a

തിരുവനന്തപുരം: ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച കടമുറികൾ വാടകയ്ക്ക് നൽകി പണം പിരിക്കാനും ലേലത്തിന് നൽകാനും നടപടികൾ സ്വീകരിക്കാത്തതിനാൽ ഭവന നിർമ്മാണ ബോർഡിന് (ഹൗസിംഗ് ബോർഡ്) നഷ്ടമാകുന്നത് കോടികൾ. കൾസൾട്ടൻസി ചാർജ് ഇനത്തിലും വാടക ഇനത്തിലും ഹൗസിംഗ് ബോർഡ് പിരിച്ചെടുക്കാനുള്ളത് 31.32 കോടിയാണ്. കൺസൾട്ടൻസി ചാർജ് ഇനത്തിൽ 13.2 കോടി. ഷോപ്പിംഗ് കോംപ്ലക്സുകൾ, റവന്യുടവർ എന്നിവിടങ്ങളിൽ നിന്ന് വാടകയിനത്തിൽ 18.12 കോടി രൂപ. 2022-23 വർഷത്തെ സർക്കാരിന്റെ ഓഡിറ്റ് റിപ്പോർട്ടിലാണ് ഇത് പരാമർശിക്കുന്നത്. ഇതിനു പുറമേയാണ് ലേലം ചെയ്യാത്തതുമൂലം പൂട്ടിക്കിടക്കുന്ന ഷോപ്പുകൾ.

സാമ്പത്തികനഷ്ടത്തിൽ നട്ടം തിരിയുമ്പോഴും പൂട്ടിക്കിടക്കുന്ന കടമുറികൾക്ക് ആവശ്യക്കാരെ കണ്ടെത്താൻ ഹൗസിംഗ് ബോർഡ് യാതൊന്നും ചെയ്യുന്നില്ല. പരസ്യം കണ്ടാണ് ആളുകൾ കടമുറികൾ വാടകയ്ക്കെടുക്കുന്നത്. പരസ്യം നൽകുന്നില്ല. കെട്ടിടങ്ങളുടെ മുന്നിൽ മുറികൾ വാടകയ്ക്ക് നൽകുമെന്ന ബാനറോ അറിയിപ്പോ പ്രദ‌ർശിപ്പിക്കുന്നുമില്ല. സർക്കാർ സ്ഥാപനങ്ങൾ വിവിധ കെട്ടിടങ്ങളുടെ നിർമ്മാണം ഹൗസിംഗ് ബോർഡിനെ ഏൽപ്പിക്കും. ഇത് വിവിധ ഘട്ടങ്ങളിലായി പൂർത്തിയാക്കി ബോർഡ് ബില്ല് സമർപ്പിക്കും. ഇങ്ങനെയാണ് കൺസൾട്ടസി ചാർജ് ലഭിക്കുന്നത്. ആശുപത്രികൾ, സ്മാർട്ട് വില്ലേജ് ഓഫീസ്, സ്കൂളുകൾ, ഗോഡൗൺ, പഞ്ചായത്ത് ഓഫീസ്, ഒ.പി ബ്ലോക്ക്, ലൈബ്രറി നിർമ്മാണം, ഹോസ്റ്റൽ നവീകരണം തുടങ്ങിയവയിൽ നിന്നാണ് കൺസൾട്ടൻസി ചാർജ് ലഭിക്കാനുള്ളത്. സിവിൽ സ്റ്റേഷൻ നിർമ്മാണം, കെട്ടിട നിർമ്മാണം, മെഡിക്കൽ ഉപകരണങ്ങൾ വാങ്ങൽ തുടങ്ങിയവയ്ക്ക് കിഫ്‌ബിയിൽ നിന്നും പണം ലഭിക്കാനുണ്ട്.

ബോർഡ് വക സ്ഥലങ്ങളിൽ പെട്രോൾ,ഡീസൽ ഔട്ലെറ്റുകൾ തുടങ്ങാൻ 2019ൽ തീരുമാനിച്ചെങ്കിലും ഇതുവരെ ആരംഭിച്ചിട്ടില്ല. എൻ.ഒ.സി ലഭിക്കുന്നതിനുള്ള കാലതാമസവും കടന്നുകയറ്റവുമാണ് കാരണം. ബോർഡിന്റെ ഔദ്യോഗിക വാഹനങ്ങൾ 2022-23 വർഷം പുകപരിശോധനയ്ക്കും വിധേയമാക്കിയിട്ടില്ല.

പാഴാവുന്നത് മികച്ച കെട്ടിടങ്ങൾ

ബില്ല് കൃത്യമായി നൽകാത്തതും പണം വാങ്ങിച്ചെടുക്കുന്നതിൽ കാര്യക്ഷമതയില്ലാത്തതുമാണ് പ്രശ്നം. മികച്ച സൗകര്യങ്ങളുള്ള ബഹുനിലമന്ദിരങ്ങളാണ് ഹൗസിംഗ് ബോ‌ർഡിന്റെ കെട്ടിടങ്ങളിലധികവും. ഹൗസിംഗ് ബോർഡ് നിർമ്മിച്ച് നൽകുന്ന കെട്ടിടങ്ങൾ വിവിധ വകുപ്പുകൾക്ക് കീഴിൽ വരുന്നവയാണ്. വകുപ്പുകൾക്ക് ഫണ്ട് ഇല്ലാത്തതും ഏകോപനമില്ലായ്മയും പ്രശ്നമാകുന്നു. ഉദ്യോഗസ്ഥരുടെ അപര്യാപ്തതയും അലംഭാവവും വെല്ലുവിളിയാകുന്നു.

പൂട്ടിക്കിടക്കുന്ന കടമുറികൾ

1. പട്ടത്തെ വ്യാപാര സമുച്ചയം

2. നെടുമങ്ങാട് റവന്യു ടവർ

3. പട്ടം സി.ആർ.സി

4. പി.ടി.പി നഗർ ഷോപ്പിംഗ് കോംപ്ലക്സ്

വാടക പിരിച്ചെടുക്കാത്ത കെട്ടിടങ്ങൾ

1. തിരുവമ്പാടി ഓഫീസ് കോംപ്ലക്സ്/ആലപ്പുഴ ഡിവിഷൻ

2.പനമ്പള്ളി നഗർ/എറണാകുളം ഡിവിഷൻ

3.കട്ടപ്പന ഷോപ്പിംഗ് കോംപ്ലക്സ്/ഇടുക്കി ഡിവിഷൻ

4.കൊമേഴ്സ്യൽ കോംപ്ലക്സ്/കഞ്ഞിക്കുഴി

(രണ്ട് ലിസ്റ്റും പൂർണമല്ല)