
കുന്നംകുളം: ആർത്താറ്റ് വീട്ടമ്മയെ വെട്ടുകത്തി കൊണ്ട് കഴുത്തിന് വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയുമായി കുന്നംകുളം പൊലീസ് തെളിവെടുപ്പ് നടത്തി. കുന്നംകുളം ആർത്താറ്റ് സ്വദേശിനി സിന്ധുവാണ് മരിച്ചത്. സംഭവത്തിൽ സഹോദരി ഭർത്താവ് മുതുവറ സ്വദേശി കണ്ണനാണ് അറസ്റ്റിലായത്.
പ്രതിയുമായി ചൊവ്വാഴ്ച വൈകിട്ട് നാലരയോടെയാണ് കുന്നംകുളം അസിസ്റ്റന്റ് പൊലീസ് കമ്മിഷണർ സി.ആർ.സന്തോഷ്, സ്റ്റേഷൻ ഹൗസ് ഓഫീസർ യു.കെ.ഷാജഹാൻ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് തെളിവെടുപ്പ് നടത്തിയത്. തെളിവെടുപ്പിൽ ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ സമീപത്തെ പറമ്പിൽ നഷ്ടപ്പെട്ട ചെരുപ്പും വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്താൻ ഉപയോഗിച്ച വെട്ടുകത്തിയും കണ്ടെടുത്തു. പ്രദേശവാസികളായ രണ്ടുപേരുടെ സാന്നിദ്ധ്യത്തിലായിരുന്നു തെളിവെടുപ്പ്. കൊല്ലപ്പെട്ട വീട്ടമ്മയുടെ മൃതദേഹം തൃശൂർ മെഡിക്കൽ കോളേജ് പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ഇന്ന് രാവിലെ പത്തോടെ വീട്ടിലെത്തിക്കും. തുടർന്ന് കുന്നംകുളം നഗരസഭ ക്രിമറ്റോറിയത്തിൽ സംസ്‌കരിക്കും.