
കുന്നംകുളം: ആർത്താറ്റ് ഭാര്യാ സഹോദരിയെ യുവാവ് കഴുത്തറുത്ത് കൊലപ്പെടുത്തിയത് സ്വർണ്ണാഭരണം തട്ടിയെടുത്ത് കടം തീർക്കാനെന്ന് പൊലീസ്. ആർത്താറ്റ് നാടഞ്ചേരി വീട്ടിൽ സിന്ധുവിനെ (50) സഹോദരിയുടെ ഭർത്താവ് മുതുവറ സ്വദേശി കണ്ണനാണ് കൊലപ്പെടുത്തിയത്. കടം തീർക്കാനായി വീട്ടമ്മയുടെ സ്വർണ്ണം കവരുന്നതിനിടെയായിരുന്നു കൊലപാതകം. പ്രതിക്ക് ഏഴ് ലക്ഷത്തിന്റെ കടമുണ്ടായതായി പറയുന്നു. ആറ് വളയും സ്വർണ്ണ മാലയുമാണ് പ്രതി തട്ടിയെടുത്തത്. സിന്ധുവിന്റെ വീട്ടിൽ നിന്ന് കരച്ചിൽ കേട്ടതോടെ അയൽവാസികളായ ദമ്പതികൾ വീട്ടിലെത്തി സിന്ധുവിനെ അന്വേഷിച്ച സമയത്ത് കറുത്ത മാസ്‌കും ടീഷർട്ടും ധരിച്ച യുവാവ് വാതിൽ തുറക്കുകയും സിന്ധു വീട്ടിലുണ്ടെന്ന് പറയുകയും ചെയ്തു. ഇത് സഹോദരിയുടെ മകനാണെന്നാണ് ദമ്പതികൾ കരുതിയത്. പിന്നീട് കടയിലേക്ക് സാധനങ്ങൾ വാങ്ങാൻ പോയ ഭർത്താവ് തിരികെ വന്നു നോക്കിയപ്പോഴാണ് സിന്ധു മരിച്ചു കിടക്കുന്നത് കണ്ടത്. പ്രതി കറുത്ത ടീഷർട്ടും മാസ്‌കും ധരിച്ചിരുന്നെന്ന അയൽവാസികളായ ദമ്പതികളുടെ മൊഴിയാണ് നിർണായകമായത്. കൊലപാതക ശേഷം വീടിന്റെ പിറകിലെ ഗ്രില്ല് തുറന്ന് സമീപത്തെ പാടത്തിലൂടെ ഇറങ്ങിയാണ് ഇയാൾ രക്ഷപ്പെട്ടത്. ഇതിനിടെ പ്രതി കൊലപാതകത്തിന് ഉപയോഗിച്ച ആയുധം പാടത്ത് വലിച്ചെറിഞ്ഞു. സംഭവത്തിൽ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. അതേസമയം തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ഇന്ന് രാവിലെ 10ന് കുന്നംകുളം നഗരസഭ ക്രിമറ്റോറിയത്തിൽ സംസ്‌കരിക്കും. തിങ്കളാഴ്ച രാത്രി എട്ടോടെയായിരുന്നു കൊലപാതകം.