alyasa

എരുമപ്പെട്ടി : അഞ്ച് വയസുള്ളപ്പോൾ ഒരു മിനിറ്റിൽ മുഖ്യമന്ത്രി പിണറായി വിജയന്റെയും, നിമിഷനേരം കൊണ്ട് മോഹൻലാലിന്റെയും, ഒന്നാം ക്ലാസിൽ പഠിക്കുമ്പോൾ എക്‌സിറ്റ്‌പോൾ കാർട്ടൂണും വരച്ച് ശ്രദ്ധേയനായ കുട്ടി കാർട്ടൂണിസ്റ്റ് മുഹമ്മദ് അൽയസ ഇപ്പോൾ പത്ത് മിനിറ്റിൽ വരച്ച എം.ടി.വാസുദേവൻ നായരുടെ കാരിക്കേച്ചർ വിസ്മയമായി. രണ്ടര വയസുള്ളപ്പോൾ ചുമരിൽ കുത്തിവരച്ചാണ് ആദൂർ സ്വദേശിയും ഗിന്നസ് സത്താർ ആദൂരിന്റെയും ഷെമീന ബീവിയുടെയും മകനായ അൽയസ ചിത്രരചന ആരംഭിക്കുന്നത്. തുടർന്ന് പത്രങ്ങളിൽ വരുന്ന കാർട്ടൂൺ അതേപടി നോക്കി വരയ്ക്കാൻ തുടങ്ങിയതോടെ വീട്ടുകാർ പിന്തുണ നൽകിത്തുടങ്ങി. പത്രമാദ്ധ്യമങ്ങളിൽ വന്ന വാർത്തകളും, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ നിന്ന് ലഭിച്ച പിന്തുണയും ഏഴ് വയസാകുമ്പോഴേക്കും ലൈവ് ആർട്ട് ചെയ്യുന്ന തരത്തിലേക്ക് അൽയസയെ എത്തിച്ചു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോഡി, രാഹുൽ ഗാന്ധി, ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, ഫുട്ബാൾ താരങ്ങളായ മെസി, നെയ്മർ, കെ.സുധാകരൻ, വി.ഡി.സതീശൻ, ഗോവിന്ദൻ മാഷ്, രമേശ് ചെന്നിത്തല, കെ.മുരളീധരൻ, ബിനോയ് വിശ്വം, എൻ.ഷംസീർ, പി.രാജീവ്, തോമസ് ഐസക്, ശ്രീമതി ടീച്ചർ, മാണി സി.കാപ്പൻ, രാഹുൽ മാങ്കൂട്ടത്തിൽ, വൈക്കം മുഹമ്മദ് ബഷീർ, ഒ.വി.വിജയൻ തുടങ്ങി നിരവധി പ്രശസ്തരുടെ കാർട്ടൂണുകൾ വരച്ചിട്ടുണ്ട്. പെരുമ്പിലാവ് അൻസാർ ഇംഗ്ലീഷ് സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ്.