ചാലക്കുടി: അതിരപ്പിള്ളി, വാഴച്ചാൽ വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ ടിക്കറ്റ് ചാർജിൽ വർദ്ധനവ്. നിലവിലെ നിരക്കിന്റെ കൂടെ ജി.എസ്.ടി ഉൾപ്പെടുത്തിയതാണ് വർദ്ധനവിന് കാരണമെന്ന് വാഴച്ചാൽ ഡി.എഫ്.ഒ പറഞ്ഞു. പുതുക്കിയ നിരക്ക് പ്രകാരം മുതിർന്നവർക്ക് 60 രൂപയുടെ ടിക്കറ്റ് എടുക്കണം. അമ്പത് രൂപയായിരുന്നു പഴയ നിരക്ക്.കുട്ടികൾക്ക് 15, വിദ്യാർതഅഥികൾക്ക് 20, വിദേശ പൗരന്മാർക്ക് 250 എന്നിങ്ങനെയാണ് പുതിയ നിരക്കുകൾ.അതിരപ്പിള്ളിയിലും വാഴച്ചാലിലും പ്രത്യേകം ടിക്കറ്റ് ആവശ്യമില്ല. ഒരു സ്ഥലത്തെ നിരക്കിൽ ടിക്കറ്റെടുത്താൽ ഇരു വിനോദ സഞ്ചാര കേന്ദ്രങ്ങളും സന്ദർശിക്കാം.
അടിസ്ഥാന സൗകര്യമില്ലെന്ന് പരാതി
അതിരപ്പിള്ളിയിലും വാഴച്ചാലിലും ദിനംപ്രതി എത്തുന്ന ആയിരക്കണക്കിന് വിനോദ സഞ്ചാരികൾക്ക് അടിസ്ഥാന സൗകര്യമില്ലാത്ത് വർഷങ്ങളായി തുടരുന്ന ദുരിതം. പ്രാഥമിക ആവശ്യങ്ങൾക്ക് സ്ത്രീകളും കുട്ടികളും പരക്കം പായുന്നത് ഇവിടെ പലപ്പോഴും ദയനീയ കാഴ്ച.
അവധിക്കാലങ്ങളിൽ ആയിരക്കണക്കിന് ആളുകൾ എത്തുമ്പോഴാണ് പ്രശ്‌നം രൂക്ഷമാകുന്നത്. വെള്ളച്ചാട്ട കവാടത്തിൽ നിന്ന് നൂറ് മീറ്റർ അകലെ ടിക്കറ്റ് കൗണ്ടറിന് സമീപത്ത് ഒരു ടോയ്‌ലറ്റ് പ്രവർത്തിക്കുന്നു. വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന്റെ താഴെയായി മറ്റൊന്നുമുണ്ട്. ഇവയിൽ കൃത്യമായി ശുചീകരണം നടക്കാത്തതിനാൽ ശോചനീയ അവസ്ഥയും. ഒരു കിലോ മീറ്ററോളം നടന്ന് വെള്ളച്ചാട്ടത്തിൽ എത്തുന്നവർക്ക് പ്രാഥമിക ആവശ്യം നിറവേറ്റുന്നതിന് സൗകര്യങ്ങളില്ല. വാഹന പാർക്കിങ്ങാണ് മറ്റൊരു ദുരിതം. പൊതു മരാമത്ത് വകുപ്പിന്റെ റോഡിന് സമീപം വാഹനങ്ങൾക്ക് പാർക്ക് ചെയ്യുന്നതിനാണ് വനപാലകർ ഇക്കാലമത്രയും പണം ഈടാക്കുന്നത്. മുകളിലുള്ള വനം വകുപ്പിന്റെ സ്ഥലത്തുള്ള പാർക്കിം ഗ്രൗണ്ടിലേയ്ക്ക് വലിയ വാഹനങ്ങൾ എത്തിപ്പെടുന്നത് ശ്രമകരമാണ്. ഇവിടെയുള്ളതാകട്ടെ കുറച്ച് സ്ഥലവും.
പുതിയ ടിക്കറ്റ് നിരക്കുകൾ (പഴയ നിരക്ക് ബ്രായ്ക്കറ്റിൽ)
മുതിർന്നവർ 60 (50).
കുട്ടികൾ 15 (12).
വിദ്യാർത്ഥികൾ 20 (16).
വിദേശികൾ 250 (200).
ഇരുചക്ര വാഹനം 15 (12).
ചെറിയ വാഹനങ്ങൾ 40 (33)
വലിയ വാഹനങ്ങൾ 100 (80).
സ്റ്റിൽ കാമറ 75 (60).
വിഡിയോ കാമറ 500 (400)