book

മനുഷ്യൻ ഉണ്ടായ കാലം മുതൽ അവനെ ഭയപ്പെടുത്തുകയും അമ്പരപ്പിക്കുകയും ഇല്ലാതാക്കുകയും ചെയ്യുന്ന പ്രതിഭാസമാണ് മരണം! മഹാഭാരതത്തിൽ യക്ഷപ്രശ്നം എന്നൊരു ഭാഗം പറയുന്നത്,​ ലോകാദ്ഭുതങ്ങളിൽ ഒന്നാമത്തേതാണ് മരണം എന്നാണ്. കാരണം മനുഷ്യൻ തനിക്കു ചുറ്റും നിത്യവും മരണം കാണുന്നുണ്ട്. ദുഃഖിക്കുകയും ചെയ്യുന്നുണ്ട്. പക്ഷേ ഒരിക്കൽ തനിക്കും അതു സംഭവിക്കുമെന്ന് തീർച്ചയുണ്ടെങ്കിൽപ്പോലും അവൻ ജീവിതം സന്തോഷത്തോടെ നയിച്ചുകൊണ്ടുപോകുന്നു. ഇതൊരു അദ്ഭുതമല്ലേ?

എന്റെ പ്രിയ സുഹൃത്ത് രാധാകൃഷ്ണ പണിക്കരുടെ പുതിയ പുസ്തകമാണ്,​ 'നിങ്ങളുടെ രഹസ്യം; എന്റേതും." പുസ്തകത്തിന്റെ ആമുഖത്തിൽ പ്രശസ്ത വാഗ്‌മിയും മുൻ ഡി.ജി.പിയുമായ ഡോ. അലക്സാണ്ടർ ജേക്കബ് പറയുന്നത് ശ്രദ്ധിക്കുക: 'ഇതൊരു അസാധാരണ ഗ്രന്ഥമാണ്. ആകാശത്തിനുമപ്പുറം എന്താണ്,​ യഥാർത്ഥത്തിൽ മരണമെന്ന പ്രക്രിയ എന്താണ്,​ മരണസമയത്ത് മനുഷ്യന് എന്താണ് സംഭവിക്കുന്നത്,​ മരണാനന്തരം എന്താണ് സംഭവിക്കുന്നത്.... തുടങ്ങിയ ചോദ്യങ്ങൾക്ക് ഈ ഗ്രന്ഥം മറുപടി നൽകുന്നു. അമേരിക്കയിലെയും യൂറോപ്പിലെയും അറിയപ്പെടുന്ന ശാസ്ത്രജ്ഞർ നടത്തിയ പരീക്ഷണങ്ങളുടെ ഫലങ്ങൾ അടങ്ങുന്ന 121 റഫറൻസുകൾ ശേഖരിച്ച്,​ കഴിഞ്ഞ നാലഞ്ചു ദശകങ്ങളായി സസൂക്ഷ്മം പഠിച്ചതിനു ശേഷമാണ് രാധാകൃഷ്ണപണിക്കർ ഈ ഗ്രന്ഥം തയ്യാറാക്കിയിരിക്കുന്നത്."

മരണാനന്തരം മനുഷ്യന് എന്തു സംഭവിക്കുന്നു എന്നറിയുന്നതിന് തൊണ്ണൂറുകളിൽ യു.കെയിൽ നടന്നത് അതിവിപുലമായ വിദഗ്ദ്ധ പരീക്ഷണങ്ങളാണ്. ഇംഗ്ളണ്ടിലെ സ്ക്കോൾ എന്ന സ്ഥലത്തു നടന്ന ഈ പരീക്ഷണങ്ങൾ 'Scol Experiments" എന്ന പേരിൽ പ്രസിദ്ധമാണ്. ബ്രിട്ടീഷ് ഗവൺമെന്റിന്റെ ഔദ്യോഗിക ശാസ്ത്രജ്ഞർ, നാസയുടെ പ്രതിനിധികൾ, നൊബേൽ സമ്മാനിതരായ ശാസ്ത്രജ്ഞർ, മനഃശാസ്ത്ര വിദഗ്ദ്ധർ, പുരോഹിതർ, യുക്തിവാദികൾ തുടങ്ങി അനേകം പേരുടെ സാന്നിദ്ധ്യത്തിലാണ് പരീക്ഷണങ്ങൾ നടന്നത്. ഇതിന്റെ ഫലങ്ങൾ യു.കെയിലെ പ്രമുഖ പത്രങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. ഭാരതീയർ വിശ്വസിച്ചുവരുന്ന മരണാനന്തര ജീവിതത്തിന്റെ വൈദികവും ഉപനിഷദികവുമായ അറിവുകളെ ശരിവയ്ക്കുന്നതാണ് ഈ പരീക്ഷണങ്ങളെന്ന് പറയേണ്ടിവരും!

കാരണം,​ മോക്ഷം എന്ന ഭാരതീയ സങ്കല്പം തന്നെ പുനർജന്മത്തിൽ നിന്നുള്ള മോചനമാണല്ലോ. മരിച്ചുകഴിഞ്ഞാൽ എല്ലാം അവസാനിക്കുന്നില്ലെന്നാണ് നമ്മുടെ ചിരപുരാതന വിശ്വാസം. മരണ നിമിഷങ്ങളിൽ ജീവികളിലെ ജീവനും ബുദ്ധിയും മനസും (ത്രിമൂർത്തികൾ) ഏകീകരിച്ച് 'പിതൃ" എന്നറിയപ്പെടുന്ന ഒരു അമൂർത്ത പ്രതിഭാസം ഉടലെടുക്കുന്നു. അത് ശരീരം വിട്ട് പുറത്തിറങ്ങി സ്വന്തം ജഡം കണ്ട് അല്പനേരം സ്തബ്ധനായി നിൽക്കയും,​ തനിക്ക് അതുമാമോ ബന്ധുക്കളുമായോ ഈ ലോകവുമായിപ്പോലുമോ ഇനി ഒരുവിധ സമ്പർക്കവും സാദ്ധ്യമല്ലെന്ന് സ്വയം ബോദ്ധ്യപ്പെടുകയും ചെയ്യുന്നു. (ഇതിന് പിതൃലോകത്തെ ഒരുദിവസവും,​ ഭൂലോകത്തെ ഒരുവർഷവും വേണ്ടിവരുമത്രെ, നമ്മുടെ ആദ്യ 16 ദിവസം പിതൃലോകത്തിന് അഞ്ചു മിനിട്ട് മാത്രം!)

അതോടെ 'പിതൃ" ചാന്ദ്ര രശ്മികളിലൂടെ സഞ്ചരിച്ച് ചന്ദ്രലോകത്തു പതിക്കുകയും,​ കർമ്മഗതിയനുസരിച്ചുള്ള സ്വർഗ,​ നരക സ്വപ്നങ്ങൾ കണ്ട് ഉറങ്ങുകയും ചെയ്യുന്നു. പാപ- പുണ്യ ശിഷ്ടം അവശേഷിക്കുന്നതനുസരിച്ച് വീണ്ടും ഭൂമിയിൽ സസ്യപരാഗ രേണുക്കളിൽ പതിച്ച് വിത്തായി,​ അതു ഭക്ഷിക്കുന്ന പക്ഷി മൃഗ മനുഷ്യ രേതസുകളിലെത്തി അനുയോജ്യ യോനിയിൽ പതിച്ച് പുനർജന്മം സ്വീകരിക്കുന്നു. ഈ പ്രക്രിയ മോക്ഷം ലഭിക്കുംവരെ ചാക്രികമായി തുടരും. മരണാനന്തര രഹസ്യം മാത്രമല്ല ഈ പുസ്തകത്തിന്റെ ഉള്ളടക്കം. ഭൗതിക ശാസ്ത്രത്തിൽ കണികാ സിദ്ധാന്തം (quantum theory) ആവിഷ്കരിക്കപ്പെട്ട ശേഷം ശാസ്ത്രത്തിന്റെ തത്വശാസ്ത്രം (Philosophy of science) ഏറെ മുന്നോട്ടുപോയതിന്റെ ചരിത്രം ഈ ഗ്രന്ഥത്തിൽ വായിക്കാം.

കാൾ പോപ്പറെ പോലുള്ള തത്വചിന്തകരുടെ കപടീകരണ സിദ്ധാന്തം (Falsification theory) പോലുള്ള ചിന്തകൾ ശാസ്ത്രത്തെയും മതത്തെയും സമരസപ്പെടുത്തുന്നതിൽ വലിയ പങ്കു വഹിച്ചിട്ടുണ്ട്. ശാസ്ത്രത്തിന്റെ അപ്രമാദിത്വം ഇന്ന് വിലപ്പോകാത്ത നാണയമായി മാറിയിരിക്കുന്നു. ഉത്തരാധുനിക ശാസ്ത്രം ചെന്നെത്തി നിൽക്കുന്ന പുതിയ മേഖലകളെപ്പറ്റിയെല്ലാം പുസ്തകം ചർച്ച ചെയ്യുന്നുണ്ട്. സുദീർഘമായ കാലയളവിനിടെ ശേഖരിച്ച വിവരങ്ങൾ കോർത്തിണക്കി മലയാളത്തിലും ഇംഗ്ളീഷിലുമായി പത്തോളം ഗ്രന്ഥങ്ങൾ പണിക്കർ പുറത്തിറക്കിയിട്ടുണ്ട്. അതിൽ ഏറ്റവും പുതിയതാണ് 'നിങ്ങളുടെ രഹസ്യം; എന്റേതും!"

(ഗ്രന്ഥകാരന്റെ ഇ-മെയിൽ: 4panicker@gmail.com)