വിഴിഞ്ഞം: തീരത്ത് സീസൺ അവസാനിച്ചതോടെ മത്സ്യ ലഭ്യത കുറഞ്ഞു,​ ഇതോടെ തീരം വറുതിയിലേക്കായി. ഇപ്പോൾ ധാരാളം ലഭിക്കേണ്ട പൊള്ളൽ ചൂര പേരിന് മാത്രം. ലഭിക്കുന്ന മീനിന് വിലയുമില്ലാത്തതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകാൻ മടിക്കുന്നു. വിഴിഞ്ഞത്തെ പരമ്പരാഗത മത്സ്യത്തൊഴിലാളികൾ കൊച്ചി, നീണ്ടകര തുടങ്ങിയ മേഖലകളിലേക്ക് ട്രോളർ ബോട്ടിൽ മത്സ്യബന്ധനത്തിന് പോയിത്തുടങ്ങി. സബ്സിഡി മണ്ണെണ്ണ ലഭിക്കാത്തതും തൊഴിലാളികളെ ബുദ്ധിമുട്ടിലാക്കുന്നു.

കൂടിയ വിലയ്ക്കാണ് മണ്ണെണ്ണ ഇവർ വാങ്ങുന്നത്. തീരക്കടലിൽ മത്സ്യമില്ലാത്ത അവസ്ഥയാണ്. തീരത്തുനിന്ന് മത്സ്യബന്ധനത്തിന് പോകുന്ന തൊഴിലാളികൾ നിരാശയോടെയാണ് മടങ്ങുന്നത്. കഴിഞ്ഞ ദിവസം കടലിൽ നിന്ന് വന്നവർക്ക് ചെലവ് കാശുപോലും കിട്ടിയില്ലെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. മണിക്കൂറുകളോളം ചൂണ്ടയിട്ടാലും കിട്ടുന്നത് കുറച്ചു മീനുകൾ മാത്രമാണ്. ഈ സമയത്ത് കൂടുതലും ചൂണ്ട ഉപയോഗിച്ചുള്ള മത്സ്യബന്ധനമാണ് നടക്കുന്നത്. മത്സ്യ ലഭ്യതയില്ലാത്തതിനാൽ വല വീശിയുള്ള മീൻ പിടിത്തമില്ല.

മത്സ്യം കിട്ടണമെങ്കിൽ 70 - 80 മൈൽ ഉള്ളിൽ പോകണം. എന്നാൽപോലും ചിലപ്പോൾ മീനൊന്നും ലഭിക്കാറില്ല. മത്സ്യലഭ്യത കുറഞ്ഞതോടെ തൊഴിലാളി കുടുംബങ്ങൾ പട്ടിണിയിലാണ്.

ഇന്ധനം, ആഹാരം, വെള്ളം എന്നിവയെല്ലാം വാങ്ങാനുള്ള തുകയുൾപ്പെടെ 8000ത്തോളം രൂപ ചെലവ് വരുന്നു. ഒരു വള്ളത്തിൽ കുറഞ്ഞത് 4 മുതൽ 6 പേർ വരെ പോകാറുണ്ട്. എന്നാൽ ലഭിക്കുന്ന മത്സ്യം വിറ്റുപോകുന്നത് തുച്ഛമായ തുകയ്ക്കാണ്. ചുരുക്കത്തിൽ ഒരു തവണ വള്ളം കടലിൽ പോകുമ്പോൾ ചെലവാകുന്ന തുക പോലും കിട്ടാറില്ല.

തീരത്ത് മത്സ്യം കുറഞ്ഞതോടെ അനുബന്ധ തൊഴിലും നിശ്ചലമായി. മത്സ്യക്കച്ചവടക്കാരായ സ്ത്രീകൾക്ക് ആവശ്യത്തിന് മത്സ്യം ലഭിക്കുന്നില്ല. ഉള്ളതിന് വൻ വിലയും. അതുകൊണ്ടുതന്നെ കുറച്ച് മത്സ്യം മാത്രമാണ് ഇവർ വാങ്ങുന്നത്.