1

പൂവാർ: കൈയെത്തും ദൂരത്ത് വെള്ളമുണ്ടായിട്ടും കുടിവെള്ളത്തിനായി നെട്ടോട്ടമോടുകയാണ് തീരദേശവാസികൾ. മത്സ്യത്തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന പൂവാർ കരുംകുളം, കോട്ടുകാൽ ഗ്രാമ
പഞ്ചായത്തുകളിലെ തീരപ്രദേശങ്ങളിലാണ് കുടിവെള്ളക്ഷാമം രൂക്ഷം. വില കൊടുത്താലും കുടിവെള്ളം കിട്ടാനില്ലെന്നാണ് അവർ പറയുന്നത്. ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസങ്ങളിലാണ് പബ്ലിക് ടാപ്പിൽ വെള്ളമെത്തുന്നത്. ഇപ്പോൾ അതും മുടങ്ങുന്നുണ്ട്.

ദൂരസ്ഥലങ്ങളിൽ നിന്നും വലിയ കന്നാസുകളിൽ കുടിവെള്ളം ശേഖരിച്ച് കൊണ്ടുവരുന്നവരും പ്രദേശത്തുണ്ട്. പൈപ്പ് പൊട്ടൽ വ്യാപകമാകുന്നതും പ്ലാന്റിൽ പമ്പിംഗ് നടക്കാത്തതുമാണ് കുടിവെള്ളക്ഷാമം രൂക്ഷമാകാൻ കാരണമായി അധികൃതർ പറയുന്നത്.

കോട്ടുകാൽ ഗ്രാമപഞ്ചായത്തിലെ അമ്പലത്തുമൂല,അടിമലത്തുറ, ബീച്ച് റോഡ് എന്നിവിടങ്ങളിൽ കഴിഞ്ഞ ഒരാഴ്ചയായി കുടിവെള്ളമില്ല. ചൊവ്വര,ചപ്പാത്ത്, മൂലക്കര എന്നീ പമ്പ് ഹൗസുകളിൽ നിന്നാണ് ഇവിടങ്ങളിൽ വെള്ളമെത്തുന്നത്. എന്നാൽ തീരപ്രദേശം ഒഴിച്ചുള്ള പ്രദേശങ്ങളിൽ കുടിവെള്ളം മുടങ്ങാറുമില്ല. ഇത് തീരദേശവാസികളോടുള്ള അവഗണനയാണെന്നാണ് ആരോപണം.

പ്രവർത്തിക്കാത്ത മോട്ടോറുകളും

കരിച്ചലിൽ പമ്പ് ഹൗസിൽ നിന്നാണ് കരുംകുളം പൂവാർ ഗ്രാമപഞ്ചാത്തുകളിലെ തീരമേഖലയിൽ കുടിവെള്ളമെത്തുന്നത്. ആഴ്ചയിൽ ഒരു ദിവസമെത്തുന്ന കരിച്ചലിലെ വെള്ളം പലപ്പോഴും ചെളിവെള്ളമാകാറുണ്ട്. ഇവിടെ ഒരു പമ്പ് മാത്രമാണ് പ്രവർത്തിക്കുന്നത്. 6 മോട്ടോറുകളും നിർജ്ജീവമാണ്. അവ മെയിന്റനൻസ് ചെയ്യാനും അധികൃതർ തയ്യാറായിട്ടില്ല. കരിച്ചലിൽ ആധുനിക സജ്ജീകരണങ്ങളോടെ ഒരു വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കണമെന്ന ആവശ്യത്തിനും തീരുമാനമായിട്ടില്ല.

ലക്ഷ്യം കാണാതെ പദ്ധതികളും

2000ൽ ആരംഭിച്ച കാവുംകുളം കുടിവെള്ള പദ്ധതി നടന്നില്ല. 2005ൽ ജില്ലാ പഞ്ചായത്ത് പുനരുജ്ജീവിപ്പിക്കാൻ നടത്തിയ ശ്രമവും വഴിത്തർക്കത്തെ തുടർന്ന് തടസപ്പെട്ടു. കരുംകുളം പഞ്ചായത്തിന്റെ 6 വാർഡുകൾക്ക് കുടിവെള്ളമെത്തിക്കാനുള്ള പദ്ധതിയാണ് ലക്ഷ്യം കാണാതെ പോയത്. കൊച്ചുതുറയിലേത് പോലുള്ള ചെറുകിട പദ്ധതികളും ലക്ഷ്യം കണ്ടില്ലെന്നാണ് ജനപ്രതിനിധികൾ പറയുന്നത്.

പൂവാർ ഗ്രാമപഞ്ചായത്തിൽ 2005ൽ ആരംഭിച്ച പയന്തി പമ്പ് ഹൗസിന്റെ പ്രയോജനം പ്രദേശത്തെ ഇരുപതോളം വീടുകൾക്ക് മാത്രമാണുള്ളത്. 15.92 കോടി മുടക്കി തിരുപുറത്ത് ആരംഭിച്ച കുമിളി വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ് പ്രവർത്തനം ആരംഭിച്ചെങ്കിലും കരുംകുളം പൂവാർ മേഖലകളിലെ ഉയർന്ന പ്രദേശങ്ങളിൽ മാത്രമാണെത്തുന്നത്. അതും ആഴ്ചയിൽ 3 ദിവസം. ആദ്യഘട്ടത്തിൽ കുമിളിയിലെ വെള്ളം പരണിയത്തെയും പൂവാറിലെയും ടാങ്കുകളിൽ എത്തിക്കാൻ നടത്തിയ ശ്രമം പരാജയപ്പെട്ടിരുന്നു.

പഴക്കമേറിയതും വലിപ്പക്കുറവുള്ളതുമായ പൈപ്പുകളാണ് നിലവിലുള്ളത്. വെള്ളം പമ്പിംഗ് തുടങ്ങിയപ്പോൾ പൈപ്പുകൾ പൊട്ടിയതോടെയാണ് ദൗത്യം ഉപേക്ഷിച്ചത്.

വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിച്ചും കാവുംകുളം കുടിവെള്ള പദ്ധതി പ്രാവർത്തികമാക്കിയും ചൊവ്വര, ചപ്പാത്ത്, മൂലക്കര, കൊച്ചുതുറ, പയന്തി പമ്പ് ഹൗസുകൾ കാര്യക്ഷമമാക്കുകയും ചെയ്താലേ തീരമേഖലയുടെ കുടിവെള്ളക്ഷാമത്തിന് പരിഹരമാകൂ എന്നാണ് വിദഗ്ദ്ധർ പറയുന്നത്.