
തൃപ്രയാർ: യുവാവിനെ വിളിച്ചുവരുത്തി ലോഡ് മുറിയിൽ പൂട്ടിയിട്ട് ആക്രമിച്ച ശേഷം പണവും മൊബൈൽ ഫോണും കവർന്ന കേസിൽ രണ്ട് സ്ത്രീകൾ ഉൾപ്പെടെ മൂന്നംഗ സംഘത്തെ വലപ്പാട് പൊലീസ് അറസ്റ്റ് ചെയ്തു. വലപ്പാട് ബീച്ചിൽ ഇയാനി ആഷിൽ ഭാര്യ രമ (25), കരയാമുട്ടത്ത് ചിക്കവയലിൽ ജോൺ മകൾ സ്വാതി (28), ചെന്ത്രാപ്പിന്നി ചാമക്കാലയിൽ താമസിക്കുന്ന ഷിബിൻ നൗഷാദ് എന്നിവരാണ് അറസ്റ്റിലായത്. മറ്റൊരാളും ഇവർക്കൊപ്പമുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. കഴിഞ്ഞ 23നായിരുന്നു സംഭവം. നാട്ടിക ബീച്ച് സ്വദേശിയായ യുവാവിനെ തൃപ്രയാറിലുള്ള അപ്പാർട്ട്‌മെന്റിലേക്ക് ഇവർ വിളിച്ചുവരുത്തി. തുടർന്ന് മുറിയിൽ പൂട്ടിയിട്ട് ആക്രമിച്ചു. യുവാവിന്റെ പോക്കറ്റിൽ നിന്ന് 5,000 രൂപയും ഒന്നര ലക്ഷം രൂപ വിലമതിക്കുന്ന മൊബൈൽ ഫോണും കഴുത്തിൽ കിടന്നിരുന്ന മാലയും ബലമായി കൈവശപ്പെടുത്തി പുറത്തുപോയി. യുവാവ് പ്രതികളെ പിന്തുടർന്ന് കവർച്ച ചെയ്ത സാധനങ്ങൾ തിരികെ വാങ്ങാനായി ചെന്നതോടെ പ്രതികൾ യുവാവിനെ മർദ്ദിച്ചു. യുവാവിന്റെ പരാതിയിലാണ് പ്രതികൾ അറസ്റ്റിലായത്. വലപ്പാട് ഇൻസ്‌പെക്ടർ എം.കെ.രമേശിന്റെ നിർദ്ദേശപ്രകാരം എസ്.ഐ എബിൻ, എ.എസ്.ഐ റംല, സിവിൽ പൊലീസ് ഓഫീസർമാരായ പ്രബിൻ, മനോജ്, സുമി എന്നിവരുൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.