
വർക്കല: കടലും കായലും ഒന്നിക്കുന്ന പ്രകൃതിയുടെ സൗന്ദര്യമാണ് കാപ്പിൽ തീരത്തെ മനോഹരമാക്കുന്നത്. പ്രകൃതിഭംഗി ആസ്വദിക്കാൻ നിത്യേന ഇവിടെയെത്തുന്നത് ആയിരക്കണക്കിനാളുകളാണ്. കാര്യമായ സുരക്ഷയോ അടിസ്ഥാന സൗകര്യങ്ങളോ ഇവിടെയില്ല. രാത്രികാലങ്ങളിൽ മതിയായ വെളിച്ചം ഉറപ്പുവരുത്തി അടിസ്ഥാന വികസനം ഒരുക്കുന്നതിനാവശ്യമായ നടപടികൾ കൈക്കൊള്ളാൻ അധികൃതരും തയ്യാറായിട്ടില്ല. അത്യന്തം ഭീകരാന്തരീക്ഷമാണ് വെളിച്ചമില്ലായ്മ മൂലം സഞ്ചാരികളിവിടെ അനുഭവിക്കുന്നത്. ക്രിമിനലിസം വളരാൻ പാകത്തിൽ കാപ്പിൽ ബീച്ചിനെ വളർത്തുന്നത് ലഹരി മാഫിയകൾക്ക് അനുകൂല സാഹചര്യം സൃഷ്ടിക്കാനാണെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. സുരക്ഷിതമായ ടൂറിസം വികസനത്തിൽ അധികൃതരുടെ ഇടപെടലുണ്ടാകണമെന്ന് പ്രാദേശിക സംഘടനകളും ആവശ്യമുയർത്തുന്നുണ്ട്.
ഇരുളടഞ്ഞ ടൂറിസം
പ്രധാന റോഡിൽ കെ.എസ്.ഇ.ബി സ്ഥാപിച്ചിട്ടുള്ള 25ഓളം വൈദ്യുതി പോസ്റ്റുകളിലെ ലൈറ്റുകൾ ഒന്നുപോലുമിപ്പോൾ പ്രകാശിക്കുന്നില്ല. കടൽത്തീരത്ത് സ്ഥാപിച്ചിട്ടുള്ള ഇരുപതോളം ഇരുമ്പ് വൈദ്യുത പോസ്റ്റുകൾ തുരുമ്പെടുത്ത് നശിച്ചു. ഇവയിൽ ലൈറ്റുകൾ ഒന്നുംതന്നെയില്ല.
ലഹരിലോബികൾ സജീവം
ഇരുട്ടുവീണാൽ ലഹരി വില്പനയും ഉപയോഗവും നിരവധിയാണെന്ന് നാട്ടുകാർ പറയുന്നു. പ്രധാന റോഡ് മുതൽ കാപ്പിൽ പൊഴിവരെയുള്ള മുക്കാൽ കിലോമീറ്റർ ദൂരത്തിൽ പലയിടങ്ങളിലായി ലഹരിലോബികൾ സജീവമാണ്. കമിതാക്കളായി ഇവിടേക്കെത്തി ലഹരി വില്പന നടത്തിയ സംഘത്തെ പൊലീസ് പിടികൂടിയ സംഭവവും സമീപകാലത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
സുരക്ഷയില്ലാതെ തീരം
രാത്രി വൈകിയും സഞ്ചാരികളെത്തുമെന്നത് കണക്കിലെടുത്തുകൊണ്ടുള്ള യാതൊരുവിധ സുരക്ഷാക്രമീകരണങ്ങളും ഇവിടെയില്ല. ആഭ്യന്തര ടൂറിസത്തിന്റെ ഭാഗമായി വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ഒട്ടനവധിപേർ ഇവിടെയെത്തുന്നുണ്ട്. കുടുംബമായി നിരവധി സഞ്ചാരികളെത്തുന്ന ഇവിടെ സാമൂഹ്യവിരുദ്ധശല്യവും വർദ്ധിച്ചിട്ടുണ്ട്. അയിരൂർ,പരവൂർ സ്റ്റേഷനുകളിലെ പൊലീസ് ജീപ്പുകൾ പ്രധാനറോഡിലൂടെ കടന്നുപോകുന്നതല്ലാതെ പ്രദേശത്ത് പട്രോളിംഗ് ഉൾപ്പെടെയുള്ള ഒരു സംവിധാനവുമില്ല. പൊലീസ് എയ്ഡ്പോസ്റ്റ് സംവിധാനം വേണമെന്ന നാട്ടുകാരുടെ ആവശ്യവും ഇതുവരെ പരിഗണിക്കപ്പെട്ടിട്ടില്ല.