
'മനസാ സ്മരാമി" എന്ന ആത്മകഥയിലൂടെ കേരളത്തിലെ കലാ, സാഹിത്യ, സാംസ്കാരിക മേഖലകളുടെ വശ്യസുന്ദരമായ നേർക്കാഴ്ചയാണ് പ്രൊഫ. എസ്. ഗുപ്തൻനായർ കൈരളിക്കു സമ്മാനിച്ചത്. സർവാദരണീയനായ ആചാര്യൻ, പ്രഭാഷകൻ, പ്രസാദാത്മക ശൈലിയുള്ള സാഹിത്യ നിരൂപകൻ, വിശ്വ സാഹിത്യകാരന്മാരെ മലയാളിക്ക് പരിചയപ്പെടുത്തിക്കൊടുത്ത ക്രാന്തദർശി, ഗായകൻ, നടൻ, നിഘണ്ടൂകാരൻ എന്നിങ്ങനെ കേരളത്തിന്റെ സാംസ്കാരിക രംഗത്ത് ജ്വലിച്ചുനിന്ന തേജസ്വിയായിരുന്നു പ്രൊഫസർ എസ്. ഗുപ്തൻനായർ. കുലീനതയും ആഭിജാത്യവും ലാളിത്യവും അദ്ദേഹത്തിന്റെ രചനകളുടെയും വ്യക്തിത്വത്തിന്റെയും മുഖമുദ്രകളാണ്.
'മനസാസ്മരാമി" എന്ന ആത്മകഥയിൽ, തനിക്ക് അടുത്തു പരിചയപ്പെടാൻ കഴിഞ്ഞ കുറച്ചു പേരെ അദ്ദേഹം സ്നേഹപൂർവം അനുസ്മരിക്കുന്നുണ്ട്. അതിൽ പ്രമുഖ സ്ഥാനമാണ് ഗുരു നിത്യചൈതന്യയതിക്ക് നൽകിയിട്ടുള്ളത്. 'ആദ്ധ്യാത്മിക നവോത്ഥാന ശില്പികൾ" എന്ന ഗ്രന്ഥമാണ് ഗുപ്തൻനായർ സാർ ഒടുവിൽ എഴുതി പൂർത്തിയാക്കിയത്. അതിൽ യതിയെക്കുറിച്ച് അദ്ദേഹം എഴുതുന്നു: 'അടുത്തുചെന്നവർക്കെല്ലാം സാന്ത്വനമരുളിയ നിത്യചൈതന്യ യതി മരണത്തിന്റെ നിത്യസാന്ത്വനം വരിച്ചത് 1999 മേയ് 14 നാണ്. നിത്യനെ അരനൂറ്റാണ്ടു മുൻപു തന്നെ പരിചയപ്പെടാൻ എനിക്ക് ഭാഗ്യമുണ്ടായി. അന്ന് അദ്ദേഹം 'ജയചന്ദ്രൻ" ആയിരുന്നു.
യൂണിവേഴ്സിറ്റി കോളേജിലെ ഫിലോസഫി വകുപ്പിൽ ഓണേഴ്സ് വിദ്യാർത്ഥിയായി ജയൻ ചേർന്നത് 1949-ലാണെന്ന് തോന്നുന്നു. 
മലയാള വകുപ്പിൽ ജോലി നോക്കുന്ന എനിക്കും ജയനും തമ്മിൽ ഔപചാരികമായ ഗുരുശിഷ്യ ബന്ധം ഒന്നും ഉണ്ടായിരുന്നില്ല. എങ്കിലും ഗുരുവിനു നൽകേണ്ട സ്നേഹവും ബഹുമാനവും അദ്ദേഹം എന്നും എനിക്ക് നൽകിപ്പോന്നു- എന്റെ വലിപ്പം കൊണ്ടല്ല, അദ്ദേഹത്തിന്റെ ഗുരുത്വം കൊണ്ട്. വേദാന്ത വിഷയങ്ങളിൽ അല്പം താത്പര്യമുള്ള ഒരു ജിജ്ഞാസുവാണ് ഞാനെന്ന് നിത്യൻ മനസ്സിലാക്കിയിരിക്കാം."
സ്മരണ തുടരുന്നു. 'ജയചന്ദ്രൻ എന്നാണ് യതിയുടെ സാക്ഷാൽ പേര്. യൂണിവേഴ്സിറ്റി കോളേജിൽ പഠിക്കുന്ന കാലം. അന്ന് ഞാൻ അവിടെ അദ്ധ്യാപകനാണ്. ഫിലോസഫി ഓണേഴ്സിനു പഠിക്കുന്ന ജയചന്ദ്രൻ ഔപചാരികമായി എന്റെ വിദ്യാർത്ഥിയല്ല. എങ്കിലും ഞങ്ങൾ പരിചയപ്പെട്ടു. 
കാഷായമുടുത്തു വരുന്ന ജയചന്ദ്രനോട് കോളേജിലെ ഇടതുപക്ഷ വിദ്യാർത്ഥികളിൽ ചിലർ പറഞ്ഞു- 'താൻ ഈ വേഷത്തിൽ കോളേജിൽ വന്നാൽ കളി മാറും!" ജയചന്ദ്രൻ അത് കേട്ടതായിപ്പോലും ഭാവിച്ചില്ല. താക്കീത് നൽകിയവരിൽ ഒരാൾ പിറ്റേദിവസം ജയചന്ദ്രനെ നേരിട്ടു. ജയചന്ദ്രൻ അയാളെ കൈകാര്യം ചെയ്യാൻ കൌഷെഡ്ഡിനു പിറകിലേക്ക് ബലാൽക്കാരമായി കൊണ്ടുപോകുമ്പോഴാണ് യാദൃച്ഛികമായി ഞാൻ അവിടെയെത്തിയത്. 'സാർ വന്നതുകൊണ്ട് നിന്നെ ഞാൻ ഇപ്പോൾ വെറുതെവിടുന്നു!" ജയചന്ദ്രൻ അയാളെ വെറുതെ വിട്ടു." (മനസാ സ്മരാമി)
അറിവിന്റെ വിവിധ മേഖലകളിൽ രണ്ടുപേർക്കും ഉണ്ടായിരുന്ന സജീവ താത്പര്യമാണ് അവർ തമ്മിലുള്ള ഗാഢബന്ധത്തിന് ഇടവരുത്തിയത്. ഗുപ്തൻനായർ സാർ ബാല്യം മുതൽ രാമകൃഷ്ണ മിഷനുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. സ്വാമി വിവേകാനന്ദന്റെ സമ്പൂർണ കൃതികൾ മലയാളത്തിലേക്ക് മൊഴിമാറ്റാൻ മുൻകൈയെടുക്കുകയും ചെയ്തിരുന്നു. ഇംഗ്ളീഷ് ഭാഷയിൽ നല്ല പ്രാഗത്ഭ്യം നേടിയിരുന്ന ഗുപ്തൻ നായർ സാറിനെ ഗുരുവായി കാണാനേ യതിക്ക് കഴിയുമായിരുന്നുള്ളൂ. 'ആദ്ധ്യാത്മിക നവോത്ഥാന ശില്പികൾ" എന്ന തന്റെ ഗ്രന്ഥത്തിൽ ഗുരു നിത്യചൈതന്യയതിയെക്കുറിച്ച് എഴുതിയ ലേഖനം ഇങ്ങനെ ഉപസംഹരിക്കുന്നു:
'ശാസ്ത്രം, കല, മതം എന്നീ മൂന്ന് ശിക്ഷണങ്ങളെയും ഒന്നുപോലെ വളർത്തിക്കൊണ്ടുവന്ന് എല്ലാറ്റിനെയും കാരുണ്യമെന്ന പരമമായ ലക്ഷ്യത്തിൽ വിലയിപ്പിച്ച ഒരു യോഗിയാണ് നിത്യ ചൈതന്യയതി. സ്നേഹത്തിന്റെ നിലയ്ക്കാത്ത പ്രവാഹം. അദമ്യമായ ജിജ്ഞാസയെ അന്ത്യശ്വാസം വരെ പരിപോഷിപ്പിച്ച അന്വേഷകൻ. ആത്മമുക്തിയേക്കാൾ സർവമുക്തി ആഗ്രഹിച്ച സുമനസ്സ്."
പ്രൊഫ. ഗുപ്തൻനായർ സാറാണ് ആഗമാനന്ദ സ്വാമികളുടെ വത്സല ശിഷ്യൻ എന്ന നിലയിൽ ഈ ലേഖകനെ നിത്യചൈതന്യയതിക്ക് പരിചയപ്പെടുത്തിക്കൊടുത്തത്. ആഗമാനന്ദ സ്വാമികളെക്കുറിച്ച് അത്യന്തം സ്നേഹാദരങ്ങളാണ് ഗുരു നിത്യചൈതന്യയതി പുലർത്തിയിരുന്നത്. 1996-ൽ ആഗമാനന്ദ സ്വാമികളുടെ ജന്മശതാബ്ദി ആഘോഷങ്ങൾക്ക് രൂപം നൽകിയപ്പോൾ, ആഘോഷ കമ്മിറ്റിയുടെ അദ്ധ്യക്ഷനായിരിക്കാൻ പ്രൊഫ. ഗുപ്തൻനായർ സന്തോഷപൂർവം സമ്മതം നൽകി.
ശ്രീനാരായണഗുരുവും ആഗമാനന്ദ സ്വാമികളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഈ ലേഖകൻ നാരായണ ഗുരുകുലത്തിന്റെ മുഖപത്രമായ 'ഗുരുകുല"ത്തിൽ എഴുതിയ ലേഖനങ്ങൾ പരിശോധിച്ച് അവതാരിക എഴുതിത്തന്നത് ഗുപ്തൻനായർ സാറാണ്. മുനി നാരായണ പ്രസാദ് സ്വാമിയുടെ മനോഹരമായ ഒരു ആശംസയോടെ 2003-ൽ 'നാരായണഗുരുവും ആഗമാനന്ദ സ്വാമികളും" എന്ന ഗ്രന്ഥം നാരായണ ഗുരുകുലമാണ് പ്രസിദ്ധീകരിച്ചത്. ഗുരുകുല കൺവെൻഷനിൽ സെമിറ്റിക് മതങ്ങളിലെ പ്രപഞ്ചദർശനം എന്ന വിഷയത്തിൽ ഒരു പ്രബന്ധം അവതരിപ്പിക്കാൻ ഈ ലേഖകനെ നിയോഗിച്ചപ്പോൾ, പ്രബന്ധത്തിൽ ഉൾപ്പെടുത്തേണ്ട അംശങ്ങൾ പറഞ്ഞുതന്നത് ഗുപ്തൻനായർ സാറായിരുന്നു.
1999 മേയ് 14- നാണ് ഗുരു നിത്യചൈതന്യയതി ഇഹലോകവാസം വെടിഞ്ഞത്. സമാധിയോടനുബന്ധിച്ച് ഗുരുകുലത്തിൽ നടന്ന പൂജകളിൽ ഗുപ്തൻനായർ സാറിനോടും പ്രൊഫ. വിഷ്ണുനാരായണൻ നമ്പൂതിരി സാറിനോടും ഒപ്പം ഈ ലേഖകനും പൂർണമായും സംബന്ധിച്ചിരുന്നു. ഗുരു നിത്യചൈതന്യയതിയോടെന്നപോലെ, മുനി നാരായണ പ്രസാദ് സ്വാമിയോടും അത്യന്തം സ്നേഹവാത്സല്യങ്ങളാണ് ഗുപ്തൻനായർ സാർ പുലർത്തിയിരുന്നത്.
നിത്യചൈതന്യയതിയുടെ സമാധിയെക്കുറിച്ച് അറിഞ്ഞപ്പോൾ ഗുപ്തൻനായർ സാറിന് അത്യന്തം വേദന അനുഭവപ്പെട്ടു.
ഗുരുവിന്റെ കൃതികളെല്ലാം അദ്ദേഹം അലമാരയിൽ നിന്ന് പുറത്തെടുത്തു. 50 മലയാളം പുസ്തകങ്ങളും 50 ഇംഗ്ളീഷ് പുസ്തകങ്ങളും അടുക്കി മേശപ്പുറത്തു വച്ചു. 'എന്റെ പ്രിയപ്പെട്ട ഗുരുനാഥന്" എന്ന് എഴുതി ഒപ്പിട്ടാണ് ഓരോ പുസ്തകവും ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നും അയച്ചുകൊടുത്തിരുന്നത്. ഇംഗ്ളീഷിലും മലയാളത്തിലും ഇത്ര അനായാസമായി ഗ്രന്ഥരചന നടത്താൻ കഴിവുള്ള ഒരാൾ ഗുരു നിത്യചൈതന്യയതി മാത്രം.
ഗുപ്തൻനായർ സാറിനടുത്ത് ഈ ലേഖകൻ ചെന്നു. ആത്മഗതമെന്നോണം അദ്ദേഹം പറഞ്ഞു: 'ഞാൻ മരിക്കുമ്പോൾ എന്നെക്കുറിച്ച് ജയചന്ദ്രൻ (യതി) എഴുതും എന്നാണ് ഞാൻ പ്രതീക്ഷിച്ചിരുന്നത്. ഇപ്പോൾ അദ്ദേഹത്തെക്കുറിച്ച് ഞാൻ എഴുതേണ്ടിവന്നു!" ഹിന്ദു ദിനപത്രത്തിൽ യതിയുടെ ജീവിത മഹത്വത്തെക്കുറിച്ച് ഗംഭീരമായ ഒരു ലേഖനം ഗുപ്തൻനായർ സാർ പ്രസിദ്ധീകരിച്ചു. അനശ്വരമായ ഒരു ഗുരുശിഷ്യ ബന്ധമാണ് അവർ തമ്മിൽ പുലർത്തിയിരുന്നത്.