തൃശൂർ: പുതുവർഷം പിറന്നപ്പോൾ ശുഭപ്രതീക്ഷയുടെ നിറവെളിച്ചം പരത്തുകയാണ്, ജില്ലയിലെ വികസനമുന്നേറ്റങ്ങളുടെ തിരിനാളങ്ങൾ. രാജ്യത്തിന് മുന്നിൽ കേരളത്തിന്റെ അഭിമാന പദ്ധതിയായ പുത്തൂർ സുവോളജിക്കൽ പാർക്ക് ജൂണിൽ തുറക്കാനാകുമെന്ന് മന്ത്രിമാർ പ്രഖ്യാപിച്ചതാണ് പ്രധാനപ്രതീക്ഷകളിലൊന്ന്. പ്രതിവർഷം മുപ്പത് ലക്ഷം വിനോദസഞ്ചാരികളെ പ്രതീക്ഷിക്കുന്ന ഏറ്റവും വലിയ ടൂറിസ്റ്റ് കേന്ദ്രമാകാൻ ഒരുങ്ങുന്ന പുത്തൂർ സുവോളജിക്കൽ പാർക്കിനൊപ്പം തന്നെ പുത്തൂർ കായൽ, ഓലക്കയം, വല്ലൂർകുത്ത് വെള്ളച്ചാട്ടങ്ങൾ, പീച്ചി ഡാം, ഒരപ്പൻകെട്ട്, കെ.എഫ്.ആർ.ഐ., കേരള കാർഷിക സർവകലാശാല, കച്ചിത്തോട് ഡാം എന്നിവ കൂട്ടിയിണക്കി ടൂറിസ്റ്റ് ഇടനാഴി ഒരുങ്ങുന്നുവെന്നതാണ് മറ്റൊരു പ്രത്യാശ. അതോടെ ടൂറിസത്തിലൂടെയുളള സമഗ്രവികസനത്തിനും വഴിയൊരുങ്ങും.


വിനോദസഞ്ചാരത്തിൽ കുതിയ്ക്കും?

പീച്ചി ഡാമിന്റെ രണ്ടാംഘട്ട സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി നിരവധി വികസനപ്രവർത്തനങ്ങളുണ്ടാകുമെന്നാണ് വിവരം. പീച്ചിയിൽ കുട്ടവഞ്ചി സവാരി കഴിഞ്ഞ നവംബറിൽ തുടങ്ങിയിരുന്നു. അതിരപ്പിളളിയിൽ ഡിസ്‌നിലാൻഡ് മാതൃകയിൽ വിനോദസഞ്ചാര പദ്ധതി ഒരുക്കാനുളള സാദ്ധ്യതകളും തെളിഞ്ഞുതുടങ്ങി.പുള്ള് കായൽ പ്രദേശത്തെ ജില്ലയിലെ ഏറ്റവും പ്രകൃതിരമണീയമായ വിനോദസഞ്ചാര മേഖലയായി മാറ്റാനാകുമെന്ന പ്രതീക്ഷയ്ക്ക് ബലമേകുന്നതായിരുന്നു സംസ്ഥാന ബഡ്ജറ്റിൽ അനുവദിച്ച തുക. നടപ്പാത നിർമ്മാണത്തിനും എൽ.ഇ.ഡി ലൈറ്റുകൾ സ്ഥാപിക്കുന്നതിനുമായാണ് രണ്ടുകോടി അനുവദിച്ചത്.


പ്രത്യാശയുടെ വഴിവെട്ടങ്ങൾ


തീരദേശമേഖലയിൽ അതിവേഗം പണി നടക്കുന്ന ദേശീയപാത

മലയോര ഹൈവേ നിർമ്മാണപ്രവർത്തനങ്ങൾക്ക് വേഗം

വിമാനത്താവളമാതൃകയിൽ തൃശൂർ റെയിൽവേ സ്റ്റേഷൻ നവീകരണം

കെ.എസ്.ആർ.ടി. സ്റ്റാൻഡ് നവീകരണത്തിന് പ്രാരംഭനടപടികൾ

തൃശൂർ കുറ്റിപ്പുറം സംസ്ഥാനപാതയുടെ വികസനത്തിന് തുടക്കമാകുന്നു
ദേശീയപാതകളിൽ സർവീസ് റോഡുകളുടെ നിർമ്മാണവും തുടരുന്നു

ആമ്പല്ലൂർ, മുടിക്കോട്, കല്ലിടുക്ക് എന്നിവിടങ്ങളിൽ അടിപ്പാതകളുടെ പണി

അഴീക്കാേട്, തളിക്കുളം, ചാവക്കാട് അടക്കമുളള ബീച്ചുകളിലെ വികസനം

ബഡ്ജറ്റിൽ പത്ത് കോടി അനുവദിച്ചതിനെ തുടർന്ന് ശക്തൻ സ്റ്റാഡ് നവീകരണം


ബഡ്ജറ്റ് പ്രതീക്ഷകൾ സഫലമാകുമോ?


സംസ്ഥാന ബഡ്ജറ്റിലും ടൂറിസം മേഖലയ്ക്ക് കൂടുതൽ ഊന്നൽ നൽകിയിരുന്നു.

പീച്ചിയിലും പുത്തൂരിലും 10 കോടി, പുത്തൂർ സുവോളജിക്കൽ പാർക്ക് പൊലീസ് സ്റ്റേഷൻ കെട്ടിട നിർമ്മാണം 3 കോടി, ശക്തൻ മാർക്കറ്റ് വികസനം, 2 കോടി
ജനറൽ ആശുപത്രി ഒ.പി ബ്ലോക്ക് മൂന്നാംനില നിർമ്മാണം 1.50 കോടി, കളക്ടറേറ്റ് അനക്‌സ് ബ്ലോക്ക് നിർമ്മാണം 25 കോടി, മുസിരിസ് ഹെറിട്ടേജ് ആൻഡ് സ്‌പൈസസ് റൂട്ട്, റിവർ ക്രൂയിസ് ഹെറിട്ടേജ് ആൻഡ് സ്‌പൈസസ് റൂട്ട് പദ്ധതികൾ നടപ്പിലാക്കുന്നതിനായി 14 കോടി, ആരോഗ്യസർവകലാശാലയുടെ പ്രവർത്തനങ്ങൾക്കായി 11.50 കോടി എന്നിങ്ങനെയായിരുന്നു നീക്കിവെച്ചത്.