വിതുര: മലയോരമേഖയിൽ വീണ്ടും ലഹരിമാഫിയ പിടിമുറുക്കുന്നു. വിതുര മേഖല ലഹരിയുടെ പിടിയിലായിട്ട് മാസങ്ങളേറെയായി. കഞ്ചാവിനും എം.ഡി.എം.എയ്ക്കുമാണ് ഇപ്പോൾ കൂടുതൽ ഡിമാന്റ്. എന്നിട്ടും യാതൊരുവിധ നടപടികളും അധികൃതരുടെ ഭാഗത്തുനിന്നുമുണ്ടാകുന്നില്ല. വിതുര, തൊളിക്കോട്, ആര്യനാട്, നന്ദിയോട്, പെരിങ്ങമ്മല പഞ്ചായത്തുകളിൽ കഞ്ചാവ് മാഫിയ തഴച്ചു വളർന്നിരിക്കുകയാണ്.ആദിവാസി മേഖലകളിലും ലഹരിസംഘം ചുവടുറപ്പിച്ചിട്ടുണ്ട്.


അന്യസംസ്ഥാനങ്ങളിൽ നിന്ന് വൻതോതിൽ പാൻമസാലകളും കഞ്ചാവും ഗ്രാമീണമേഖലയിലേക്ക് ഒഴുകാൻ തുടങ്ങിയിട്ട് മാസങ്ങളേറെയാകുന്നു. അമിതലാഭം ലഭിക്കുന്നതിനാൽ യുവസംഘങ്ങൾ കഞ്ചാവ് വില്പനയ്ക്കായി പ്രധാന ജംഗ്ഷനുകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നുണ്ട്. പൊലീസും എക്സൈസും കിണഞ്ഞ് പരിശ്രമിച്ചിട്ടും ഇക്കൂട്ടരെ അമർച്ചചെയ്യാൻ സാധിച്ചിട്ടില്ല. കഞ്ചാവ് വില്പനക്കാരെ പിടികൂടണമെന്നാവശ്യപ്പെട്ട് അനവധി തവണ നാട്ടുകാർ പരാതി നൽകിയിട്ടും ഫലവുമുണ്ടായില്ല. പൊലീസും എക്സൈസും ചിലരെ പിടികൂടിയെങ്കിലും വില്പന തകൃതിയായി നടക്കുന്നുണ്ട്.

വിദ്യാർത്ഥികളും കുരുക്കിൽ
മലയോരമേഖലയിലെ മിക്ക സ്കൂൾ, കോളേജ് പരിസരങ്ങളിലും ലഹരിപദാർത്ഥങ്ങളുടെ വില്പനയുണ്ട്. വിദ്യാർത്ഥികളും യുവാക്കളുമാണ് കഞ്ചാവ് ലോബിയുടെ ഇഷ്ടക്കാർ. വിദ്യാർത്ഥികൾക്കിടയിൽ ലഹരി ഉപയോഗം വർദ്ധിച്ചതായി അധികൃതർക്ക് സൂചന ലഭിച്ചിട്ടുണ്ട്. വിദ്യാർത്ഥികളെ ചൂഷണം ചെയ്ത് കഞ്ചാവ് മാഫിയ കൈയിലാക്കിയിരിക്കുകയാണ്. മലയോരമേഖലയിലെ സ്കൂളുകളിൽ പ്രവർത്തിക്കുന്ന സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾ ലഹരിക്കെതിരെ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ട്.

ബൈക്കുകളിൽ കറങ്ങി കഞ്ചാവ് വില്പന
കഞ്ചാവ് വില്പനയ്ക്കായി യുവസംഘങ്ങൾ സജീവമാണ്. മികച്ച വരുമാനം ലഭിക്കുന്നതിനാൽ വില്പനനടത്തുന്നതിനായി ബൈക്കുകളുമായി യുവസംഘങ്ങൾ ചീറിപ്പായുകയാണ്. ഇവരുടെ ശല്യത്തിൽ വഴിനടക്കാനാകാത്ത അവസ്ഥയാണ്. കഞ്ചാവുമായി ബൈക്കിൽ കറങ്ങിനടന്ന് വില്പന നടത്തുന്നതിനിടയിൽ അനവധി യുവാക്കളെ എക്സൈസും, പൊലീസും പിടികൂടിയിരുന്നു.

സ്ത്രീകളും രംഗത്ത്

കഞ്ചാവ് സംഘം വില്പനയ്ക്കായി ചില മേഖലകളിൽ സ്ത്രീകളെയും കളത്തിലിറക്കിയിട്ടുണ്ട്. നിർദ്ധനരായ യുവതികളെയും പെൺകുട്ടികളെയും പണവും ലഹരിയും നൽകി ചൂഷണം നടത്തിയാണ് രംഗത്തിറക്കുന്നത്. അനവധി ആദിവാസിക്കുട്ടികളും ലഹരിമാഫിയയുടെ പിടിയിലായിട്ടുണ്ട്. കഞ്ചാവ് വില്പനയെ ചോദ്യം ചെയ്യുന്നവരെ ആക്രമിച്ച സംഭവവുമുണ്ടായിട്ടുണ്ട്.

തൊളിക്കോട്, വിതുര മേഖലയിൽ വർദ്ധിച്ചുവരുന്ന കഞ്ചാവ് വില്പനയ്ക്ക് തടയിടാൻ നടപടികൾ സ്വീകരിക്കണം. എക്സൈസും, പൊലീസും ചേർന്ന് റെയ്ഡ് ശക്തിപ്പെടുത്തണം.

ഇ.എം. നസീർ

കോൺഗ്രസ് വിതുരമണ്ഡലം പ്രസിഡന്റ്