തൃശൂർ: റവന്യൂ ലാൻഡ് ഇൻഫർമേഷൻ സിസ്റ്റം (റെലിസ്) സൈറ്റ് ഒരാഴ്ചയായി തകരാറിലായത് നികുതിയടയ്ക്കൽ, പോക്കുവരവ്, തരംമാറ്റം ഉൾപ്പെടെയുള്ളവയെ ബാധിച്ചതായി പരാതി. ഇന്നലെയും ചിലയിടങ്ങളിൽ സൈറ്റ് കിട്ടുന്നുണ്ടായിരുന്നില്ല. അക്ഷയ കേന്ദ്രങ്ങളിലെത്തിയ പലർക്കും തിരികെ പോകേണ്ടിവന്നു. കഴിഞ്ഞ വ്യാഴാഴ്ച മുതൽക്കാണ് സൈറ്റ് കിട്ടാതായത്. മെയിന്റനൻസ് എന്ന സന്ദേശമാണ് സൈറ്റ് തുറക്കുമ്പോൾ കിട്ടുന്നതെന്ന് വില്ലേജ് ഓഫീസർമാർ പറയുന്നു. സാധാരണ ഇത്തരം അവസരങ്ങളിൽ മുൻകൂട്ടി അറിയിപ്പുണ്ടാകാറുണ്ട്. ഇത്തവണ അതുണ്ടായില്ലെന്നും ആക്ഷേപമുണ്ട്. വിവരം കളക്ടറെ അറിയിച്ചിരുന്നു. തകരാർ ഉടൻ പരിഹരിക്കണമെന്നും സൈറ്റ് മെയിന്റനൻസ് അറിയിപ്പ് മുൻകൂട്ടി ജനങ്ങളെയും ജീവനക്കാരെയും അറിയിക്കണമെന്നും ഷെഡ്യൂൾഡ് മെയിന്റനൻസ് അവധി ദിവസങ്ങളിലാക്കണമെന്നും കേരള റവന്യൂ ഡിപ്പാർട്‌മെന്റ് സ്റ്റാഫ് അസോസിയേഷൻ (കെ.ആർ.ഡി.എസ്.എ) ആവശ്യപ്പെട്ടു.