറയോട് നഗരസഭ കാട്ടുന്ന അവഗണനയ്ക്കെതിരെ ശക്തമായ സമരപരിപാടികൾക്ക് രൂപം നൽകാനാണ് കേരള കർഷക സംഘം തയ്യാറെടുക്കുന്നത്. സമരത്തിന്റെ ആദ്യപടിയായി കേരള കർഷക സംഘം പൊറത്തിശ്ശേരി മേഖലാ കമ്മിറ്റി പ്രതിരോധ കലാസന്ധ്യ സംഘടിപ്പിച്ചു.
കർഷകസംഘം ഇരിങ്ങാലക്കുട ഏരിയ സെക്രട്ടറി ടി.ജി. ശങ്കരനാരായണൻ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് ഐ.ആർ. ബൈജു അദ്ധ്യക്ഷനായി. ആർ.എൽ. ജീവൻലാൽ, കെ.ജെ. ജോൺസൺ, വി.എസ്. പ്രതാപൻ, സി.സി. ഷിബിൻ, സതി സുബ്രഹ്മണ്യൻ എന്നിവർ പ്രസംഗിച്ചു. തുടർന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവർത്തകർ അവതരിപ്പിച്ച ലഘുനാടകം, കഥാപ്രസംഗം, നാടൻപാട്ട്, പുല്ലാങ്കുഴൽ കച്ചേരി, കവിതാലാപനം തുടങ്ങിയവയും അരങ്ങേറി. പ്രതിരോധ കലാസന്ധ്യയുടെ ഭാഗമായി ചിറയിലെ വെള്ളവും മണ്ണും സംരക്ഷിച്ച് പ്രദേശവാസികളുടെയും പക്ഷിമൃഗാദികളുടെയും ആവാസ വ്യവസ്ഥ സംരക്ഷിക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധപ്പെട്ട അധികാരികൾക്ക് ബഹുജനങ്ങൾ ഒപ്പിട്ട നിവേദനം നൽകി.

ചിറയിലെ ജലം മലിനം

കുറെ വർഷങ്ങളായി ഇരിങ്ങാലക്കുടയിലെ തരിശിട്ടിരിക്കുന്ന ചെളിയംപാടം, കാട്ടൂർ റോഡിനു സമീപം പ്രവർത്തിക്കുന്ന വർക്ക് ഷോപ്പുകൾ എന്നിവിടങ്ങളിൽ നിന്നുള്ള മലിനജലമാണ് ചിറയിലെത്തുന്നത്. ചില സാമൂഹിക ദ്രോഹികൾ സെപ്റ്റിക് ടാങ്ക് മാലിന്യവും ചിറയിലേക്കെത്തുന്ന കല്ലേരിത്തോടിൽ ഒഴുക്കിവിടുന്നുണ്ട്. തന്മൂലം ചിറയിലെ വെള്ളം കറുത്തിരുണ്ട് ദുർഗന്ധം വമിക്കുന്നതായി പ്രദേശവാസികൾ നിരന്തരം പരാതിപ്പെടുകയാണ്. മാലിന്യപ്രശ്‌നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭാ അധികൃതർക്ക് പലതവണ നിവേദനങ്ങൾ നൽകിയിട്ടും യാതൊരു നടപടികയുമുണ്ടായില്ല.