കൊടുങ്ങല്ലൂർ : കൊടുങ്ങല്ലൂർ കുരുംബ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തിൽ പങ്കെടുക്കാൻ ഭയമാണെന്ന് പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് സംവിധായകൻ കമൽ എന്ന് ബി.ജെ.പി കൊടുങ്ങല്ലൂർ മേഖലാ കമ്മിറ്റി ഭാരവാഹികൾ ആരോപിച്ചു. കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രത്തേയും അതിന്റെ ആചാരാനുഷ്ഠാനങ്ങളെയും നശിപ്പിക്കാനുള്ള ശ്രമമാണ് സി.പി.എമ്മിന്റെ പേരിൽ കമൽ നടത്തിക്കൊണ്ടിരിക്കുന്നത്. താലപ്പൊലി മഹോത്സവം തുടങ്ങാനിരിക്കെ ഇരിങ്ങാലക്കുടയിലെ വർണക്കുട സാംസ്‌കാരികോത്സവത്തിൽ നിരുത്തരവാദപരമായ പ്രസ്താവന നടത്തിയത് ആസൂത്രിതമായ അജണ്ടയുടെ ഭാഗമാണെന്നും തന്റെ പ്രസ്താവന പിൻവലിച്ച് കൊടുങ്ങല്ലൂർക്കാരനായ കമൽ മാപ്പ് പറയണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റുമാരായ കെ.എസ്. വിനോദ്, സെൽവൻ മനക്കാട്ടുപടി, ടി.ബി. സജീവൻ, പി.എസ്. അനിൽകുമാർ, കെ.പി. ഉണ്ണിക്കൃഷ്ണൻ, കെ.ആർ. വിദ്യാസാഗർ, എൽ.കെ. മനോജ്, ടി.എസ്. സജീവൻ എന്നിവർ സംബന്ധിച്ചു.