man
1

വടക്കാഞ്ചേരി : നഗരസഭയിലെ പട്ടാണിക്കാട് വനാതിർത്തിയോട് ചേർന്ന് പുള്ളിമാൻ ചത്ത നിലയിൽ. തെരുവുനായ സംരക്ഷണ കേന്ദ്രത്തിലെ നായ്ക്കൾ കൂടുപൊളിച്ച് പുറത്തു ചാടി മാനിനെ ആക്രമിച്ച് കൊല്ലുകയായിരുന്നുവെന്ന് ആരോപിച്ച് നഗരസഭ കൗൺസിലർ ബുഷറ റഷീദ് രംഗത്ത്. കേന്ദ്രം ഒഴിപ്പിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിട്ടും നഗരസഭ കേന്ദ്രത്തെ സംരക്ഷിക്കുകയാണെന്ന് ബുഷറ കുറ്റപ്പെടുത്തി. ഇക്കാര്യത്തിൽ നഗരസഭയ്‌ക്കെതിരെ പ്രക്ഷോഭം ആരംഭിക്കുമെന്നും അറിയിച്ചു.

ഒഴിഞ്ഞുപോകാൻ തയ്യാർ : സമയം വേണം

തെരുവുനായ സംരക്ഷണകേന്ദ്രം പൂർണ്ണമായും നിയമാനുസൃതമാണെന്ന് നടത്തിപ്പ് ചുമതലയുള്ള വാക്കിംഗ് ഐ ഫൗണ്ടേഷൻ അനിമൽ ഫോർ അഡ്വക്കേസി (വഫ) ഭാരവാഹികൾ. 2022ൽ രജിസ്റ്റർ ചെയ്ത സ്ഥാപനം പൂർണ്ണമായും ചാരിറ്റി പ്രവർത്തനമാണ് നടത്തുന്നത്. അകമലയിൽ 140 നായകൾക്കാണ് സംരക്ഷണം നൽകുന്നത്. നഗരസഭയും വനം വകുപ്പും നിരന്തരം പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നു. ഒഴിഞ്ഞുപോകാൻ തയ്യാറാണ്. ഇതര സംസ്ഥാനങ്ങളിൽ വരെ മറ്റൊരു സ്ഥലത്തിനായി അന്വേഷണം നടക്കുന്നുണ്ട്.

സ്ഥലം ലഭിച്ചാൽ കേന്ദ്രം മാറ്റും. നഗരസഭയ്ക്ക് കത്ത് നൽകിയപ്പോൾ ഏഴു ദിവസമാണ് നൽകിയത്. ഇതിനെതിരെ കോടതിയെ സമീപിച്ചിട്ടുണ്ട്. ഇരിങ്ങാലക്കുട കാട്ടൂരിൽ പ്രവർത്തിച്ചിരുന്ന തെരുവ് നായ് സംരക്ഷണ കേന്ദ്രം വടക്കാഞ്ചേരിയിലേക്ക് മാറ്റിയത് പൂർണ്ണമായും നിയമാനുസൃതമാണ്. 13 ലക്ഷം ചെലവഴിച്ചാണ് കേന്ദ്രം ഒരുക്കിയതെന്ന് വഫ മാനേജിംഗ് ഡയറക്ടർ വിവേക് കെ.വിശ്വനാഥൻ അറിയിച്ചു.