
ചിറയിൻകീഴ്: ചിറയിൻകീഴ് ശാർക്കര - മഞ്ചാടിമൂട് ബൈപ്പാസ് റോഡിൽ വെയിറ്റിംഗ് ഷെഡുകളില്ലാത്തതിനാൽ യാത്രക്കാർക്ക് ദുരിതം.ബൈപ്പാസ് റോഡിൽ ശാർക്കര, ഇരപ്പുപാലം, മഞ്ചാടിമൂട് എന്നിവിടങ്ങളിലാണ് വെയിറ്റിംഗ് ഷെഡുകൾ വേണമെന്ന ആവശ്യമുള്ളത്.നിരവധി യാത്രക്കാരെത്തുന്ന ശാർക്കര ജംഗ്ഷനിൽ വെയിലിൽ നിന്നും മഴയിൽ നിന്നും രക്ഷപ്പെടാൻ സമീപത്തെ കടത്തിണ്ണകളെയാണ് പലരും ആശ്രയിക്കുന്നത്. ഈ റൂട്ടിൽ യാത്രാക്ലേശം രൂക്ഷമായതിനാൽ പല സമയത്തും ഏറെനേരം ബസ് കാത്തുനിൽക്കേണ്ടി വരും. ഗത്യന്തരമില്ലാതെ വെയിലത്തു നിന്ന് കരിവാളിക്കുന്ന യുവതീയുവാക്കളും, ഒന്നിരിക്കാൻ പോലുമിടമില്ലാതെ കുഴഞ്ഞുപോകുന്ന വൃദ്ധരും പതിവ് കാഴ്ചയാണ്.
മഞ്ചാടിമൂട്,ഇരപ്പുപാലം എന്നിവിടങ്ങളിലെ അവസ്ഥയും സമാനമാണ്. ബൈപ്പാസ് ഉദ്ഘാടന സമയത്ത് വെയിറ്റിംഗ് ഷെഡുകൾ ഉടൻ നിർമ്മിക്കുമെന്ന് പറഞ്ഞെങ്കിലും അധികൃതർ മറന്നമട്ടാണ്.
വെയിറ്റിംഗ് ഷെഡ് നിർമ്മിക്കേണ്ടത്
ശാർക്കര, ഇരപ്പുപാലം, മഞ്ചാടിമൂട്
ഉത്സവം അടുത്തു
ശാർക്കര പൊങ്കാലയും മീനഭരണിയും അനുബന്ധിച്ച് ശർക്കര പറമ്പിൽ അരങ്ങേറുന്ന 65 ദിവസത്തെ വാണിജ്യമേളയുമെല്ലാം ശാർക്കര കേന്ദ്രീകരിച്ചുള്ള യാത്രക്കാരിൽ വർദ്ധനയാണ് ഉണ്ടാക്കുന്നത്.
ഇവിടേക്ക് എത്തുന്ന യാത്രക്കാരെ പരിഗണിച്ചെങ്കിലും വെയിറ്റിംഗ് ഷെഡ് നിർമ്മിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
ഗതാഗതക്കുരുക്കും രൂക്ഷം
ശാർക്കര റെയിൽവേഗേറ്റ് അടയ്ക്കുമ്പോഴും തുറക്കുമ്പോഴും ശാർക്കര - വലിയകട റോഡിൽ വാഹനങ്ങളുടെ നീണ്ട നിര കാണാറുണ്ട്.ഈ സമയങ്ങളിൽ ബൈപ്പാസിൽ നിന്ന് വരുന്ന വാഹനങ്ങൾ കൂടി ഈറോഡിൽ പ്രവേശിക്കുമ്പോൾ വൻ ഗതാഗതക്കുരുക്കാണ് ഉണ്ടാകുന്നത്.ശാർക്കര - വലിയകട റോഡിന്റെ വീതിക്കുറവാണ് ഗതാഗതക്കുരുക്കിന് പ്രധാനകാരണം.
വീതി കൂട്ടും
ശാർക്കര - വലിയകട റോഡിന്റെ വീതി കൂട്ടുന്ന കാര്യം അധികൃതരുടെ സജീവ പരിഗണനയിലാണ്.